DCBOOKS
Malayalam News Literature Website

പുലയശിവനും തപസ്വി ഓമലും

കേരളം മറന്നുവെച്ച ചരിത്രശക്തിയാണ് തപസ്വി ഓമല്‍. പത്തനംതിട്ടയില്‍ കുറിയന്നൂര്‍ മയിലാടുംപാറയില്‍ 1875-ല്‍ തപസ്വി ഓമല്‍ ശിവലിംഗപ്രതിഷ്ഠ നടത്തി. റാന്നി വലിയകുളത്തും ഓമല്‍ ശിവനെ പ്രതിഷ്ഠിച്ചു. ഒന്നര നൂറ്റാണ്ടുമുമ്പ് ഓമല്‍ പൊളിച്ചെഴുതിയ സാമൂഹിക സങ്കല്പങ്ങളെ ചരിത്രകേരളം ശ്രദ്ധിച്ചില്ല. അറിവിലൂടെയാണ് ലോകം മാറുന്നത് എന്ന് കണ്ടറിയാനുള്ള ആധുനികതാബോധം ദളിത് സമൂഹത്തിന് കൈവരാന്‍ കാലമെടുത്തു. അടുത്തകാലത്ത് പുറംലോകത്തിനുകിട്ടിയ ചില സൂചനകള്‍ക്കപ്പുറം, ഈ ലേഖകന്‍ നടത്തിയ അന്വേഷണങ്ങള്‍ ഓമല്‍ നിര്‍വ്വഹിച്ച ചരിത്രദൗത്യത്തിന്റെ മഹാഗൗരവം ബോധ്യപ്പെടുത്തുകയാണ്. ആരായിരുന്നു തപസ്വി ഓമല്‍? ആ ജീവിതത്തിന്റെ നവോത്ഥാനമൂല്യം എന്താണ്? എന്തുകൊണ്ടാണ് ചരിത്രത്തിലെ നിശ്ശബ്ദതയായി ആ ദളിത് സന്ന്യാസി മാറ്റപ്പെട്ടത്? പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലൂടെ, ഇരുള്‍ വീണ ഒരു സമൂഹത്തെ ഒപ്പംകൂട്ടി നടന്ന ഓമലിന്റെ ജീവിതം മറവിയില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരികയാണ് ഈ അന്വേഷണം.

