DCBOOKS
Malayalam News Literature Website

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷതനെന്ന് ഇന്ത്യന്‍ നാവികസേന

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലായ ഒസിരിസ് ആണ് അഭിലാഷിനെ രക്ഷിച്ചത്. അഭിലാഷിനെ സുരക്ഷിതമായി കപ്പലിലെത്തിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. അഭിലാഷ് ബോധവാനാണെന്നും പ്രതികരിക്കുന്നുണ്ടെന്നും ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തിന് 3704 കിലോമീറ്റര്‍ അകലെ പായ്മരങ്ങള്‍ തകര്‍ന്ന്, പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകള്‍ ഉലയുന്ന നിലയിലായിരുന്നു തൂരിയ എന്ന പായ്‌വഞ്ചി. നടുവിന് പരുക്കേറ്റ് അനങ്ങാനാവാത്ത അവസ്ഥയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദ്ദിച്ചു പോയതായും അഭിലാഷ് ടോമി സന്ദേശം അയച്ചിരുന്നു.

അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ഒസിരിസ് എത്തിയെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ കപ്പലിന് സഞ്ചരിക്കാനായുള്ളൂ. ശനിയാഴ്ച ചെന്നൈയിലെ ആര്‍ക്കോണത്തു നിന്നും പുറപ്പെട്ട നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണവിമാനം പായ് വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരുന്നു. രാജ്യാന്തര കപ്പില്‍ച്ചാലില്‍ നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. മാത്രമല്ല, കപ്പല്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാത്രമേ ഇവിടെ സാധ്യമാവുകയും ഉള്ളൂ.

അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ട് വിദേശ നാവികരുടെയും പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം പേരാണ് ഈ പ്രയാണത്തില്‍ പങ്കെടുക്കുന്നത്.

Comments are closed.