DCBOOKS
Malayalam News Literature Website

വൈക്കം സത്യാഗ്രഹത്തിലെ ഹിന്ദുമതവാദം

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡോ. സുരേഷ് മാധവ്

1926 മെയ് 2, 3 തീയതികളിലായി ഹരിപ്പാട് കവറാട്ട് ക്ഷേത്രാങ്കണത്തില്‍വെച്ച് നടത്തിയ ‘സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാസംഘസമ്മേളന’ത്തിലാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ടി.കെ.മാധവന്‍ (1885-1930) ദീര്‍ഘപ്രഭാഷണം നടത്തിയത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം (2024), കേരളവും തമിഴ്‌നാടും സമുചിതമായി ആഘോഷിക്കുന്ന ഇന്നത്തെ സന്ദര്‍ഭത്തില്‍ ടി.കെ. മാധവന്റെ പ്രസംഗരേഖകള്‍, അപവ്യാഖ്യാനങ്ങള്‍ക്കും അതിവ്യാഖ്യാനങ്ങള്‍ക്കും ചരിത്രംതന്നെ നേരിട്ടു വന്നു മറുപടി തരുന്ന നാടകീയ യാഥാര്‍ഥ്യമായി മാറുന്നു.

1926-ല്‍ ടി.കെ.മാധവന്‍ നടത്തിയ ഹരിപ്പാട് പ്രസംഗത്തിന്റെ അച്ചടിരേഖ, വൈക്കം സത്യാഗ്രഹത്തിന്റെ ഈ നൂറാം വാര്‍ഷികവേളയില്‍ കണ്ടെടുക്കപ്പെടുമ്പോള്‍, സമകാലിക വ്യാഖ്യാനങ്ങള്‍ക്ക് സത്യാഗ്രഹ നായകന്‍ നല്‍കുന്ന നേര്‍പ്രതികരണമായി അതു മാറുന്നു.

1926 മെയ് 2, 3 തീയതികളിലായി ഹരിപ്പാട് കവറാട്ട് ക്ഷേത്രാങ്കണത്തില്‍വെച്ച് നടത്തിയ ‘സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാസംഘസമ്മേളന’ത്തിലാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ടി.കെ.മാധവന്‍ (1885-1930) ദീര്‍ഘപ്രഭാഷണം നടത്തിയത്. വാഗ്ഭടാനന്ദഗുരു, മന്നത്ത് പത്മനാഭന്‍, സ്വാമി സത്യവ്രതന്‍, കുറുമ്പന്‍ ദൈവത്താന്‍, കെ.പി. കയ്യാലയ്ക്കല്‍, കെ.ജി.തോമസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ടി.കെ.യുടെ തുറന്നുപറച്ചിലുകള്‍. മഹാകവി വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്, കെ.റ്റി.Text ചന്തുനമ്പ്യാര്‍, എം. രാമവര്‍മ്മ തമ്പാന്‍, എം. ലക്ഷ്മിക്കുട്ടിയമ്മ, നാലപ്പാട്ട് നാരായണ മേനോന്‍ തുടങ്ങിയവരും പല സമ്മേളനങ്ങളിലായി
ആത്മവിദ്യാസംഘം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഹരിപ്പാട് ആത്മവിദ്യാസംഘം പ്രസിഡന്റ് മീനത്തേതില്‍ Pachakuthira Digital Editionവെളുത്തകുഞ്ഞ്, സമുദായത്തില്‍ കുറുപ്പ്, അഴിക്കകത്ത് ആണ്ടി അരയന്‍, എം.മാധവന്‍ വക്കീല്‍ തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രധാന സംഘാടകര്‍. തിരുവിതാംകൂര്‍ ആത്മവിദ്യാസംഘത്തിനുവേണ്ടി 1927-ല്‍ ഏപ്രില്‍ മാസത്തില്‍ സ്വാമി ആര്യഭടന്‍ പ്രസിദ്ധീകരിച്ച ‘ആത്മവിദ്യാപ്രസംഗരംഗം’ എന്ന കൃതിയിലാണ് ടി.കെ. മാധവന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഹാകവി വള്ളത്തോള്‍, വാഗ്ഭടാനന്ദന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരുടെ സമ്മേളനപ്രസംഗങ്ങളും ഇതിലുണ്ട്. ”വിജ്ഞേയരസങ്ങളായ ആ പ്രസംഗങ്ങള്‍ കേവലം വായുവില്‍ വിലയിക്കാതെ, എഴുതിയെടുത്ത് കര്‍ത്താക്കളെക്കൊണ്ടുതന്നെ പരിശോധിപ്പിച്ച് പുസ്തകരൂപത്തില്‍ വെളിക്കിറക്കുന്നത് എല്ലാംകൊണ്ടും പ്രയോജനപ്രദമായിരിക്കുമെന്നുള്ള വിശ്വാസവും മഹാജനങ്ങളുടെ നിര്‍
ബന്ധപൂര്‍വ്വകമായ അഭിപ്രായവും ഉണ്ടായതുകൊണ്ട്, ഇതിനു തുടങ്ങുന്നതാകുന്നു” എന്ന് ‘പ്രസ്താവന’യില്‍ സ്വാമി ആര്യഭടന്‍ എഴുതുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം (2024), കേരളവും തമിഴ്‌നാടും സമുചിതമായി ആഘോഷിക്കുന്ന ഇന്നത്തെ സന്ദര്‍ഭത്തില്‍ ടി.കെ. മാധവന്റെ പ്രസംഗരേഖകള്‍, അപവ്യാഖ്യാനങ്ങള്‍ക്കും അതിവ്യാഖ്യാനങ്ങള്‍ക്കും ചരിത്രംതന്നെ നേരിട്ടു വന്നു മറുപടി തരുന്ന നാടകീയ യാഥാര്‍ഥ്യമായി മാറുന്നു.

