DCBOOKS
Malayalam News Literature Website

ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറ് വരെ റിമാന്‍ഡ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്ക് മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം പൊലീസ് ബലമായി വാങ്ങിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പരാതിപ്പെട്ടു. അതിലെ മുടിയും മറ്റും ശേഖരിച്ച് പൊലീസ് വ്യാജമായി തെളിവുകള്‍ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

അതിനിടെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് ചെയ്തതിനെതിരെ ഫ്രാങ്കോയുടെ അഭിഭാഷകന്‍ ചോദ്യമുയര്‍ത്തി. എന്നാല്‍ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചല്ല അറസ്റ്റെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമുണ്ടോ എന്നും കോടതി ആരാഞ്ഞിരുന്നു.

Comments are closed.