ഓമലിന്റെ ചരിത്രം തേടി

എണ്‍പതുകളുടെ അവസാനത്തോടെയാണ് മലയാളത്തിലെ ചില പത്രങ്ങളില്‍ ഓമല്‍ നടത്തിയ ചരിത്രവിപ്ലവത്തിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടത്. 1988 മാര്‍ച്ച് 25-ാം തീയതിയിലെ ‘ജന്മഭൂമി’ പത്രത്തിന്റെ ഒന്നാം പേജില്‍ ‘നൂറ്റിപ്പതിമൂന്ന് വര്‍ഷംമുമ്പ് ഹരിജന്‍ നടത്തിയ ശിവലിംഗപ്രതിഷ്ഠ’ എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 1989 മാര്‍ച്ച് 2-ാം തീയതി ‘മലയാള മനോരമ’ ദിനപത്രത്തില്‍ ‘ഓര്‍മയില്‍നിന്ന് ഓമലിന്റെ ശിവപ്രതിഷ്ഠ’ എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘കേരള കൗമുദി’യില്‍ സാം ചെമ്പകത്തില്‍ എഴുതിയ ‘തപസ്വി ഓമലും ശിവപ്രതിഷ്ഠയും’ (സ്മൃതികള്‍ സ്പന്ദനങ്ങള്‍ എന്ന പരമ്പരയില്‍) എന്ന കുറിപ്പും കൗതുകമുണര്‍ത്തി. അപ്പോഴും നമ്മുടെ സാംസ്‌കാരികലോകം ഓമല്‍ചരിത്രത്തില്‍ ശ്രദ്ധവെച്ചില്ല. ഓമലിന്റെ നാലാം തലമുറയില്‍പ്പെട്ട എം.കെ. കേശവന്‍, കുറവന്‍കുഴിച്ചിറയില്‍ ഓമല്‍ എന്നിവരുടെ വാമൊഴികളും വിദ്വാന്‍ കെ.കെ. ശങ്കരനാരായണപിള്ളയുമായി നടത്തിയ സംഭാഷണവുമായിരുന്നു പത്രറിപ്പോര്‍ട്ടുകളുടെ ചരിത്രബലം. കുറിയന്നൂര്‍ കരിപ്പള്ളില്‍ തറവാട്ടില്‍നിന്ന് തപസ്വി ഓമലിനെക്കുറിച്ചുള്ള കുറിപ്പുകള്‍ ഈയിടെ കണ്ടെടുത്തതോടെ ഇരുണ്ടുപോയ വഴിതെളിഞ്ഞു. 1952-ല്‍ കരിപ്പള്ളില്‍ കുടുംബാംഗമായ വിദ്വാന്‍ കെ.കെ. ശങ്കരനാരായണപിള്ള എഴുതിവെച്ച കുറിപ്പുകള്‍ പലതും നശിച്ചുപോയെങ്കിലും അവശേഷിച്ചവ പകര്‍ത്തി സൂക്ഷിക്കാന്‍ മകന്‍ നന്ദകുമാറിനു കഴിഞ്ഞു. തുരുത്തിപ്പള്ളില്‍ നാരായണന്‍വൈദ്യന്‍ എഴുതിയ ‘ഗാനമഞ്ജരി’ എന്ന കൃതിയിലെ ഓമല്‍ കീര്‍ത്തനമാണ് മറ്റൊരു പ്രധാന രേഖ. അയ്യപ്പസേവാസംഘം കുറിയന്നൂര്‍ ശാഖയുടെ പ്രവര്‍ത്തന ഡയറി (1972)യും ഓമല്‍ചരിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കുറിയന്നൂരിലെമ്പാടും തപസ്വി ഓമലിനെക്കുറിച്ചുള്ള വാമൊഴിക്കഥകള്‍ പടര്‍ന്നുകിടക്കുന്നു. മുത്തശ്ശിയായ നങ്ങേലിയമ്മയില്‍നിന്നാണ് ഓമലിനെക്കുറിച്ചുള്ള ചരിത്രവിവരങ്ങള്‍ ലഭിച്ചതെന്ന് കുറിപ്പുകളുടെ ആമുഖത്തില്‍ കെ.കെ. ശങ്കരനാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ കുട്ടനാട്ടില്‍നിന്ന് കുറിയന്നൂരിലേക്ക് എത്തിയവരാണ് ഓമലിന്റെ പൂര്‍വ്വികര്‍.

അഭയം തേടി ഒരു പലായനം

കുട്ടനാട് ഇടനാട്ട് ഇടത്തില്‍ തമ്പുരാന്റെ അടിയാന്മാരായിരുന്നു ഓമലിന്റെ പൂര്‍വികര്‍. പുലയ സമുദായത്തിലെ ‘തച്ചനില്ലം’ എന്ന ഗോത്രത്തില്‍പെട്ടവരായിരുന്നു അവര്‍. ഒരു കൊയ്ത്തുകാലത്ത് കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാനായി പാടത്ത് ബാക്കികിടന്ന നെല്‍ക്കതിരുകള്‍ ‘പീലികരിച്ച’പ്പോള്‍ മലപോലെ കൂട്ടിയിട്ടിരുന്ന മൂടയ്ക്ക് (കറ്റക്കൂന) തീ പിടിച്ചു. (നെല്ല് ചുട്ട് പൊരിയാക്കുന്നതിനെയാണ് പീലീകരിക്കുക എന്നു പറയുന്നത്). ജന്മിയുടെ കഠിനശിക്ഷ ഭയന്ന് അടിയാന്മാര്‍ കൂട്ടത്തോടെ കിഴക്കന്‍ കാടുകളിലേക്ക് ഒളിച്ചോടി കടപ്ര വനഭാഗത്ത് കുറച്ചുനാള്‍ കഴിഞ്ഞു. പിന്നീട് അവിടെനിന്നും കിഴക്കോട്ട് പോയി കുറിയന്നൂര്‍ ഭാഗത്തെ കടുവാക്കുഴി, മയില്‍ക്കുഴി (മൈക്കുഴി) കുംഭന്‍കുഴി, ചുരുളക്കുഴി, കണ്ടന്‍ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ താമസമാരംഭിച്ചു. ആറന്‍മുള ദേശവില്ലിന്റെ ഭാഗമായ കുറിയന്നൂരില്‍ ജീവിച്ചപ്പോഴും ആറന്‍മുള ദേവനായിരുന്നു അവരുടെ കണ്‍കണ്ട ദൈവം.

