DCBOOKS
Malayalam News Literature Website

ദ ഗ്രേറ്റ് ‘ഇന്ത്യന്‍ പൂച്ച’

സുനു എ.വി-യുടെ ‘ഇന്ത്യൻ പൂച്ച’എന്ന കഥാസമാഹാരത്തിന് സജി കെ. എഴുതിയ വായനാനുഭവം.

ശാഖകളും ഉപശാഖകളും എണ്ണാൻ കഴിയാത്ത ഇലകളും പൂക്കളും കായ്കളുമായി ശക്തമായ തായ് വേരോടും കൂടി മലയാള ചെറുകഥ വളർന്നു കൊണ്ടേയിരിക്കുകയാണ്. ഓരോ പുതിയ കഥാകാരനും വിനിമയത്തിലും പ്രമേയത്തിലും ഭാഷയിലും വ്യത്യസ്തത വരുത്തിക്കൊണ്ട് ചെറുകഥാ സാഹിത്യത്തിൽ പുതിയ അടയാളപ്പെടുത്തൽ ആകുന്നു. സംഭവങ്ങളിലും കഥാപാത്രങ്ങളിലും വൈകാരികാശംങ്ങളിലും  സൂക്ഷ്മ ഗ്രാഹികളായി വിനിമയത്തിൻ്റെ പുത്തൻ സാധ്യതകളെ മനോഹരമായി  ആവിഷ്കരിക്കുകയും ചെയ്യുന്ന കഥാകാരനാണ് സുനു  എ വി . ബാഹ്യ വായനയ്ക്ക് പെട്ടന്ന് പിടികൊടുക്കാത്ത വൈരുദ്ധ്യ സംഘട്ടനങ്ങളുടെ നൈരന്തര്യമാണ് സുനുവിൻ്റെ കഥകളുടെ പൊതു സ്വഭാവം . തന്നെ പിൻതുടരുന്ന ആപത്തിൽ നിന്ന് രക്ഷപ്പെടാൻ നിരന്തരം ഓടിക്കൊണ്ടേയിരിക്കുന്ന ഗ്രീക്ക് മിത്തിക്കൽ രൂപമായ ഇയോവിനെ പോലെ സുനുവിൻ്റെ കഥാപാത്രങ്ങൾ വായനക്കാരൻ്റെ മനസ്സിൽ നിരന്തര ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കും . വിശപ്പ് , നിരപരാധിത്തം , പ്രണയം , ഫ്യൂഡലിസത്തിൻ്റെ താൻപോരിമയും ഒരേ കഥയിൽ തന്നെ നിരന്തര സംഘട്ടനാത്മകത ഒരുക്കാനുള്ള കഥാ കൃത്തിൻ്റെ കഴിവ് പ്രശംസനീയം തന്നെ . ആദ്യ കഥാസമാഹാരമായ ‘ ഇൻഡ്യൻ പൂച്ചയു” ടെ വരവോടെ കഥാ ചരിത്രത്തിൽ പുതുതലമുറയിലെ ശക്തമായ സാന്നിദ്ധ്യമായി സുനു എ.വി മാറിക്കഴിഞ്ഞു.

തെരുവിൽ വളർന്നൊരു നായയെ ജയിൽ പുളളികൾക്കൊപ്പം വളർത്തുകയും അവൻ അതിനുളളിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൽ ജയിൽപ്പുള്ളികൾക്കുള്ള അമർഷവും വ്യക്തമാക്കുന്ന കഥയായിരുന്നല്ലോ ബഷീറിൻ്റെ ടൈഗർ .  ആന്ത്രോപ്രോമോർഫിക്ക് പ്രസൻ്റേഷൻ വരുന്ന മലയാള ചെറുകഥകൾ നിരവധിയാണ്. സുനു എ വി യുടെ ഇൻഡ്യൻ പൂച്ച എന്ന കഥാസമാഹാരത്തിലെ എല്ലാ കഥകളിലും ഒരു മൃഗമോ ജീവിയോ കഥയെ നിയന്ത്രിക്കുന്ന താക്കോൽ രൂപമായി കടന്നു വരുന്നു എന്നതാണ് പ്രധാന പ്രത്യേകത.

