DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പിയുടെ മലയാള പരിഭാഷ പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലായ ഹിപ്പിയുടെ മലയാളത്തിലുള്ള പരിഭാഷ പുറത്തിറങ്ങി. പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനരൂപം പുറത്തിറങ്ങുന്നതിന് മുമ്പാണ് മലയാളം പരിഭാഷ ഡി.സി ബുക്‌സ് വായനക്കാരിലെക്കെത്തിച്ചിരിക്കുന്നത്.

ഇക്കാലയളവില്‍ പുറത്തിറങ്ങിയ പൗലോ കൊയ്‌ലോയുടെ മറ്റെല്ലാ കൃതികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹിപ്പിയുടെ പശ്ചാത്തലം. എഴുത്തുകാരനാകുന്നതിന് മുമ്പ് പൗലോ കൊയ്‌ലോ നയിച്ച ഹിപ്പി ജീവിതത്തില്‍ നിന്നും സ്വാംശീകരിച്ചെടുത്തതാണ് ഈ നോവലിന്റെ കഥാതന്തു. തന്റെ ആത്മകഥാംശം പേറുന്ന നോവലിലൂടെ പൗലോ കൊയ്‌ലോ നമ്മെ എത്തിക്കുന്നത് നിലവിലുണ്ടായിരുന്ന പാശ്ചാത്യ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച, സമാധാനത്തിനും ശാന്തിക്കുമായി ദാഹിച്ച യുവാക്കളുടെ ഒരു കാലഘട്ടത്തിലേയ്ക്കാണ്.

ബൂര്‍ഷ്വാ ജീവിതത്തിന്റെ ദ്വിമുഖങ്ങളെയും ഭോഗപരതയിലേക്ക് നീങ്ങുന്ന സാമൂഹ്യ വ്യവസ്ഥയെയും ശീതയുദ്ധത്തിന്റെ മുതലാളിത്ത മുഖത്തിനെയും സ്വേഛാധിപത്യപരവും യാഥാസ്ഥിക മനോഭാവവും പേറുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മുന്‍പോട്ട് വെച്ച ആശയങ്ങളെയും ഒരേപോലെ എതിര്‍ത്ത ആ യുവാക്കളുടെ പാതയില്‍ സഞ്ചരിച്ച ജീവിതാനുഭവങ്ങളാണ് തന്റെ ഇരുപതാമത്തെ പുസ്തകമായ ഹിപ്പിയിലൂടെ പൗലോ കൊയ്‌ലോ പങ്കുവെയ്ക്കുന്നത്.

തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവര്‍ഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് ഈ നോവല്‍ നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ്. വായനക്കാര്‍ക്കായി ഹിപ്പിയുടെ കോപ്പികള്‍ എല്ലാ ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളിലും ലഭ്യമാക്കിയിട്ടുണ്ട്.

Comments are closed.