വൈക്കം സത്യാഗ്രഹം ഹിന്ദുധര്‍മപരിഷ്‌കരണം

”ഞാന്‍ ഹിന്ദുധര്‍മത്തില്‍ സ്ഥിരമായി, ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരുവനാകുന്നു. എന്റെ വിശ്വാസത്തിന് എന്റെ ആത്മാവോളംതന്നെ ആഴമുണ്ട്” എന്നു പ്രഭാഷണത്തിന്റെ തുടക്കത്തില്‍തന്നെ ടി.കെ. മാധവന്‍ വ്യക്തമാക്കുന്നുണ്ട്. ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ സമ്മാനിച്ച മംഗളപത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ള തന്റെ ആദര്‍ശങ്ങളെപ്പറ്റി ചിലത് പറയാനുണ്ട് എന്ന മുഖവുരയോടെയാണ് അദ്ദേഹം വിശദീകരിച്ചുതുടങ്ങുന്നത്. ”ക്ഷേത്രപ്രവേശനപ്രക്ഷോഭത്തെപ്പറ്റി ഈ മഹാസദസ്സില്‍വെച്ച് സാമാന്യം ദീര്‍ഘമായി നിരൂപണം ചെയ്യണമെന്ന് ആ പ്രക്ഷോഭണത്തിന്റെ വിജയത്തില്‍ താത്പര്യമുള്ള ചില അഭ്യുദയാശംസികള്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ഈ മഹാസദസ്സില്‍ അവര്‍ണഹിന്ദുക്കളും സവര്‍ണഹിന്ദുക്കളും ധാരാളമായി സമ്മേളിച്ചിരിക്കുന്നതുകൊണ്ടും കേരളത്തിലെ പ്രസിദ്ധന്മാരായ ചില ‘അഭിപ്രായനേതാക്കന്മാര്‍’ ഇവിടെ സന്നിഹിതരായിരിക്കുന്നതുകൊണ്ടും അപ്രകാരമുള്ള ഒരു നിരൂപണം ആവശ്യമാണെന്ന് എനിക്കു തോന്നുന്നുണ്ട്” എന്നു
പ്രസ്താവിച്ചുകൊണ്ടാണ് ടി.കെ. തന്റെ ദീര്‍ഘഭാഷണം ആരംഭിക്കുന്നത്.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.