DCBOOKS
Malayalam News Literature Website

പൗരത്വത്തെക്കുറിച്ച് ‘ഇടിമിന്നലുകളുടെ പ്രണയം’ സാക്ഷ്യപ്പെടുത്തുമ്പോള്‍

പൗരത്വ ഭേദഗതി ബില്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമാകുമ്പോള്‍ അതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ പരാമര്‍ശിച്ച ഒരു നോവലായിരുന്നു പി.കെ.പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം. നോവലിലെ ഒരദ്ധ്യായത്തില്‍ പൗരത്വമാണ് കഥാപാത്രങ്ങളുടെ സംഭാഷണവിഷയം.

അധ്യായത്തില്‍നിന്ന്

മരങ്ങളോട് അവയുടെ അമ്മയെപ്പറ്റി ചോദിക്കരുത്

ഫലസ്തീൻ അന്തർദേശീയ കവിതോത്സവത്തിന് എത്തിയതായിരുന്നു അവർ. കവിതാലാപനങ്ങളുടെ ഒരിടവേള. താടി വെച്ച ഒരു ചെറുപ്പക്കാരൻ ഫർനാസിനെ തേടിവന്നതോർക്കുന്നു. ഒരു വിഷാദ കാവ്യം പോലെ അയാളുടെ മുഖം. ഫർനാസ് ചെറുപ്പക്കാരനുമായി മാറിയിരുന്നു കുറേ നേരം സംസാരിച്ചു. തിരിച്ചു വന്നപ്പോൾ ചോദിച്ചു: ‘ആരാണയാൾ?’ അലാമിയാ നീയറിയുമോ ഇവിടുത്തെ ദുരിതങ്ങളുടെ ഒരിരയാണയാൾ. അവരയാളെ ചതിച്ചു’.

ഫർനാസ് നടുക്കുന്ന ആ കഥ പറഞ്ഞു.അവന്റെ പേര് മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ .ഭാര്യ ജോർദ്ദാൻകാരി.അയാൾക്കും ഭാര്യക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റിനായി ഇസ്റായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായിരുന്നു അയാൾ. തിരിച്ചറിയൽ കാർഡ്’? അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. അയാൾ കാർഡ് കൊടുത്തു.

അത് തിരിച്ചും മറിച്ചും നോക്കി.കാർഡ് തിരിച്ചു കൊടുത്തില്ല. ചോദിച്ചപ്പോൾ ഒരു സെക്യൂരിറ്റിയെ വിളിച്ചു അയാളെ ഓഫീസിൽ നിന്ന് പുറന്തള്ളി. ഇപ്പോൾ മുസ്തഫ ദിയാവിയുടെ കൈയിൽ ജറുസലമിൽ ജീവിക്കാൻ അനുമതി നൽകുന്ന കാർഡില്ല. ചതി.

ഇപ്പോൾ പതിനഞ്ചു ദിവസത്തിനകം രാജ്യം വിട്ടു പോകണമെന്ന് പറയുകയാണവർ. ദിയാവിന്റെ പതിനൊന്നുകാരിയായ മകൾ ഈയിടെ മരിച്ചു.മകളുടെ മയ്യത്ത് ജറുസലമിൽ ഖബറടക്കാൻ മരണ സർട്ടിഫിക്കറ്റ് വേണം.

അധികൃതർ കൈമലർത്തുന്നു. “നിങ്ങൾ ജറുസലമിലെ നിയമപ്രകാരമുള്ള താമസക്കാരനല്ല”.
‘ഫർനാസ്, ഇനി മുസ്തഫ ദിയാവി എന്തു ചെയ്യും?’

“അലാമിയാ നിനക്കൊന്നുമറിയില്ല. എത്രയെത്ര മുസ്തഫ ദിയാവിമാർ! അലാമിയ നിസ്സഹായതയോടെ ചക്രവാളത്തിലെവിടെയോ നോക്കിയിരിക്കുമ്പോൾ ഫർ നാസ്, മഹമൂദ് ദർവീശിന്റെ കവിത ചൊല്ലുകയായിരുന്നു.

“മരങ്ങളോടവയുടെ അമ്മയെപ്പറ്റി ചോദിക്കരുത്.
എന്റെ മുഖം പ്രകാശത്തിന്റെ ഒരു വാളാണ് ചുഴറ്റുന്നത്.
എന്റെ കരം അരുവിയുടെ നീരുറവയാണ്.
ജനങ്ങളുടെ ഹൃദയങ്ങളാണെന്റെ രാജ്യം.
എന്റെ പാസ്പോർട്ട് ദൂരെയെറിയുക “

Comments are closed.