ഓമലിന്റെ പിറവി

റാണി ഗൗരി പാര്‍വതിഭായിയുടെ ഭരണകാലത്ത് കൊല്ലവര്‍ഷം 999-ാമാണ്ടിനൊടുവില്‍ (അഉ 1825) മൈക്കുഴിയില്‍ വീട്ടില്‍ തേവിയുടെയും കറുമ്പന്‍കോരന്റെയും മൂത്ത മകനായി ഓമല്‍ ജനിച്ചു. കണ്ണന്‍, പാലന്‍, അഴകന്‍, ദൈവത്താന്‍, കുളിരി എന്നിവരായിരുന്നു സഹോദരങ്ങള്‍. കുട്ടിക്കാലത്തുതന്നെ, ഒട്ടും ഭയമില്ലാതെ വനാന്തരങ്ങളില്‍ സഞ്ചരിച്ച ഓമല്‍ വന്യമൃഗങ്ങളെ മെരുക്കാനും ശീലിച്ചു. യുവാവായപ്പോള്‍ തളിരിയെ ജീവിതപങ്കാളിയാക്കി. വിവാഹിതനായതോടെ, ജീവിതമാര്‍ഗത്തിനുവേണ്ടി അടിമപ്പണിക്ക് നിയുക്തനായി. റാണി ലക്ഷ്മിഭായിയുടെ ഭരണകാലത്ത് (1810-1815) അടിമക്കച്ചവടം തിരുവിതാംകൂറില്‍ നിരോധിക്കപ്പെട്ടുവെങ്കിലും അധസ്ഥിതസമുദായത്തിന്റെ സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. റാണി ഗൗരി പാര്‍വതിഭായിയുടെ ഭരണത്തില്‍ (1815-1829) അടിമകളുടെ വേതനമില്ലാത്ത ജോലി നിര്‍ത്തലാക്കി. എങ്കിലും ദളിത് സമൂഹം അടിമകളായി തുടരുകയായിരുന്നു.

കരിപ്പള്ളില്‍ തറവാട്ടിലേക്ക്

കൊല്ലവര്‍ഷം 1026 വൃശ്ചികമാസത്തിലാണ് (എ.ഡി 1845 ഡിസംബര്‍) ഓമലും കൂട്ടരും കരിപ്പള്ളില്‍ തറവാട്ടിലെത്തിയത്. കുടുംബത്തിലെ കാരണവരായ നാരായണന്‍ നായരാണ് അടിയാളന്മാരെ വാങ്ങിയത്. ഓമലിന്റെ ഭാര്യ തളിരിയും കരിപ്പള്ളിലെ അടിയാളത്തിയായി ജോലി ഏറ്റെടുത്തു. മയിലാടുംപാറയുടെ താഴ്‌വരയിലെ പൊന്തകളിലും മറ്റും കെട്ടിയുറപ്പിച്ച കുടിലുകളില്‍ പുറംലോകമറിയാതെ ഓമലും സംഘവും ജീവിച്ചു. ഇരുപതുവയസ്സുകാരനായ ഓമലിന്റെ ചുണയും മിടുക്കും നാരായണന്‍നായര്‍ ശ്രദ്ധിച്ചു. കാട് വെട്ടിയഴിച്ച് ‘പുതുവല്‍’ കൃഷിയിറക്കുന്നതിന്റെ മിടുക്ക് കാരണവര്‍ കണ്ടറിഞ്ഞു. മയിലാടുംപാറയിലെ വനമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഓമലിനു തുണയായി ഒരു സമൂഹം വളര്‍ന്നുവന്നു. അവര്‍ക്കു കണ്ടുവണങ്ങാന്‍ ദൈവങ്ങളില്ലായിരുന്നു. കരിപ്പള്ളില്‍ തറവാടിനു മുന്നിലുള്ള കുന്നിനെ ദേവിയായി സങ്കല്പിച്ച് വയലില്‍ വിത്തുവിതയ്ക്കുംമുമ്പ് അവര്‍ അവിടെ വിത്ത് സമര്‍പ്പിച്ചു. (വിത്തിടുംകുന്ന് എന്ന പേരില്‍ അവിടം അറിയപ്പെട്ടു). ആറന്മുള പാര്‍ഥസാരഥിയായിരുന്നു അടിയാളരുടെ സങ്കല്പദൈവം. ആറന്‍മുള വ്യാഴത്തുനാള്‍ ഉത്സവത്തിന് പമ്പയുടെ ഇങ്ങേക്കരയില്‍, അയിത്തജാതിക്കാര്‍ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലത്തുനിന്ന് ആര്‍പ്പും വിളക്കും വെടിക്കെട്ടും ഒളിഞ്ഞുകാണാന്‍ മാത്രമേ അവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. എങ്കിലും വിത്തും പണവും മണല്‍ത്തറയില്‍ വെച്ച് തമ്പ്രാക്കള്‍ക്ക് കൊടുക്കാന്‍ അവര്‍ മുടങ്ങാതെ പോകുമായിരുന്നു.

