DCBOOKS
Malayalam News Literature Website

ജല്ലിക്കട്ട് ഓസ്കാര്‍ പട്ടികയില്‍ നിന്നും പുറത്ത്

നിരൂപക ശ്രദ്ധ നേടിയ മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരുന്നത്. അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളിൽ ‘ജല്ലിക്കട്ട്’ ഇടം നേടിയില്ല.

ഇന്ത്യയിൽ നിന്നുള്ള ഹ്രസ്വ ചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലേക്കാണ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാർച്ച് ഒൻപത് വരെ നടക്കും. മാർച്ച് പതിനഞ്ചിന് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കും. 2021 ഏപ്രിൽ 25ന് ഓസ്കാർ പുരസ്‌കാര ദാനം നടക്കും.

രാജ്യാന്തര ചലച്ചിത്ര അവാർഡുകൾ അടക്കം നേടിയ ജല്ലിക്കട്ട് ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.  2020 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കിയിരുന്നു.

 

Comments are closed.