അബൂബേക്കർ അടപ്രഥമൻ എന്ന കഥ ഒരു പലായനത്തിൻ്റേയും തിരിച്ചു വരവിൻ്റേയും കഥയാണ്. എന്നാൽ കെട്ടിയിട്ടാൽ ശാന്തനാകുന്നവനും ചങ്ങല അഴിച്ചാൽ രൗദ്രഭാവത്തിലേയ്ക്കും മാറുന്ന ഹനീഫ എന്നൊരു നായയുണ്ട് ഈ കഥയിൽ . ഇതിനെ അബൂബേക്കറിന് ലഭിച്ചത് പുരുഷോത്തം ത്യാഗി എന്ന സന്യാസിയിൽ നിന്നാണ്. കഥയുടെ അന്തർധാര ഇൻഡ്യൻ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു കയറി പൗരജീവിതത്തിൻ്റെ തനത് Textചലനങ്ങളെ കലുഷിതമാക്കുന്ന അവസ്ഥകളെ ഓർമ്മിപ്പിക്കുന്നുണ്ട്. അഴിച്ചു വിട്ടാൽ ഭ്രാന്തമാകുന്ന മതബോധത്താൽ കലങ്ങി മറിഞ്ഞതാണല്ലോ സമകാലിക ഇൻഡ്യൻ ജീവിതം . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥമായി കൊണ്ടിരിക്കുന്ന മതബോധത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായി അബൂബക്കറിനെ അവതരിപ്പിച്ചത് ദീർഘമല്ലാത്ത ഒരു ചരിത്രത്തെ അപനിർമ്മിക്കാൻ വേണ്ടി തന്നെയാകണം .  നായ എന്ന മൃഗം തന്നെ ഇസ്ലാമുകൾക്ക് ‘നജസാ ‘ കവേ ഹനീഫ എന്ന് പേരിട്ട ഒരു നായയെ വളർത്തുകയും അതിൻ്റെ രോമങ്ങളെ തൻ്റെ താടിയോടൊപ്പം തടവുകയും ചെയ്യുന്ന അബൂബക്കർ തന്നെയാണ് അബൂബക്കർ അടപ്രഥമൻ എന്ന ഉല്പന്നം വിപണിയിൽ ഇറക്കാൻ ശ്രമിക്കുന്നതും . ഇത് തന്നെയാണ് മാർക്സിയൻ സിദ്ധാന്തത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദവും (Dialectical meterialism)  പ്രകൃതിയിലേയും സമൂഹത്തിലേയും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ നിലനില്ക്കാനും വളരാനും ശ്രമിക്കുന്നു  . വിപരീതങ്ങളുടെ ഐക്യമത്യം (Unity of opposite) സൃഷ്ടിക്കാൻ ശ്രമിക്കുന്നതിലൂടെ അബുബക്കർ അടപ്രഥമനിൽ മതപരമായ രാഷ്ട്രീയമായ ചില അസമത്വങ്ങൾക്ക് ഉത്തരം തേടാനുള്ള ശ്രമമാണ് . ഹരി നാരായണൻ എന്ന പരസ്യക്കമ്പനി തൊഴിലാളിയ്ക്ക് ഷഹനാസിനെ നഷ്ടപ്പെടുന്നതും , പ്രണയകാലത്ത് മതകലാപത്തിൽ അച്ഛൻ്റെ കാഴ്ച നഷ്ടപ്പെടുന്നതും അവളുടെ ബാപ്പയുടെ മുൻ വരിയിലെ പല്ലുകൾ ഇളകിപ്പോകുന്നതും വിപരീത ധ്രുവങ്ങളിൽ മതബോധത്തിൻ്റെ സ്നേഹചേഷ്ടകൾ നില്ക്കുന്നത് കൊണ്ടാണ്. ഉത്തർപ്രദേശ് ഗ്രാമത്തിലെ ലക്ഷ്മി ആചാര്യ എന്ന കുട്ടി വീട്ടിൽ ഖുറാൻ വരികൾ പറയുന്നതിൽ ആരംഭിക്കുന്ന കലാപം നിരവധി പേരുടെ മരണത്തിനും പലായനത്തിനും കാരണമാകുന്നതിൻ്റെ തുടർച്ച തന്നെയാണ് ഷഹ്നാസ് ഹരി നാരായന്മാർക്ക് സംഭവിക്കുന്നതും . ദേശ ഭേദമില്ലാതെ അതിതീവ്ര മതചിന്ത വ്യാപിക്കുന്നതിൻ്റെ സൂചന തന്നെയാണ് സുനു അവതരിപ്പിക്കുന്നത്.