കാരണവര്‍ കണ്ടെത്തിയ ഭക്തന്‍

ആത്മീയകാര്യത്തില്‍ അതീവനിഷ്ഠ പുലര്‍ത്തിയിരുന്ന കരിപ്പള്ളില്‍ നാരായണന്‍നായര്‍ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ നിത്യവും പാരായണം ചെയ്തിരുന്നു. ഒരിക്കല്‍ ഒരു കര്‍ക്കിടക മാസത്തില്‍ പഞ്ഞമഴക്കാലത്ത് രാമായണവായനയ്ക്കായി പൂമുഖത്തേക്കു കയറുമ്പോള്‍ തറവാടിനു മുമ്പിലുള്ള പാറയിടുക്കില്‍ ആരോ നില്‍ക്കുന്നതായി കാരണവര്‍ക്കുതോന്നി. മഴ നനയാതിരിക്കാന്‍ ‘ചൂടാപ്പാള’ തലയിലേന്തിയാണ് നില്പ്. ഓമലാണെന്ന് തിരിച്ചറിഞ്ഞ നാരായണന്‍നായര്‍ കാര്യമന്വേഷിച്ചു. രാമായണം വായന കേള്‍ക്കാനായി നിത്യവും വന്നുനില്‍ക്കാറുണ്ട് എന്നായിരുന്നു മറുപടി. ‘വായന മനസ്സിലാകുമോ?’ എന്ന ചോദ്യത്തിന്, ‘കുറെ മനസ്സിലാകും’ എന്നായിരുന്നു ഉത്തരം. ‘വായന കേള്‍ക്കുന്നത് ഇഷ്ടമാണോ?’ എന്ന് ആരാഞ്ഞപ്പോള്‍ ‘വളരെ ഇഷ്ടമാണ്’ എന്ന് ഓമല്‍ പ്രതികരിച്ചു. ‘നാളെ മുതല്‍ മുറ്റത്തുനിന്ന് കേള്‍ക്കാം’ എന്ന് ഉടന്‍ കാരണവര്‍ പറയുകയും ചെയ്തു. മഴ നനയാതെനിന്ന് രാമായണം കേള്‍ക്കുന്നതിനായി മുറ്റത്ത് ഒരു ഓലപ്പുര കെട്ടാനും കാരണവര്‍ അനുവാദം കൊടുത്തു.

അയിത്തക്കാരനെ അടുത്തുനിര്‍ത്തുന്ന കാരണവരുടെ പ്രവൃത്തി മറ്റു കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചെങ്കിലും നാരായണന്‍നായര്‍ അത് കാര്യമാക്കിയില്ല. പഞ്ഞക്കര്‍ക്കിടകത്തിലെ പട്ടിണിക്കിടയില്‍ രാമായണം കേള്‍ക്കാനെത്തുന്ന ഓമലിന് ഇതിഹാസത്തിലെ പല കഥകളും ലളിതമായി പറഞ്ഞുകൊടുത്തു. ആത്മസത്യം തേടിയലയുന്ന മനസ്സ് കാരണവര്‍ അടുത്തറിഞ്ഞു. അദ്ദേഹത്തിന്റെ പല യാത്രകളിലും ഓമല്‍ അനുചരനായി. പമ്പാനദിയിലെ കുളി കഴിഞ്ഞ് കാരണവര്‍ ഭസ്മമിടുന്നതും പഞ്ചാക്ഷരീമന്ത്രം ചൊല്ലുന്നതും ഓമല്‍ ശ്രദ്ധിച്ചു. ശിവകഥകള്‍ കേട്ടതോടെ ശിവപുരാണത്തിലായി ഓമലിന്റെ താത്പര്യം. എഴുത്തും വായനയും പഠിക്കാനുള്ള താത്പര്യം കണ്ടറിഞ്ഞ് പനയോലകളില്‍ അക്ഷരങ്ങള്‍ കുത്തിക്കുറിച്ച് ഓമലിന് കൊടുക്കാനും നാരായണന്‍നായര്‍ക്ക് മടിയുണ്ടായില്ല. അക്ഷരങ്ങള്‍ വളരെ വേഗം ഹൃദിസ്ഥമാക്കിയ ഓമലിന് ഒരു നല്ല വിദ്യാഗുരു ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തൊട്ടടുത്തുതന്നെയുള്ള തുരുത്തിപ്പള്ളില്‍ വീട്ടിലേക്ക് ഓമലിനെ കാരണവര്‍ പഠിക്കാനയച്ചു.

