DCBOOKS
Malayalam News Literature Website

വായനയെങ്ങനെ?

ഇത്തിരി വായിച്ചു. അവിടെ വെച്ചു. പിന്നെയൊരിത്തിരി വായിച്ചു, അവിടെ വെച്ചു. ഇങ്ങനെ ഇത്തിരീശെ വായിച്ചു വായിച്ച് പുസ്തകം മുഴുവൻ വായിച്ചു എന്നു വരുത്തുന്നത് വായനയല്ല.

ഇത്തരം ഇത്തിരിവായനക്കാർ ഇത്തിരി വായിച്ചു നിർത്തുന്നത് നിർത്താവുന്ന സന്ദർഭത്തിലാവില്ല. എത്തിയേടത്തായിരിക്കും. അതിനാൽ അവർക്ക് തങ്ങൾ വായിച്ചതിനെപ്പറ്റി ഒരെത്തും പിടിയും ഉണ്ടാവില്ല.

നിർത്താവുന്നിടത്തെ നിർത്താവൂ. അതുവരെയെങ്കിലുമെത്തിക്കാൻ സമയമുള്ളപ്പോഴേ വായിക്കാനിരിക്കാവൂ. അഥവാ വായന അവിചാരിതമായി ഇടയ്ക്കുവെച്ച് നിർത്തി അടിയന്തരമായ ഒരു കാര്യത്തിനു പോകേണ്ടിവരികയാണെങ്കിൽ അത് കഴിഞ്ഞുവന്ന് വീണ്ടും വായന തുടങ്ങുന്നത് നിർത്തിവെച്ചതിന്റെ അല്പം മേലേ നിന്നായിരിക്കണം.

Textനൂറുനൂറ്റിയിരുപതു പുറത്തിലധികമില്ലാത്ത നോവൽ, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, നാടകം, ഖണ്ഡകാവ്യം തുടങ്ങിയവ ഇരുന്ന ഇരുപ്പിലിരുന്ന് വായിച്ചുതീർക്കണം. അതിനു തക്കവണ്ണം ഒന്നോ ഒന്നരയോ (ചിലർക്കു രണ്ടുതന്നെ വേണ്ടിവരും). മണിക്കൂർ ഒരുമിച്ചു കിട്ടുമ്പോഴേ അത്തരം പുസ്തകങ്ങൾ വായിക്കാൻ ഇരിക്കാവൂ.

വലിയ പുസ്തകമാണെങ്കിൽ ഓരോ പ്രാവശ്യം വായിച്ചു നിർത്തുന്നതും വായിച്ചു തുടങ്ങിയ കാര്യം അല്ലെങ്കിൽ സംഭവം മുഴുമിക്കുന്നിടത്ത് മാത്രമായിരിക്കണം. ഓരോ പ്രാവശ്യം വായന തുടരുന്നത് വായിച്ചു നിർത്തിയിരിക്കുന്ന കാര്യം (സംഭവം) ഓർമ്മിച്ചുകൊണ്ടായിരിക്കണം. ഓർമ്മ വരുന്നില്ലെങ്കിൽ ആ ഭാഗം ഒന്ന് ഓടിച്ചുനോക്കി ഓർമ്മയുണ്ടാക്കണം.

ചെറുകഥാസമാഹാരം വായിക്കുന്നത് ഒറ്റയിരിപ്പിലല്ല നല്ലത്. ഒരിക്കൽ ഒരു കഥ വായിക്കുക. പിന്നൊരിക്കൽ വേറൊരു കഥ വായിക്കുക – അങ്ങനെ വായിച്ചുവായിച്ച് പുസ്തകം മുഴുവനാക്കുക. ഇങ്ങനെയല്ലാതെ അന്യോന്യം ബന്ധമില്ലാത്ത പലപല കഥകൾ ഒരുമിച്ച് ഒരേയിരിപ്പിനു വായിച്ച് ഒരുമിച്ച് ഉള്ളിലാക്കിയാൽ മിക്ക വായനക്കാരെ സംബന്ധിച്ചിടത്തോളവും അവയിലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം അന്യോന്യം കൂടിക്കുഴഞ്ഞുകൊണ്ടായിരിക്കും മനസ്സിൽ കിടക്കുക.

കവിതാസമാഹാരം, ലേഖനസമാഹാരം എന്നിവ വായിക്കുന്നതും ചെറുകഥാസമാഹാരം വായിക്കുന്നതുപോലെ തന്നെയാണ് വേണ്ടത്. ഇങ്ങനെയായാലേ വായിച്ചതോരോന്നും വേറെവേറെ അയവിറക്കാനെളുപ്പമുണ്ടാവുകയുള്ളൂ (അയവിറക്കാത്ത വായന വഴിപാടുവായനയാണ്, വെറും വായനയാണ്).

വിവിധതരം കാര്യങ്ങൾ ഒരുമിച്ചു ഗ്രഹിച്ച് ഒരുമിച്ചു ധരിച്ച് വേറെ വേറെ ഓർമ്മിക്കാൻ കഴിവുള്ളവർക്ക് മേൽപ്പറഞ്ഞ നിയമം ബാധകമല്ല. അവർക്ക് അവരുടെ കഴിവിനനുസരിച്ച് ഒരുമിച്ച് വായിക്കാം. ഈ കഴിവുണ്ടാക്കണമെന്നുള്ളവർ ആദ്യം ഒരിരുപ്പിന് രണ്ടുകഥ വീതം വായിക്കുക. അവ വ്യക്തമായി മനസ്സിൽ വയ്ക്കാനും വ്യക്തമായി ഓർക്കാനും കഴിവു സമ്പാദിച്ചാൽ ഒരിരുപ്പിനു മൂന്നു കഥ വീതം വായിക്കുക. ഇങ്ങനെ വായനയുടെ പരിധി കൂട്ടിക്കൂട്ടി കൊണ്ടുവരണം

കഴിവിനനുസരിച്ചു വായിക്കുക, വായിച്ചു വായിച്ചു കഴിവു വികസിപ്പിക്കുക. വായിച്ചതയവിറക്കുക. വായിച്ചു വായിച്ചു വലുതാകുക.

കൂടുതല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.