DCBOOKS
Malayalam News Literature Website

സാമ്പത്തിക സംവരണത്തോട് നീതി പുലര്‍ത്താനാവില്ല: രാമചന്ദ്രഗുഹ

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തോട് നീതി പുലര്‍ത്താനാവില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കായുള്ള സംവരണം തികച്ചും തെറ്റാണ്. രാജ്യത്തെ ഒരു പാര്‍ട്ടിയും ഈ ബില്ലിനെ എതിര്‍ക്കാതിരുന്നത് ദു:ഖകരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സാഹിത്യോത്സവത്തിന്റെ ആദ്യദിനം സമത്വത്തിലേക്കുള്ള ഇന്ത്യന്‍ പാത എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശശിതരൂരിന്റെ വാദം തികച്ചും തെറ്റാണ്. ശബരിമല വിഷയവും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്മയും ഒന്നാണ്. സമൂഹം ഇന്നും ദലിതരോടും സ്ത്രീകളോടും വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും തങ്ങളുടെ തത്വങ്ങളില്‍ മാത്രമാണ് സമത്വം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദലിതര്‍ക്കെതിരെയുള്ള വിവേചനം ഗ്രാമങ്ങളില്‍ മാത്രമാണെങ്കില്‍ നഗരത്തില്‍ ജീവിച്ച രോഹിത് വെമൂല അതിനെതിരെയുള്ള ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പില്‍ സ്ത്രീ ബിഷപ്പുമാര്‍ വരെയുള്ള സാഹചര്യത്തില്‍ ഇന്ത്യയിലെ മതങ്ങളൊന്നും സ്ത്രീ പുരോഹിതരെ അനുവദിക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ന് ഉള്ളതില്‍ അധികം സ്ത്രീ നേതാക്കള്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ആളുകള്‍ ജാതിയുടെ പേരിലാണ് അറിയപ്പെടുന്നതെന്ന് രാമചന്ദ്രഗുഹ പറഞ്ഞു. കെ.ടി ദിനേശന്‍ മോഡറേറ്ററായി.

Comments are closed.