തുരുത്തിപ്പള്ളിയിലെ ഭാഗവതപഠനം

കുറിയന്നൂരിലെ പുരാതന ഈഴവകുടുംബമായ തുരുത്തിപ്പള്ളില്‍ തറവാട് വൈദ്യത്തിനും പഠനത്തിനും പേരുകേട്ടതായിരുന്നു. പണ്ഡിതനും സമദര്‍ശിയുമായ തുരുത്തിപ്പള്ളില്‍ നീലകണ്ഠന്‍ വൈദ്യന്‍ ഓമലിന്റെ അപേക്ഷ സ്വീകരിക്കുകയും ഭാഗവതത്തിലെ പ്രധാന തത്ത്വങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. നീലകണ്ഠന്‍ വൈദ്യരുടെ മൂന്നാം തലമുറയില്‍പ്പെട്ട നാരായണന്‍ വൈദ്യനാണ് (1903-1984) പില്‍ക്കാലത്ത് ‘ഓമല്‍ കീര്‍ത്തനം’ രചിച്ചത്. പിതാവായ ഉണ്ണാന്‍ വൈദ്യനില്‍നിന്ന് ഗ്രഹിച്ച ഓമല്‍ചരിതമാണ് കീര്‍ത്തനങ്ങളെഴുതാന്‍ നാരായണന്‍ വൈദ്യന് പ്രചോദനമായത്. ഓമലിന്റെ സമാധിവര്‍ഷത്തെക്കുറിച്ച് വ്യക്തമായ സൂചനയുള്ള കീര്‍ത്തനത്തില്‍ വെണ്‍മഴു ശൂലവും കാഷായവേഷവും രുദ്രാക്ഷമാലകളും വെണ്‍മതിശോഭയെ വെല്ലും മുഖാംബുജവും ചാരുജടയുമുള്ള ഓമലിനെ ചിത്രീകരിച്ചിട്ടുണ്ട്.

