DCBOOKS
Malayalam News Literature Website

‘ഇന്തോ-റോമന്‍വ്യാപാരം’- ഇന്ത്യന്‍ചരിത്ര വിജ്ഞാനീയ ശാഖയുടെ ഒരു നിര്‍മ്മിതി

രാജന്‍ ഗുരുക്കള്‍

പഴയ കാലത്ത് മദ്ധ്യധരണ്യാഴിയുടെ കിഴക്കുഭാഗത്തുകൂടിയുള്ള കടല്‍ വ്യാപാരത്തിന്റെ സ്വഭാവവും അതില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സമകാലിക സമൂഹങ്ങള്‍ വഹിച്ച പങ്കും മനസ്സിലാക്കാനുള്ള ഉദ്യമമാണ്
ഈ പുസ്തകം. ഇന്ത്യാ ഉപദ്വീപിന്റെയും ഈജിപ്തിന്റെയും കടല്‍ത്തീരത്തുനിന്ന് പുരാവസ്തു ഗവേഷകര്‍ ഏറ്റവും അടുത്ത കാലത്ത് കണ്ടെടുത്തവയടക്കമുള്ള നിലവിലുള്ളസ്രോതസ്സുകള്‍ ഇതുമായി ബന്ധപ്പെട്ട് കണക്കിലെടുത്തിട്ടുണ്ട്. അതിന്നനുസൃതമായി ഉപഭൂഖണ്ഡത്തിലെ ഭരണാധികാരികളും വ്യാപാരികളും നിര്‍വ്വഹിച്ച ദൗത്യത്തെക്കുറിച്ച് ദീര്‍ഘകാലമായി നിലനിന്നു പോരുന്ന ചില നിഗമനങ്ങളുടെ കാര്യത്തില്‍ ചരിത്രാഖ്യാനപരമായ ചില പുനരാലോചനകള്‍ അനിവാര്യമാവുകയും ചെയ്തു. ആദ്യകാല മദ്ധ്യപൗരസ്ത്യ വിനിമയബന്ധങ്ങളുടെ സമ്പദ് വ്യവസ്ഥാ രാഷ്ട്രീയത്തെ പരിശോധനാവിധേയമാക്കുകയും അതിനെ ഇന്ത്യന്‍ മേഖലകളിലെ, വിശേഷിച്ചും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിനിമയ സമ്പ്രദായങ്ങളോട് താരതമ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ ആദ്യകാല ഇന്ത്യന്‍ചരിത്ര വിജ്ഞാനീയ ശാഖയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ‘ഇന്തോ-റോമന്‍വ്യാപാരം’ എന്ന പ്രയോഗത്തെപുനസ്സന്ദര്‍ശനത്തിന് വിധേയമാക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഈ പഠനത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നത് ‘ഇന്തോ-റോമന്‍വ്യാപാരം’ ഇന്ത്യന്‍ ചരിത്ര വിജ്ഞാനീയ ശാഖയുടെ Textഒരു നിര്‍മ്മിതിയാണ് എന്നത്രേ. ദേശീയ വികാരങ്ങളുടെ ഐതിഹാസിക പ്രചോദനത്തിന്റെയും വ്യാപാരത്തെക്കുറിച്ചുള്ള നിയോ ക്ലാസ്സിക് അനുമാനങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞു വന്ന ഒന്നാണത്. ആദ്യകാല വ്യാപാരത്തിന്റെ ചരിത്രമെഴുതിയ ചരിത്രകാരന്മാര്‍ക്കിടയില്‍ ഉത്പാദനം, വിപണി, വിനിമയം എന്നിവയെക്കുറിച്ചുള്ള നിയോക്ലാസ്സിക്കല്‍ ധാരണകള്‍ പ്രാചീന കാലഘട്ടങ്ങളിലെ വിനിമയ രൂപങ്ങളുടെയും വിനിമയ സമ്പ്രദായങ്ങളുടെയും കാര്യത്തില്‍ പ്രസക്തമാണ് എന്ന വസ്തുതയ്ക്ക് സ്വീകാര്യത ഉണ്ടായിരുന്നില്ല. തദ്ഫലമായി സ്ഥലകാലങ്ങളില്‍ നിലനിന്നുപോന്ന സ്വയം സ്പഷ്ടമായ സംരംഭം എന്ന നിലയിലാണ് മിക്ക ചരിത്രകാരന്മാരും വ്യാപാരത്തെപ്പറ്റി എഴുതിയത്. ആദ്യകാല ഇന്ത്യയെക്കുറിച്ച് പഠനം നടത്തിയ വളരെക്കുറച്ച് ചരിത്രകാരന്മാര്‍മാത്രമേ വിനിമയ ബന്ധങ്ങളെ സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കാനും വ്യാപാരത്തെ ഇതര വിനിമയ രൂപങ്ങളില്‍നിന്ന് വേര്‍തിരിച്ചു കാണാനും താത്പര്യപ്പെട്ടിരുന്നുള്ളു എന്നാണ് തോന്നുന്നത്. ഈ കൃതി ഗ്രീക്കോ-റോമന്‍ വിനിമയങ്ങളെ മദ്ധ്യധരണ്യാഴി പ്രദേശങ്ങളിലെയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും പ്രതിഷ്ഠിക്കാനുള്ള ഒരു ഉദ്യമമാണ്. വിനിമയ ബന്ധങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പഠിച്ചു കഴിഞ്ഞപ്പോള്‍ ‘ഇന്തോ-റോമന്‍ വ്യാപാരം’ എന്നത് ഒരു തെറ്റായ സംജ്ഞയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ‘റോമന്‍-ഇന്ത്യന്‍ വ്യാപാരം’ എന്നതും തെറ്റായ സംജ്ഞതന്നെ.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പിഎച്ച്.ഡിക്കുവേണ്ടിയുള്ള ഗവേഷണ പഠനങ്ങളുമായി ബന്ധപ്പെട്ട് ആദ്യകാല ദക്ഷിണേന്ത്യയുടെ ചരിത്രസ്രോതസ്സുകളിലൂടെ കടന്നുപോയ കാലത്ത് ഞാന്‍ ഇതേക്കുറിച്ച്
ആലോചിച്ചിരുന്നു. തെക്കന്‍ തമിഴ്‌നാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ പഠിക്കുന്നതിന്നിടയില്‍ ബാഹ്യവും ആന്തരികവുമായ സാമ്പത്തിക പ്രക്രിയകളും വിനിമയ രൂപങ്ങളും പരിശോധിക്കാന്‍ എനിക്ക് ഇടയായി. മദ്ധ്യധരണ്യാഴി പ്രദേശത്തെ വ്യാപാരബന്ധങ്ങളെ അടിത്തറയാക്കിക്കൊണ്ടുള്ള പലപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന നാവിക സംസ്‌കാരവുമായി പൊരുത്തപ്പെട്ടുപോകുന്ന യാതൊന്നും അവയിലുണ്ടായിരുന്നില്ല. അന്നുമുതല്‍ ഈ സ്രോതസ്സുകള്‍ സൂക്ഷ്മമായി പുനഃപരിശോധന നടത്തുക
എന്നതായി എന്റെ താത്പര്യം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങള്‍ക്കുണ്ടായിരുന്ന നാവികബന്ധങ്ങളുടെ സ്വഭാവം മനസ്സിലാക്കുക എന്ന കാഴ്ചപ്പാടോടുകൂടിയായിരുന്നു ഈ പരിശോധന. ഈ അഭ്യാസത്തിന്റെ
ഏകീകൃതമായ പരിണതഫലമാണ് ഈ പുസ്തകം.

