DCBOOKS
Malayalam News Literature Website

ഇന്ന് ഹോളി; നിറങ്ങളുടെ ഉത്സവലഹരിയില്‍ രാജ്യം

നിറങ്ങളുടെ ഉത്സവം, വസന്തോത്സവം അങ്ങനെ ഹോളിയെപ്പറ്റി നിരവധി വിശേഷണങ്ങളാണുള്ളത്. രാജ്യം ഇന്ന് ഹോളി ആഘോഷിക്കുകയാണ്. തിന്മയുടെ മേല്‍ നന്മ വിജയം നേടുന്നുവെന്നതിന്റെ സൂചന നല്‍കിയാണ് ഓരോ വര്‍ഷവും ഹോളി ആഘോഷിക്കുന്നത്.

നേരത്തെ ഉത്തരേന്ത്യയില്‍ മാത്രം വലിയതോതില്‍ ആഘോഷിച്ചു വന്നിരുന്ന ഹോളി ഇന്ന് കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം ആഘോഷിച്ചുവരുന്നു.

വര്‍ണങ്ങള്‍ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല . ചരിത്രപ്രധാന്യമായ ഒരു കഥ തന്നെയാണ് ഹോളിക്ക് പിന്നിലുള്ളത്.

ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ്. ഹോളി എന്ന വാക്കുണ്ടായത്. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനും മഹാവിഷ്ണുവിന്റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്‌ളാദന്‍ ഇതിന് തയ്യാറായില്ല.

സ്വന്തം പുത്രനോടുള്ള സ്‌നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹഌദന്റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്റെ സഹോദരിയായ ഹോളികയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്‌നികുണ്ഠത്തിന് നടുവില്‍ പ്രഹ്‌ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ഹോളികയോട് ആജ്ഞാപിച്ചു.

അഗ്നിനി ജ്വലിപ്പിച്ചു പ്രഹ്‌ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്‌ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്റെ നിഷ്‌കളങ്കതയുമാണ് പ്രഹ്‌ളാദനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്.

നന്മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍ വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവം പിറ്റെന്നാണ് ഇങ്ങനെ രണ്ട്
ദിവസമാണ് ഹോളി ആഘോഷിക്കാറ്.

ഹോളിക്ക് മറ്റൊരു കഥ കൂടി ഉണ്ട്. ശ്രീകൃഷ്ണന്‍ തന്റെ ഗോപികമാരോടൊപ്പം കളിക്കുന്നതിന്റെ സ്മൃതി കൂടിയാണ് ഹോളിയെന്ന്. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായി കഥകള്‍ പറയുന്നു. ആഹ്‌ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളി ഉത്സവം.

പരസ്പരം നിറങ്ങള്‍ വാരിവിതറുമ്പോള്‍ ശത്രുത ഇല്ലാതാകുമെന്നും ഒരു വിശ്വാസമുണ്ട്.
ശത്രുതയില്ലാത്ത, മതങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന് വില്‍ കല്‍പിക്കുന്ന ഒരു സമൂഹം ഉണ്ടാകട്ടെ. ഏവര്‍ക്കും ഹോളി ആശംസകള്‍.

Comments are closed.