തുരുത്തിപ്പള്ളി കുടുംബത്തില്‍ പഠനത്തിനെത്തുന്ന ഓമല്‍ എല്ലാവരുടെയും സ്‌നേഹപാത്രമായിരുന്നുവെന്ന് നാരായണന്‍ വൈദ്യരുടെ മകനായ സി.എന്‍. നടരാജന്‍ (89) പറയുന്നു. ഓമലിന്റെ ചരിത്രപ്രസക്തി തിരിച്ചറിയാന്‍ എല്ലാവരും വൈകിയെന്നും അധ്യാപകനായിരുന്ന നടരാജന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. തുരുത്തിപ്പള്ളിയിലെ സായാഹ്ന വിദ്യാഭ്യാസത്തിനിടയിലും കരിപ്പള്ളില്‍ തറവാട്ടിലെ ജോലികളില്‍ ഒട്ടും അമാന്തം കാണിച്ചില്ല. കാട് തെളിക്കുന്നതിനായി കിഴക്കന്‍മലകളില്‍ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ തുരുത്തിപ്പള്ളിയിലെ പഠനം നിലച്ചു. വിഭക്തിയെക്കാള്‍, ഭക്തിയിലായിരുന്നു ഓമലിന്റെ മനസ്സ് മുഴുവന്‍.ഒരു ശിവരാത്രി ദിവസം, കരിപ്പള്ളില്‍ കാവിലെ വിശേഷപൂജകളില്‍ സഹായിയായി നില്‍ക്കാന്‍ കാരണവര്‍ ഓമലിന് അനുമതി നല്‍കി. ബന്ധുക്കള്‍ എതിര്‍ത്തപ്പോള്‍ ഓമലിന്റെ സമര്‍പ്പണഭക്തി ചൂണ്ടിക്കാണിക്കുകയാണ് കാരണവര്‍ ചെയ്തത്. പൂജാദികര്‍മ്മങ്ങള്‍ക്കുശേഷം ഭസ്മചന്ദനാദികളും രുദ്രാക്ഷമാലയും ഓമലിന് നല്‍കി അനുഗ്രഹിക്കാനും മറന്നില്ല. അങ്ങനെ ഭക്തിയും ഭുക്തിയുമായി നീണ്ട ഇരുപത് വര്‍ഷങ്ങള്‍ കടന്നുപോയി. ഇക്കാലത്ത് തളിരി-ഓമല്‍ ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ടണ്ടായി. മതുര, കുറുക, കുളിരി, കൊച്ചോമല്‍, കണ്ണന്‍. അവരും ഓമല്‍സംഘത്തിലെ ചുണക്കുട്ടികളായി വളര്‍ന്നു വന്നു. വാര്‍ദ്ധക്യം ബാധിച്ച് നാരായണന്‍നായര്‍ മരണമടഞ്ഞ ശേഷവും അനന്തിരവരുടെ നിഴലായി ഓമല്‍ നിലകൊണ്ടു. അപ്പോഴേക്കും മയിലാടും പാറമലയിലെ ഏകാന്തധ്യാനങ്ങള്‍ ഓമലിനെ മറ്റൊരാളാക്കി മാറ്റിയിരുന്നു.

ശിവപുരാണത്തില്‍നിന്ന് പ്രതിഷ്ഠാസങ്കല്പത്തിലേക്ക്

ശിവപുരാണത്തിലൂടെയാണ് തന്റെ ജീവിതലക്ഷ്യം ഓമല്‍ തിരിച്ചറിഞ്ഞത്. ശിവഭക്തിയുടെ മാഹാത്മ്യം ഉറപ്പിക്കുന്ന കഥകള്‍ ആ ഹൃദയത്തില്‍ തറഞ്ഞുകിടന്നു. അവയില്‍ ഏറ്റവും ആകര്‍ഷിച്ചത് ചണ്ഡകന്‍ എന്ന വേടന്റെ കഥയാണ്. നായാട്ടുവീരനായ ചണ്ഡകന്‍ ഒരിക്കല്‍ കാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ ഒരു പഴയ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാനിടയായി. പീഠത്തില്‍നിന്ന് വീണുകിടക്കുന്ന ശിവലിംഗം കൈയിലേന്തി നടന്ന ചണ്ഡകനെ രാജകുമാരനായ സിംഹകേതു കണ്ടു. ”നശിച്ചു കിടന്ന അമ്പലത്തില്‍നിന്ന് കിട്ടിയ ഈ ശിവലിംഗം എന്തുചെയ്യണം? ശിവലിംഗംവെച്ച് പൂജിക്കാന്‍ എനിക്ക് യോഗ്യതയുണ്ടോ? വേടന്മാര്‍ക്ക് ശിവലിംഗം പൂജിക്കാമെങ്കില്‍ പൂജാവിധികള്‍ പറഞ്ഞുതരാമോ?” അധഃസ്ഥിതനായ ചണ്ഡകന്റെ ചോദ്യങ്ങള്‍ക്ക് സിംഹകേതു കൃത്യമായ ഉത്തരം നല്‍കി: ”ശിവലിംഗം ആര്‍ക്കും പൂജിക്കാം. വേടന്മാര്‍ക്കും പൂജിക്കാം. വനത്തില്‍ പാറപ്പുറത്ത് ശിവലിംഗംവെച്ച് അരുവിയിലെ വെള്ളംകൊണ്ടുവന്ന് നിത്യവും ഭക്തിയോടെ ജലധാര ചെയ്യണം. നീയും ദിവസവും കുളിച്ചു വൃത്തിയാകണം. നിത്യവും ശരീരത്തില്‍ ഭസ്മം പൂശണം. നിന്റെ നിത്യഭക്ഷണങ്ങള്‍ ശിവനും നിവേദിക്കണം. പഞ്ചാക്ഷരി നിത്യവും ജപിക്കണം. ഇങ്ങനെ നിത്യപൂജ ചെയ്താല്‍ മഹേശ്വരന്‍ പ്രസാദിക്കും.”

