DCBOOKS
Malayalam News Literature Website

‘ദലിതന്‍’; അസാധാരണമായ ഒരു ജീവിതയെഴുത്ത്

കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ.കൊച്ചിന്റെ അസാധാരണമായ ആത്മകഥയാണ് ദലിതന്‍. പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖ കൂടിയാണ് ഈ കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ദലിതന്റെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ദലിതന് കെ.കെ. ബാബുരാജ് എഴുതിയ ആമുഖത്തില്‍നിന്നും

ആപല്‍ക്കരമായി കര്‍മ്മം ചെയ്‌തൊരാള്‍

‘ആപല്‍ക്കരമായി ജീവിക്കുക’ എന്നു പറഞ്ഞത് നീഷേയാണ്. തത്ത്വചിന്തയുടെ ചരിത്രത്തില്‍ഇന്നു കാണുന്ന പല പ്രധാനപ്പെട്ട പേരുകളും മാഞ്ഞുപോയേക്കാം. എന്നാല്‍ ഏറ്റവുമൊടുവില്‍ വിസ്മരിക്കപ്പെടാന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നാണ് നീഷേയുടേത് എന്നു തോന്നുന്നു. വ്യവസ്ഥാപിതത്വത്തില്‍നിന്നും മുഴുവനായി പിടിവിട്ട ഒരു ചിന്തകനാണ് അദ്ദേഹമെന്നതാണ് ഇതിനു കാരണമായി പറയാവുന്നത്. നീഷേയുടെ ഈ വചനത്തെ ചെറിയ മാറ്റം വരുത്തി, ‘ആപല്‍ക്കരമായി കര്‍മ്മം ചെയ്യുക’എന്നൊരു പ്രമേയമായി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ലേഖനം 1986-ല്‍ കെ.കെ.കൊച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘മനുഷ്യവംശത്തിന്റെ ശൈശവം’എന്ന സങ്കല്പം വലിയൊരു സാന്ത്വനമായി തത്ത്വചിന്തയിലും സാഹിത്യത്തിലും ഉടനീളം കാണാം. വ്യവസ്ഥയില്‍നിന്നും പിടിവിടുക എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോഴാണ് വലിയ ചിന്തകര്‍പോലും ഇത്തരം സങ്കല്പങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതെന്ന് പറയാം.

മാര്‍ക്‌സ് മനുഷ്യവംശത്തിന്റെ ശൈശവമായി ഇതിഹാസങ്ങളെ കണ്ടു. വര്‍ത്തമാനകാലത്തെ ജ്ഞാനപരമായ പിളര്‍പ്പുകള്‍ക്കൊപ്പം ഒറ്റപ്പെടലും രാഷ്ട്രീയമായ പ്രതിസന്ധികളുമെല്ലാം ഉള്‍ച്ചേര്‍ന്നിരുന്ന തന്റെ ജീവിതത്തില്‍, യവനഇതിഹാസങ്ങളുടെയും ഷേക്‌സ്പിയറിന്റെയും ഗൊയ്ഥയുടെയുമെല്ലാം കൃതികളുടെ വായന വലിയ സാന്ത്വനമായിരുന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

ക്ലാസ്സിക്കുകളെ മനുഷ്യവംശത്തിന്റെ ശിശുത്വമായി കണ്ണിചേര്‍ക്കു ന്നതും അവയുടെ വായനയിലൂടെ വര്‍ത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്നതും അത്ര നിഷ്‌കളങ്കമല്ലെന്ന് സമകാലീനമായചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം സാന്ത്വനങ്ങള്‍ മിക്കപ്പോഴും സംസ്‌കാരത്തിന്റെ മേലടരുകളെ മാത്രമാണ് സ്ഥിരീകരിക്കുന്നതെന്നും അധീശത്വപരമായ ബോധങ്ങളും ചോദനകളും അവയുടെ ആസ്വാദനത്തില്‍ മാത്രമല്ല തിരഞ്ഞെടുപ്പുകളിലും ഉണ്ട് എന്നതും വാസ്തവമാണ്.