വിശപ്പ് , ദേശീയത , സങ്കുചിത മതബോധം എന്നതു തന്നെയാണ് ഇൻഡ്യൻ പൂച്ച എന്ന കഥയിലേയും വിഷയം . നേരത്തേ സൂചിപ്പിച്ച പോലെ ഇവിടെ ഒരു പൂച്ച പ്രധാന കഥാപാത്രമാകുന്നു. 2003 ലെ ഇൻഡ്യാ പാകിസ്ഥാൻ വേൾഡ് കപ്പ് സെമി ഫൈനൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ വൈകാരികതയിലേയ്ക്ക് നയിച്ച സംഭവമായിരുന്നു . ക്രിക്കറ്റിലെ എറിഞ്ഞു വീഴ്ത്തലും അടിച്ചു പറത്തലും തമ്മിലുള്ള സംഘർഷം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിച്ചിരുന്നു. ഇവർ ഒരുമിക്കുന്ന ഒരു സ്വതന്ത്രയിടം രണ്ടു പേരുടേയും അഭയാർത്ഥി ക്യാമ്പാകുന്നു. ഒരു മതിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയാകുകയും തൊഴിലിടത്ത് ഒരുമിക്കുന്നവർ താമസസ്ഥലത്ത് രണ്ട് രാജ്യങ്ങളായി തീരുകയും ചെയ്യുന്നു എന്നതാണ്. തികഞ്ഞ സോഷ്യലിസ്റ്റുകൾ പോലും മത ഭ്രാന്ധന്മാരാകുന്ന ഇടങ്ങളാണ് ഗൾഫിലെ ലേബർ ക്യാമ്പുകൾ . ഒരു മനുഷ്യനും പൂച്ചയും ഇവിടെ അഭയാർത്ഥികളാകുന്നു. മൃഗമെന്ന നിലയ്ക്ക് രണ്ടിടങ്ങളിലും സ്വതന്ത്ര സഞ്ചാരത്തിന് പൂച്ചയ്ക്ക് പ്രയാസമില്ല എന്നതാണ് കഥയിലെ പരിഹാസം . വ്യക്തിയുടെ മാനസിക വ്യാപാരമനുസരിച്ച് പൂച്ചയുടെ പേര് ബീരാൻകുട്ടിയെന്നും കൃഷ്ണൻ നായരെന്നും അനീറ്റയെന്നുമാകുന്നു . എന്നാൽ മനുഷ്യനിലെ പേര് അവൻ്റെ മതചിഹ്നമാകുന്നു. വർഗ്ഗ വിഭജനത്തിലെ മനുഷ്യ ബോധം പ്രകൃതി ബോധത്തിൽ നിന്ന് വളരെയകലെയാണന്ന വായനയിലേയ്ക്കാണ് സുനുവിൻ്റെ ഈ കഥ കയറുന്നത്

സുനുവിൻ്റെ കഥകളിൽ നിരന്തരം കടന്നു വരുന്ന ബിംബമാണ് അടുക്കള . മൃഗത്തെ പോലെ തന്നെ അടുക്കളയോ ,ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളോ നിരന്തരമായി കഥയിൽ കടന്നു വരുന്നു.  ദാരിദ്യത്തിൻ്റേയും പ്രണയത്തിൻ്റേയും ബിംബമായി ഒരു പോലെ ഒരുയിടത്തെ ഉപയോഗിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല . ഇൻഡ്യൻ പൂച്ചയിലെ അടുക്കള അഭയാർത്ഥിയുടേയും വിശപ്പിൻ്റേയും പ്രതീകമാണങ്കിൽ ശീതയുദ്ധത്തിലെ അടുക്കള പ്രണയത്തിൻ്റേതാണ് . പുരാതന ചേര, മിത്തും ചരിത്രവും എന്നതിൽ കാമത്തിൻ്റേതു കൂടിയാകുന്നു , ഈജിപ്ഷ്യൻ മമ്മിയും പെൺപ്രതിമയും എന്ന കഥയിലാകട്ടെ അത് നിലനില്പിൻ്റെ താണ്.

