DCBOOKS
Malayalam News Literature Website

40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് താരപ്പൊലിമയോടെ സമാപനം

കോവിഡിന് ശേഷം, ഒരു പുതിയ ഉണർവിന്റെ അടയാളമെന്ന നിലയിൽ ആഘോഷമായി മാറിക്കൊണ്ടാണ് 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 11 പുസ്തകദിനങ്ങൾ കടന്നുപോയത്.  അവസാന ദിവസമായ നവംബർ 13 ശനിയാഴ്ച, ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, പ്രഭാഷകൻ ജയ് ഷെട്ടി എന്നിവരടക്കം താരമൂല്യമുള്ള അതിഥികൾ ആസ്വാദകരുമായി സംവദിച്ചു.

ഇന്ത്യൻ ടീമിന് സെമിയിൽ പോലും എത്താൻ കഴിയാതെ പോയത് തന്നെ വിഷമിപ്പിച്ചുവെന്നും വിജയം ആർക്കാണെന്ന് ആലോചിക്കാനുള്ള താല്പര്യം പോലും ഇതോടെ ഇല്ലാതായെന്നും ഇന്ത്യൻ മുൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലി പറഞ്ഞു.

വൈകിട്ടു 3.30 മുതൽ 5.00 വരെ ബാൾ റൂമിൽ നടന്ന ‘ദാദ-അൺ പ്ലഗ്ഡ്’ എന്ന പരിപാടിയിൽ, സദസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത്, പ്രവചനങ്ങൾ എപ്പോഴും ശരിയാകാണമെന്നില്ല. ഇപ്പോൾ ന്യൂസിലൻഡിന്റെ സമയമാണെന്ന് വിചാരിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.


വൈകിട്ടു 7 മണി മുതൽ 9.30 വരെ ബാൾ റൂമിൽ നടന്ന പരിപാടിയിൽ, പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ജയ് ഷെട്ടി ‘ഒരു സന്യാസിയെ പോലെ ചിന്തിക്കൂ’ എന്ന തന്റെ പുസ്തകം പരിചയപ്പെടുത്തി.

ഭാഗ്യമുള്ളവർ വിജയിക്കുന്നുവെന്ന തോന്നൽ തെറ്റാണ്. ആരുടെയും വിജയത്തിനു പിന്നിൽ ശ്രമകരമായ കഠിനാദ്ധാനം ഉണ്ടെന്ന് തിരിച്ചറിയണമെന്നും ജയ് ഷെട്ടി പറഞ്ഞു.

വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ, യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ‘Write me a Love story’ പരിചയപ്പെടുത്തി.

ഓരോ കൃതിയുമെഴുതുമ്പോൾ സ്വന്തം കഥാപാത്രങ്ങളോട് പ്രണയത്തിലാകാൻ തനിക്ക് കഴിയുന്നുവോ എന്നാണ് നോക്കുന്നത്. തന്റെ പ്രണയ കഥകളുടെ വിജയം അതാണെന്നും രവീന്ദർ സിങ് പറഞ്ഞു.

81 രാജ്യങ്ങളിൽ നിന്നുള്ള 1559 ഓളം പ്രസാധകർ പങ്കെടുത്ത പുസ്തകമേളയിൽ ഇന്ത്യയിൽ നിന്ന് ഇത്തവണ 83 പ്രസാധകരുണ്ടായിരുന്നു.

Comments are closed.