ശിവപുരാണത്തിലെ ‘ശംബരമാഹാത്മ്യം’ എന്ന ഭാഗത്തുള്ള ഈ ഉപദേശങ്ങള്‍ അതേപടി അനുഷ്ഠിക്കുകയാണ് പില്‍ക്കാലത്ത് ഓമല്‍ ചെയ്തത്. അതിന് നിമിത്തമായ ഒരു സംഭവവും ഉണ്ടായി. 1873-ല്‍ ആറന്മുള ക്ഷേത്രത്തിലെ പുതിയ ധ്വജപ്രതിഷ്ഠ കാണാന്‍ പോയ ഓമല്‍, പമ്പയുടെ ഇക്കരക്കടവിലുള്ള പരപ്പുഴ മണപ്പുറത്ത് സ്വയം മറന്ന് തൊഴുതുനിന്നു. ദളിതര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന അതിര്‍ത്തിക്കപ്പുറം താന്‍ ചെന്നത് ഓമല്‍ അറിഞ്ഞില്ല. ‘അയിത്തരേഖ’ കടന്ന ഓമലിനെ സവര്‍ണര്‍ ചാണകം വാരി എറിഞ്ഞതായി ഓമലിന്റെ പിന്‍മുറക്കാര്‍ പറയുന്നു. ‘ഇനി ഇവിടേക്ക് വരില്ല’ എന്നു വിളിച്ചുപറഞ്ഞ് ഓമല്‍ തിരികെയെത്തി. കരിപ്പള്ളിലെ ജോലികള്‍ കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ മയിലാടുംപാറയിലെ ഏകാന്തതയില്‍ കഴിഞ്ഞു. മാസങ്ങള്‍ക്കുശേഷം ഒരു ദൃഢനിശ്ചയത്തിലെത്തിയ ഓമല്‍ കഠിനമായ വ്രതമാരംഭിച്ചു. നാല്പത്തിയൊന്ന് ദിവസം തുളസിനീര് മാത്രം ഭക്ഷണം. ചുണ്ടില്‍ സദാ പഞ്ചാക്ഷരീമന്ത്രം. കരിപ്പള്ളില്‍നിന്നാണ് തുളസിനീര് എത്തിച്ചിരുന്നത്. കൊല്ലവര്‍ഷം 1050 കുംഭം 24-ാം തീയതി (എ.ഡി. 1875 മാര്‍ച്ച് 6) മഹാശിവരാത്രിയായിരുന്നു.

അന്നേദിവസം വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകിക്കഴിഞ്ഞ ഓമല്‍, അമാവാസിയിലേക്കു കടക്കുന്ന രാത്രിയില്‍ പമ്പയിലെ കുടുന്തക്കടവില്‍നിന്ന് മുങ്ങിയെടുത്ത ശില സ്വന്തം മഴുകൊണ്ട് ചീന്തിയൊരുക്കി മനോഹരമായ ഒരു ശിവലിംഗരൂപമുണ്ടാക്കി. പഞ്ചാക്ഷരീജപത്തോടെ ശില കൈകളിലേറ്റി കുന്നുകയറി മയിലാടുംപാറയിലെത്തി. അനുയായികള്‍ പ്രാര്‍ത്ഥനകളോടെ പിന്തുടര്‍ന്നു. പൂജാര്‍ച്ചനകള്‍ക്കുശേഷം ശിവലിംഗം പീഠത്തിലുറപ്പിച്ചു. അന്ന് ഓമലിന് അമ്പതുവയസ്സ്. ആ ചരിത്രമുഹൂര്‍ത്തം പുറംലോകമറിഞ്ഞില്ല. എന്നാല്‍ മാസങ്ങള്‍ക്കുശേഷം ആറന്മുള ക്ഷേത്രാധികാരിയില്‍നിന്ന് മയിലാടുംപാറയിലേക്ക് ഒരു തീട്ടൂരം വന്നതായി ഓമലിന്റെ പിന്‍തലമുറക്കാര്‍ പറയുന്നു. പുലയന്‍ പ്രതിഷ്ഠ നടത്തിയതിന്റെ അടിസ്ഥാനം എന്ത്? എന്നായിരുന്നു ചോദ്യം. ”തപസ്വിക്ക് പ്രതിഷ്ഠ നടത്താമെന്ന്” ഓമല്‍ മറുപടി നല്‍കിയത്രെ. മുന്‍കടം, തന്‍കടം, സങ്കടം, അപകടം ഈ നാലു കടങ്ങളും ഇല്ലാത്ത ആള്‍ക്ക് മാത്രമേ എന്നെ തടയാനവകാശമുള്ളൂ എന്നും ഓമല്‍ കൂട്ടിച്ചേര്‍ത്തതായി മയിലാടും പാറയിലെ ഓമല്‍ ഭക്തന്മാര്‍ വ്യക്തമാക്കുന്നു. പിന്നീട് പ്രതികരണമൊന്നും മേലാളന്മാരില്‍നിന്ന് ഉണ്ടായില്ല.

