DCBOOKS
Malayalam News Literature Website

ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചു; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് നല്‍കിയ തിരിച്ചടി സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിതലസമിതിയുടെ യോഗത്തിനു ശേഷം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കുള്ള പങ്കിന്റെ തെളിവുകള്‍ പലതവണ ഇന്ത്യ നല്‍കിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ വീണ്ടും ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതു മുന്‍കൂട്ടി കണ്ടാണ് തിരിച്ചടിച്ചതെന്ന് വിജയ് ഗോഖലെ പറഞ്ഞു.

ബാലാകോട്ടിലെ ഭീകരരുടെ ക്യാമ്പിന് നേരെയുണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ജയ്‌ഷെ കമാന്‍ഡറും പരിശീലനം ലഭിച്ച ഭീകരരുമുണ്ടായിരുന്നു. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് തകര്‍ക്കപ്പെട്ടത്. മസൂദ് അസ്ഹറിന്റെ സഹോദരീഭര്‍ത്താവ് മൗലാനാ യൂസഫ് അസറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ആള്‍പ്പാര്‍പ്പില്ലാത്ത കുന്നിന്‍മുകളിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ തന്നെയാണ് അവിടെ ആക്രമണം നടത്തിയതെന്നും വിജയ് ഗോഖലെ വ്യക്തമാക്കി.

Comments are closed.