പ്രണയത്തിന് മനസ്സും ശരീരവും എന്ന് രണ്ട് ഭാഗങ്ങളുണ്ട് . പരസ്പര പൂരകങ്ങളായ ഇവയിലെ ഗൂഢഭാവങ്ങളെ കഥാപാത്രത്തിന് പുറത്ത് ചിത്രീകരിക്കുന്ന കഥകൾ ഈ സമാഹാരത്തിൽ ഉണ്ട്. ഫ്യൂഡൽ , മതപാരമ്പര്യങ്ങൾക്ക് പ്രണയത്തോട് വെറുപ്പ് കലർന്ന അകല്ച്ചയാണ് ഉള്ളത്. പരസ്പര പൂരകങ്ങളല്ലാത്ത ബന്ധത്തെ (വൈരുദ്ധ്യത്തെ) അവതരിപ്പിക്കുന്ന കഥകളാണ് അബൂബക്കർ അടപ്രഥമൽ ശീതയുദ്ധം എന്നിവ . മതബോധാ ധിഷ്ഠിതമായ ഫ്യൂഡലുകളുടെ പൊതുബോധം കാർക്കശ്യത്തിൻ്റേതാണ്. പുരക്ഷേപണ സ്വഭാവമുള്ള പ്രകടനങ്ങൾക്ക് നിശബ്ദരായ അനുചരന്മാരുടെ സാന്നിദ്ധ്യം അവർ ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിൻ്റേയും മാടമ്പിത്തത്തിൻ്റേയും താൻപോരിമയുടേയും ഗൂഢമായ ലഹരി അന്യരെ അടിച്ചമർത്തി തൻ്റെ കീഴിലാക്കുന്നതിലൂടെ അവർ അനുഭവിക്കുന്നു. ശീതയുദ്ധമെന്ന കഥയിലെ അപ്പു മാഷ് ഇപ്രകാരമൊരു ‘ഉത്തമപുരുഷ’ നാണ് . ഭാര്യ പത്മയെ അവളിലെ എല്ലാ ആനന്ദമാർഗ്ഗങ്ങളേയും തമസ്കരിച്ച് ഇല്ലായ്മ ചെയ്യുന്ന പുരുഷൻ . അവസരോചിതമായ പത്മയുടെ പ്രതികാരത്തിൻ്റെ ഗൂഢമായ ആനന്ദവിരേചനമാണ് ശീതയുദ്ധമെന്ന കഥ. ചിറകിലല്ലങ്കിലും പറക്കാൻ ശ്രമിക്കുന്ന ഒരു പക്ഷിയുടെ ചിത്രം അമർത്തപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രതീകം കൂടിയാകുന്നു.  രൂക്ഷഗന്ധങ്ങളേയും കടുത്ത നിറത്തേയും ഇഷ്ടമില്ലാത്ത അപ്പു മാഷിന് പ്യൂൺ ഭരതനെപ്പോലെ അനുസരണാ ശീലമുള്ള വ്യക്തികളോടാണ് ഇഷ്ടം. കലാകാരനായ അഭിജിത്തിനോടും , പാർട്ടിയ്ക്കു വേണ്ടി കൊടിപിടിക്കാനിറങ്ങിയ അച്യുതനോടും വെറുപ്പാണ് . പുരക്ഷേപണത്തിൻ്റെ ജീവിതബോധത്തെ ഉൾക്കൊണ്ട് സാമൂഹിക നിർമ്മിതിയ്ക്ക് വഴിയൊരുക്കുന്ന ജീവിതങ്ങൾക്ക് ഫ്യൂഡലിസം എന്നും എതിരായിരുന്നല്ലോ . ജാതി ഭിന്നമായ ഒന്നിനോടും അഭിരമിക്കാനുള്ള വ്യാസം ചിന്താഗതിയ്ക്കോ വീക്ഷണത്തിനോ ഇല്ല എന്നർത്ഥം .  കഥയിലെ കേന്ദ്ര വിഷയം അപ്പു മാഷും ഭാര്യ പത്മയും തമ്മിലുള്ള നിശബ്ദ യുദ്ധം തന്നെയാണ് . നഷ്ടപ്രണയവും മാടമ്പിത്തവും തമ്മിലാണിവിടെ അന്തർധാരയിൽ പോരടിക്കുന്നത് .വ്യവസ്ഥാപിതമെന്ന് അപ്പു മാഷ് കരുതുന്നതും ഭാര്യയായ പത്മ തന്നെ ചൊൽവിളികൾക്ക് കീഴിലാണന്ന് ധരിക്കുകയും ചെയ്യുന്നിടത്താണ് വെളുത്തുള്ളിയും , ചെമന്ന സാരിയും , ഫ്ലോർ ക്ലീനറിൻ്റെ ഗന്ധവും , ചെമന്ന ക്യൂട്ടക്സും , തക്കാളിയും കൊണ്ട് യുദ്ധത്തിന് പ്രതിരോധം തീർക്കുന്നത്. എതിരാളിയുടെ മാനസിക നിലയെ തകർക്കുന്ന തരത്തിൽ അദ്ദേഹത്തിൻ്റെ ഇന്ദ്രിയങ്ങളിൽ കലാപം നടത്തുവാൻ അവൾക്കാകുന്നു . സ്വേഛാധിപതിയായ അപ്പു മാഷിന് പോലും തിരിച്ചറിയാനാകാത്ത യുദ്ധതന്ത്രത്തിൻ്റെ ഓരോ നിമിഷവിജയത്തിലും അവൾ ഗൂഢമായി സന്തോഷിക്കുന്നു.  അയാൾക്കിഷ്ടപ്പെടാത്ത വെളുത്തുള്ളി ഗന്ധം ഉള്ളിലേയ്ക്കെടുത്ത് നഷ്ട ജീവിതത്തിൻ്റെ നിർവൃതിയിൽ അവൾ എത്തിച്ചേരുന്നു . മോക്ഷപ്രാപ്തിയുടെ ബുദ്ധരൂപം തന്നെയാണല്ലോ ആനന്ദൻ .