ഈ പുസ്തകമെഴുതുന്നതില്‍ എന്നെ സഹായിച്ച പല വിദഗ്ദ്ധരോടും എനിക്ക് കടപ്പാടുണ്ട്. അവരുടെ പണ്ഡിതോചിത പഠനങ്ങളില്ലായിരുന്നുവെങ്കില്‍ ഇതുപോലെയൊരു കൃതി സാധ്യമാവുകയില്ലായിരുന്നുവെന്ന് ഞാന്‍ ആദ്യമേതന്നെ പറയട്ടെ. റോമിലാ ഥാപ്പര്‍, ആര്‍. ചെമ്പകലക്ഷ്മി, ഷെരീന്‍ എ. രത്‌നഗര്‍ എന്നിവരുമായുള്ള ചര്‍ച്ചകളില്‍ നിന്ന് എനിക്ക് വലിയ ഉപകാരമുണ്ടായിട്ടുണ്ട്. രേഖാ സ്രോതസ്സുകളിലുള്ള തന്റെ അപൂര്‍വ്വ
പാണ്ഡിത്യത്തിനു പുറമേ ഭൂപടനിര്‍മ്മാണത്തിലുള്ള സാമര്‍ത്ഥ്യവും ഉദാരമായി എനിക്കുവേണ്ടി വിനിയോഗിച്ച വൈ. സുബ്ബരായലുവിനോട് എനിക്ക് പ്രത്യേകിച്ചും നന്ദിയുണ്ട്. അക്കാദമിക് രംഗത്ത് എന്റെ ദീര്‍ഘകാല കൂട്ടാളിയായ എം.ആര്‍. രാഘവ വാരിയര്‍ ഈ പുസ്തകമെഴുതുന്നതില്‍ എനിക്ക് ഗണനീയമായ സഹായം നല്‍കി. കൈയെഴുത്തുപ്രതി പരിശോധിച്ച് രചന മെച്ചപ്പെടുത്തുന്നതിന് വിലയേറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ
വെളുത്താട്ട് കേശവനോടും എനിക്ക് നന്ദിയുണ്ട്.

ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സമകാലിക പഠനകേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ രാഘവേന്ദ്ര ഗഡ്കര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡിറക്ടറായ ബി. ബല്‍റാം, തുടര്‍ന്നു വന്ന അനുരാഗ് കുമാര്‍ എന്നിവര്‍ വിസിറ്റിങ് പ്രൊഫസര്‍സ്ഥാനം നല്‍കി എന്നെ ആദരിച്ചവരാണ്. അതാണ് ഈ പുസ്തകമെഴുതാന്‍ എന്നെ പ്രാപ്തനാക്കിയത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.