ശിവലിംഗപ്രതിഷ്ഠയ്ക്കുശേഷം അവിടെ ഓലകൊണ്ട് കോവില്‍ കെട്ടിയ ഓമല്‍ നിത്യപൂജയും തുടങ്ങി. കാട്ടിലെ പാറയില്‍ കുടില്‍ കെട്ടി ശിവപൂജ തുടങ്ങിയ ചണ്ഡകനായിരുന്നു (ശിവപുരാണം) ഓമലിന്റെ പ്രചോദനമാതൃക. ചണ്ഡകന്റെ ഓരോ ആചാരവും ഓമല്‍ പിന്തുടര്‍ന്നു. തന്റെ നിത്യഭക്ഷണങ്ങള്‍ ശിവസങ്കല്പത്തിന് സമര്‍പ്പിച്ചു. പമ്പയിലെ കുടുന്തമൂഴിയില്‍ നിന്ന് വെള്ളം കുടത്തില്‍ കൊണ്ടുവന്ന് ശിവലിംഗത്തില്‍ ധാര ചെയ്തു. പൂജയ്ക്കുശേഷം ചണ്ഡകന്‍ ഭാര്യയായ പുളിന്ദിയെ വിളിച്ച് വന്ദനം ചെയ്യിച്ചതുപോലെ ഓമലും ഭാര്യയായ തളിരിയെ നമസ്‌കാരം ചെയ്യിപ്പിച്ചു. ഓമലിന്റെ ആത്മീയനേതൃത്വത്തില്‍ മയിലാടുംപാറയിലെ കോവില്‍ ദളിതര്‍ക്ക് അഭയകേന്ദ്രമായി മാറുകയായിരുന്നു. റാന്നിയിലും മറ്റും പുതുവല്‍കൃഷി നടത്തിയ തപസ്വി ഓമല്‍ റാന്നി വലിയകുളത്തും കൊല്ലവര്‍ഷം 1063-ല്‍ (1888) ശിവപ്രതിഷ്ഠ നടത്തിയതായി മയിലാടുംപാറ ക്ഷേത്രഭാരവാഹികള്‍ പറയുന്നു. മലയാള മനോരമ റിപ്പോര്‍ട്ടിലും (1989 മാര്‍ച്ച് 2) വലിയകുളം പ്രതിഷ്ഠയെക്കുറിച്ച് സൂചനയുണ്ട്. വലിയകുളത്തെ പ്രവൃത്തികളെക്കുറിച്ച് അച്ഛന്‍ (ശങ്കരനാരായണപിള്ള) എഴുതിയിരുന്നുവെന്നും പില്‍ക്കാലത്ത് അവ നഷ്ടപ്പെട്ടുപോയെന്നും കരിപ്പള്ളില്‍ നന്ദകുമാര്‍ പറയുന്നു. മയിലാടുംപാറയിലെ ക്ഷേത്രത്തിനോടുചേര്‍ന്ന് ഓമല്‍ കുഴിച്ച കിണര്‍ കൊടിയ വേനലില്‍പോലും വറ്റിയിട്ടില്ല. കൈത്തലത്തിന്റെ ആകൃതിയില്‍ ഓമല്‍ ഉണ്ടാക്കിയ ഭദ്രകാളിരൂപവും മയിലാടുംപാറയിലെ ഉപദേവതകളിലൊന്നായി…

തുടര്‍ന്നുവായിക്കാം

ഡോ. സന്തോഷ് മാധവ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 ജനുവരി ലക്കം പച്ചക്കുതിരയില്‍

Comments are closed.