“പുണ്യശാലിനി, നീ പകർന്നീടുമീ

തണ്ണീർതന്നുടെയോരോരോ തുള്ളിയും

അന്തമറ്റ സുകൃതഹാരങ്ങൾ നി-

ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;

ശിക്ഷിതാത്മനിർവ്വാണരിലഗ്ര്യനീ;

ഭിക്ഷുവാരെന്നറിവീല ബാലേ നീ;

രക്ഷാദക്ഷമാം തൽ പ്രസാദം, നിന്നെ

പ്പക്ഷേ വേറാളായ് മാറ്റുന്നുമുണ്ടാവാം

അഞ്ജലിതന്നിലർപ്പിച്ചു തന്മുഖ-

കുഞ്ജം ഭിക്ഷു കുനിഞ്ഞുനിന്നാർത്തിയാൽ,

വെള്ളിക്കമ്പികണക്കെ തെളിഞ്ഞതി-

നുള്ളിൽവീഴും കുളിർവാരിതൻ പൂരം

പാവനം നുകരുന്നു തൻ ശുദ്ധമാം

ഭാവി വിഞ്ജാനധാരയെന്നോർത്തപോൽ;

ആ മഹാർനാർന്ന സംതൃപ്തി കണ്ടഹോ!

കോൾമയിർക്കൊണ്ടു നിൽക്കുന്നു പെൺകൊടി ” – എന്ന കുമാരനാശാൻ്റെ കഥാപാത്രതുല്യമായ നിർവൃതിയിലാണ് കഥ അവസാനിക്കുന്നതും .