സ്വന്തം ജീവിതത്തിലെ ശൈശവം അടക്കമുള്ള ചില സന്ദര്‍ഭങ്ങളെ ഒരാള്‍ കഥയായി പറയാന്‍ ശ്രമിക്കുമ്പോള്‍, ആ അവസ്ഥകളെ ആ വ്യക്തിസാന്ത്വനമായി ആഘോഷിക്കുകയാണോ ചെയ്യുന്നത്? അതോ അയാള്‍/അവള്‍ സ്വന്തം മഹത്ത്വം വര്‍ണ്ണിക്കുകയാണോ ചെയ്യുന്നത്? മഹത്തായ ഭൂതകാലഓര്‍മ്മകള്‍ അയവിറക്കിത്തീരാത്തതിനാല്‍ മാത്രമല്ല, മാതൃഭൂമിപോലുള്ള ആനുകാലികങ്ങളിലൂടെ അവ വായിക്കാനായി പ്രതീക്ഷയോടെ കാത്തിരുന്ന ആസ്വാദകരും ഉണ്ടായതിനാലാണ് പി. കുഞ്ഞിരാമന്‍നായരെപ്പോലുള്ളവര്‍ നിരവധി ആത്മകഥകള്‍ എഴുതിയതെന്നു തോന്നുന്നു. കഥയെഴുത്ത് അവസാനിപ്പിക്കാന്‍ കഴിയാത്തതുമൂലമാകണം, വൈക്കം മുഹമ്മദ് ബഷീര്‍ അന്ത്യംവരെയും ആത്മകഥകള്‍ എഴുതുകയും പറഞ്ഞെഴുതിപ്പിക്കുകയും ചെയ്ത തെന്ന് കരുതാവുന്നതാണ്.

‘കഥ’ വളരെ കുറവുള്ള ഒരു ആത്മകഥയാണ് കെ.കെ. കൊച്ചിന്റേത്. ഒരു ദലിത് പൊതുവ്യക്തിത്വമായി അറിയപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹം കേരളത്തില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ വായിക്കപ്പെടുകയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഈ പുസ്തകത്തിന്റെ പ്രത്യേകത എന്നു പറയാവുന്നത് സ്വന്തമായ ആഖ്യാനപരതയില്‍ നിന്നുകൊണ്ട് ഒരു ദലിത് പൊതുവ്യക്തിത്വം മലയാളത്തില്‍ എഴുതിയ ആദ്യത്തെ ആത്മകഥയാണെന്നതാണ്. കല്ലേന്‍ പൊക്കുടനും സി.കെ. ജാനുവും സെലീന പ്രക്കാനവും വി.ഡി. ജോണുമെല്ലാം ആത്മകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മറ്റുള്ളവര്‍ പകര്‍ത്തിയെഴുതിയവ ആയിരുന്നു. ഇതില്‍ വി.ഡി ജോണിന്റെ ആത്മകഥ കേരളത്തില്‍ ഇനിയും ശക്തമായി സ്ഥാപിക്കപ്പെടേണ്ട ദലിത് ക്രൈസ്തവ വ്യവഹാരങ്ങള്‍ക്കു മുന്നോടിയായി ആ സമുദായത്തിലെ സുപ്രധാന വ്യക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. പൊക്കുടന്റെ ആത്മകഥ കേരളത്തിലെ പ്രകൃതിവാദസമരങ്ങളുമായി കണ്ണിചേര്‍ന്നു മാധ്യമശ്രദ്ധ നേടുകയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠന വിഷയവുമായിട്ടുണ്ട്.

സി.കെ. ജാനുവിന്റെയും സെലീന പ്രക്കാനത്തിന്റെയും ആത്മകഥകള്‍, കേരളത്തിലെ ദലിത്-ആദിവാസി ജനതയുടെ സാമുദായിക രാഷ്ട്രീയ വിഷയങ്ങളെ ഭൂമി/വിഭവാധികാര കേന്ദ്രമായി വ്യാഖ്യാനിക്കുക എന്ന അജണ്ടയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഇവയ്ക്ക് ഈ ജനതയുടെ ജീവിതാവസ്ഥകളിലേക്ക് മുഖ്യധാരയില്‍ നിന്നുള്ള കൗതുകനോട്ടം എന്നതിനപ്പുറം കടന്ന് എത്രമാത്രം പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നതു ചിന്തനീയമാണ്.

