DCBOOKS
Malayalam News Literature Website

കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ കാലഘട്ടമാണ് ഇതെന്ന് വിശാല്‍ ഭരദ്വാജ്

മുംബൈ; കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ കാലഘട്ടമാണ് ഇതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ അത്തരം പ്രശ്‌നങ്ങളെ മറ്റൊരു തരത്തില്‍ നോക്കൂ.. ഈക്കാലഘട്ടം തന്നെയാണ് കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യം. കാരണം അടിച്ചമര്‍ത്തപ്പെടുന്തോറും കലാകാരന്‍ വളരുകയാണെന്നും വിശാല്‍ ഭരദ്വാജ് അഭിപ്രായപ്പെട്ടു. തന്റെ പുതിയ കവിതാ സമാഹാരം ‘ന്യൂഡ്’ന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ക്ക് ശരിയായ വഴിയേതെന്ന് ബോധ്യമുണ്ടെങ്കില്‍ അതേക്കുറിച്ച് പറയാന്‍ എന്തിനു മടിക്കണം. മാത്രമല്ല നിങ്ങള്‍ ആരുടെയെങ്കിലും മുഖത്തടിയ്ക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സമയവും സന്ദര്‍ഭവും ഒത്തുവരുമ്‌പോഴാണ് അതു ചെയ്യേണ്ടത്. എങ്കിലേ ഫലമുള്ളു. അല്ലാതെ അന്തരീക്ഷത്തില്‍ അടിച്ചതു കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? നമ്മള്‍ ആരേയും പേടിയ്‌ക്കേണ്ടതില്ലെന്ന് ചരിത്രം തന്നെ തെളിയിക്കുന്നുണ്ടെന്നും വിശാല്‍ വ്യക്തമാക്കി. ഞാന്‍ എന്റെ സിനിമകളിലൂടെ എന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്റെ കാഴ്ച്ചപ്പാടില്‍ അത് വളരെ അനിവാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഓംകാര, ഹെയ്ഡര്‍ എന്ന വിവാദചിത്രങ്ങളുടെ സംവിധായകനാണ് വിശാല്‍. ആ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്നു പിന്നോട്ടു പോകാന്‍ വിശാല്‍ ഒരുക്കമായിരുന്നില്ല.

Comments are closed.