ദമിത പ്രണയത്തിൻ്റെ നിശബ്ദ വിപ്ലവമായിരുന്നു ശീതയുദ്ധമെന്ന കഥയെങ്കിൽ പ്രണയ കാമത്തിൻ്റെ വിശപ്പാണ് ഈജിപ്ഷ്യൻ മമ്മിയും പെൺ പ്രതിമയും എന്ന കഥ വിശകലനം ചെയ്യുന്നത് . ജനനം മുതൽ തോറ്റു പോയതിനാൽ യത്തീമായ കേന്ദ്ര കഥാപാത്രത്തിൻ്റെ വിശപ്പ് കഥയിലെ കേന്ദ്രബിംബമാകുന്നു . ബഷീർ കാരൂർ നന്തനാർ കഥകളിൽ അവതരിപ്പിക്കപ്പെട്ട ദാരിദ്ര്യവും വിശപ്പും സ്വാഭാവിക വ്യവഹാരങ്ങളിലൂടെ സുനു എ.വിയിലും കടന്നു വരുന്നു . ഇൻഡ്യൻ പൂച്ചയിലും പരാദത്തിലും പുലിവേട്ടയിലും ആപ്പിളിലും എലി ആത്മഹത്യ ചെയ്ത വിധം എന്ന കഥയിലും ശക്തമായ അന്തർധാരയായി വിശപ്പ് കടന്നു വരുന്നുണ്ട്. എഴുത്തുകാരൻ്റെ സർഗ്ഗാത്മക ജീവിതവും യഥാതഥ ജീവിതവും തമ്മിലുള്ള പൊരുത്തക്കേടാണ് ഈജിപ്ഷ്യൻ മമ്മി എന്ന ചെറുകഥയിലെ വിഷയം .ഇമ്രാൻ എന്ന യത്തീം നോവലിസ്റ്റായ ജേക്കബിൻ്റെ അച്ഛനെ പരിചരിക്കുന്നതിന് കണ്ടെത്തുന്നതും രഹസ്യമായി അച്ഛനെ പരിപാലിക്കാൻ ഏല്പിക്കുമ്പോൾ അദ്ദേഹം വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ആക്കുന്നതിനെ പറ്റിയുള്ള എഴുത്തിലായിരുന്നു. ഈ വൈരുദ്ധ്യ ജീവിതത്തിൻ്റെ പൊള്ളത്തരത്തെ പരിഹാസവിഷയമായി സുനു അവതരിപ്പിക്കന്നു. അതുപോലെ ഭാര്യമാർ വെറും പ്രതിമകളല്ല (Wives are not mere effigies) എന്ന നോവൽ ജേക്കബ് എഴുതുമ്പോൾ ഭാര്യ ഇമ്രാനെ അമർത്തിച്ചുമ്പിച്ചു കൊണ്ടിരിക്കുകയാണ് . വായനക്കാരൻ്റെ ബാഹ്യദൃഷ്ടി ഇമ്രാൻ എന്ന കഥാപാത്രത്തിൽ നിർത്തുകയും അവനിലെ വിശപ്പെന്ന കാമത്തിൽ ആഖ്യാനം തുടരുകയും ചെയ്തു കൊണ്ട് മറ്റൊരു സാമൂഹിക പ്രശ്‌നത്തെ ഭൂകമ്പം പോലെ അവതരിപ്പിക്കുകയും ചെയ്യുക എന്നത് സുനുവിൻ്റെ കഥാ ശൈലിയാണ്.

സംഭവങ്ങളുടെ ചടുലതയാണ് സുനു എ.വിയുടെ കഥകളുടെ പൊതു സ്വഭാവം . ഒന്നിലധികം കേന്ദ്ര കഥാപാത്രങ്ങളെ നിർമ്മിച്ച് അസാധാരണ പ്രശ്നങ്ങളെ അദൃശ്യമായി അവതരിപ്പിക്കുന്ന കഥകളാണ് ഇൻഡ്യൻ പൂച്ചയിലുള്ളത്. മറ്റൊന്നിലേക്ക് വഴിതെളിയ്ക്കാവുന്ന ഒന്നിനെ വെമ്പലോടെ അവതരിപ്പിച്ച് ക്രിയാംശത്തെ വിരുദ്ധഭാവ സമ്മിശ്രമാക്കുമ്പോൾ സുനുവിൻ്റെ ഒരു കഥ ജനിക്കുന്നു . ” അർത്ഥപൂർണ്ണമായി പലതും സംഭവിച്ചുകൊണ്ടിരിക്കുന്ന പല നാല്ക്കവലകൾ ” എന്ന് പുതുകഥാകാരന്മാരെ കുറിച്ച് എൻ പ്രഭാകരൻ പറഞ്ഞത് സുനുവിൻ്റെ കഥകളെ കുറിച്ചു തന്നെയാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

 

Comments are closed.