ഇതേസമയം, കെ.കെ. കൊച്ചിന്റെ ആത്മകഥയുടെ പ്രസക്തി നിര്‍ണ്ണയിക്കപ്പെടുക ദലിത് ജീവിതത്തിലേക്കുള്ള മുഖ്യധാരയുടെ കൗതുകനോട്ടം എന്ന നിലയിലോ; ഏതെങ്കിലും ഒറ്റ അജണ്ട കേന്ദ്രീകരിച്ചുള്ള മാധ്യമവല്‍ക്കരണത്തിന്റെ ഭാഗമായോ അല്ലെന്നു പറയാവുന്നതാണ്. മുമ്പേ സൂചിപ്പിച്ചതുപോലെ, മുഖ്യധാരയില്‍ സ്വന്തമായി ഇടമുണ്ടാവുകയും അവിടെ നിന്നുകൊണ്ടുതന്നെ ദലിത് പൊതുവ്യക്തിത്വമായി മാറുകയും ചെയ്ത ഒരാളാണ് ഇവിടെആത്മകഥ എഴുതിയിട്ടുള്ളത്. തന്മൂലം, അദ്ദേഹം ബോധപൂര്‍വ്വം തിരഞ്ഞെടുത്ത് നടത്തിയ സാമുദായിക പ്രവര്‍ത്തനത്തിന്റെ പ്രതിപാദനങ്ങളും ഓര്‍മ്മകളും ദൈനംദിന ചരിത്രാനുഭവമെന്ന നിലയില്‍ കൂടുതല്‍ തെളിമയുള്ളതായി മാറുന്നു. മാത്രമല്ല സമകാലീന ചരിത്രത്തിലെ മാഞ്ഞും മറഞ്ഞുംപോയ; ശകലിതങ്ങളെന്നു വിളിക്കാവുന്ന നിരവധി സംഭവങ്ങളും സമരങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളുംആശയലോകങ്ങളും ഇതിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നുമുണ്ട്. ഇതിനര്‍ത്ഥം; ദലിത് സമുദായമെന്ന സവിശേഷ ഇടത്തെയോ, പൊതുവിടത്തെയോ അല്ല നിരവധി ചെറുഇടങ്ങളെയാണ് ഈ ആത്മകഥ സന്നിഹിതമാക്കുന്നതെന്നാണ്. അതിനാല്‍തന്നെ സമകാലീന ചരിത്രത്തിലെ കീഴ്അടരുകളുടെ ഒരു റിക്കാര്‍ഡ് എന്നും പുതുകാല മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു പുസ്തകം എന്ന നിലയിലുമുള്ള തുടര്‍ജീവിതമായിരിക്കും ഇതിനുണ്ടാവുകയെന്ന് അനുമാനിക്കാവുന്നതാണ്.

കേരളത്തില്‍ ദലിത് വാദമെന്നോ അംബേദ്കറിസമെന്നോ വിളിക്കപ്പെടുന്ന വ്യവഹാരം വ്യത്യസ്തധാരകളും ഒട്ടേറെ സമുന്നത വ്യക്തികളും അടങ്ങുന്നതാണ്. അവര്‍ക്കിടയില്‍ കെ.കെ. കൊച്ചിന്റെ സ്ഥാനം എന്താണെന്ന് കണ്ടെത്തുന്നതിനുപരി അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അന്വേഷിക്കുന്നതാണ് ഇത്തരമൊരു ആമുഖത്തിന്റെ പ്രസക്തിയെന്നു തോന്നുന്നു. കേരളത്തില്‍ ദലിത് വാദമെന്നോഅംബേദ്കറിസമെന്നോ വിളിക്കപ്പെടുന്ന വ്യവഹാരം വ്യത്യസ്തധാരകളും ഒട്ടേറെ സമുന്നത വ്യക്തികളും അടങ്ങുന്നതാണ്. അവര്‍ക്കിടയില്‍ കെ.കെ. കൊച്ചിന്റെ സ്ഥാനം എന്താണെന്ന് കണ്ടെത്തുന്നതിനുപരി അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അന്വേഷിക്കുന്നതാണ് ഇത്തരമൊരു ആമുഖത്തിന്റെ പ്രസക്തിയെന്നു തോന്നുന്നു.

അതിനുമുമ്പ്, ദലിതര്‍പോലുള്ള അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും വരുന്നവരുടെ ആത്മകഥകളില്‍ പൊതുവായി കാണപ്പെടുന്നവ എന്താണെന്നു നോക്കേണ്ടതുണ്ട്. ഇത്തരം ആത്മകഥകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെ ചരിത്രത്തിലെ സ്ഥിരീകരിക്കപ്പെട്ട ഏക ഭാഷകവ്യവസ്ഥയ്ക്ക് വിള്ളലേല്ക്കുകയും പൊതുബോധം സംഘര്‍ഷഭരിതമായി മാറുന്നതായും കാണാന്‍കഴിയും. ഇവയില്‍ മേലാളരോട്, അധികാരികളോട്, ആണുങ്ങളോടുള്ള തര്‍ക്കങ്ങളുണ്ട്. ആരില്‍ നിന്നും ഒട്ടും കുറഞ്ഞവരല്ല തങ്ങളെന്ന അവകാശബോധവും ഉണ്ട്. തങ്ങളുടെ അതേ സ്ഥിതിയിലുള്ളവരോട് കാണിക്കുന്ന പാരസ്പര്യമുണ്ട്. തീവ്രവും വൈകാരികവുമായ സ്‌നേഹപ്രകടനങ്ങളുണ്ട്. ചുരുക്കത്തില്‍, നിലനില്‍ക്കുന്ന സമയബോധത്തില്‍ മറ്റൊരു സമയം തുറന്നിടുന്നവയാണ് കീഴാളരുടെ ആത്മകഥകള്‍…

 

Comments are closed.