DCBOOKS
Malayalam News Literature Website

ഗലീലിയോയും ഗ്രാവിറ്റിയും

പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗുരുത്വാകര്‍ഷണ ശക്തിയെ സാധാരണജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഡോ. ജോര്‍ജ്ജ് വര്‍ഗീസ് എഴുതിയ ഗ്രാവിറ്റി. ഗുരുത്വാകര്‍ഷണം എന്തെന്നു തിരിച്ചറിഞ്ഞ ചരിത്രപശ്ചാത്തലങ്ങളിലൂടെയും ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നടത്തിയ ഒരു പര്യടനമാണ് ഈ പുസ്തകം. 

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ഇറ്റലിയിലെ പിസ പട്ടണത്തില്‍ 1564 ഫെബ്രുവരി 15 -നായിരുന്നു ഗലീലിയോ ഗലിലി (Galileo Galilei‑) യുടെ ജനനം. വില്യം ഷേക്‌സ്പിയര്‍ ജനിച്ചതും അതേയാണ്ടിലായിരുന്നു! സംഗീത വിദുഷിയായിരുന്നു ഗലീലിയോയുടെ പിതാവ്, വിന്‍സെഷിയോ(Vincenzio) അമ്മയുടെ പേര് ഗ്യൂലിയ (Giulia‑). മകനെ വൈദ്യശാസ്ത്രം അഭ്യസിപ്പിച്ചിട്ട് മികച്ച ഭിഷഗ്വരനാക്കണം എന്നായിരുന്നു വിന്‍സെഷിയോയ്ക്ക് താത്പര്യം. ജോലിക്കു മുടക്കം വരില്ല, നല്ല ശമ്പളം കിട്ടുകയും ചെയ്യും. ഭിഷഗ്വരനായിത്തീരുന്നത്, മാന്യതയും ഉയര്‍ന്ന പ്രതിഫലവും ലഭിക്കുന്നതിനു കാരണമാകുമെന്ന് അക്കാലത്തും കരുതിയിരുന്നു. പതിനേഴാം വയസ്സില്‍ ഗലീലിയോ പിസ സര്‍വ്വകലാശാലയില്‍ വൈദ്യശാസ്ത്രം പഠനമാരംഭിച്ചു. അധ്യാപകരോട് സംശയങ്ങള്‍ ചോദിച്ചും വാദിച്ചും അവരുടെ ക്ഷമ കെടുത്താന്‍ ഗലീലിയോ മിടുക്കനായിരുന്നു. അതുകൊണ്ടു കുട്ടികള്‍ക്കിടയില്‍ അദ്ദേഹത്തിനൊരു ദുഷ്‌പേരും വീണുകിട്ടി, ‘വഴക്കാളി’. ഒന്നു രണ്ടു വര്‍ഷം അങ്ങനെ കടന്നുപോയി. ഇനിയുള്ള സംഭവം നടക്കുന്നത് 1513 ലാണ്. ശൈത്യകാലം തുടങ്ങിക്കഴിഞ്ഞു. സംഗീതവിദ്വാനായിരുന്നതുകൊണ്ട് വിന്‍സെഷിയോയ്ക്ക് പ്രഭുകുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ടസ്‌കനിലെ (Tuscany)  പ്രഭു പിസയിലുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് ഇടയ്ക്ക് താമസം മാറ്റി. കൊട്ടാരം വിദ്വാന്മാരും സംഗീജ്ഞരും അവിടെ ഒത്തുകൂടി, പ്രഗല്ഭ ഗണിതജ്ഞനായിരുന്ന ഒസ്റ്റിലിയോ റിക്കി (Ostilio Ricci‑) ഒരു പ്രഭാഷണം നടത്തുന്നു. വിന്‍സെഷിയോയില്‍നിന്നും ഇക്കാര്യമറിഞ്ഞ ഗലീലിയോയും പ്രഭാഷണം കേള്‍ക്കാന്‍ പോയി. റിക്കിയുടെ ഗണിതജ്ഞാനവും Textപ്രഭാഷണകുശലതയും ഗലീലിയോയെ അത്ഭുതപ്പെടുത്തി. റിക്കിയുടെ ഒരു ശിഷ്യനായി ഗണിതം അഭ്യസിക്കണമെന്ന മോഹം അങ്കുരിച്ചു, അതു ക്രമേണ പുഷ്ടിപ്പെടുകയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളെക്കാള്‍ ഗണിതശാസ്ത്രഗ്രന്ഥങ്ങള്‍ ഗലീലിയോ അഭ്യസിച്ചുതുടങ്ങുകയും ചെയ്തു. ഫലമോ, ബിരുദമൊന്നുമെടുക്കാന്‍ കഴിയാതെ 1585-ല്‍ അദ്ദേഹം സര്‍വ്വകലാശാല വിട്ടു. ഒടുക്കം ജോലി കിട്ടുവാന്‍ ബുദ്ധിമുട്ടി. ഫ്‌ളോറന്‍സില്‍ കുട്ടികളെ ഗണിതം പഠിപ്പിക്കുന്ന ചില്ലറ പണികളൊക്കെ തരപ്പെട്ടുകിട്ടി. അങ്ങനെ ഗലീലിയോ ഒരു ഗണിതാദ്ധ്യാപകനായി. ഗണിതത്തോടൊപ്പം ഭൗതികശാസ്ത്രവും അദ്ദേഹം പഠിച്ചു. പഠിക്കുന്നതിനേക്കാള്‍ താത്പര്യം ഭൗതി കതത്ത്വങ്ങള്‍ കണ്ടെത്തുന്നതിലായിരുന്നു.

പിസയില്‍ പഠിക്കുന്ന കാലത്തുതന്നെ ഗലീലിയോ നടത്തിയ പെന്‍ഡുലത്തിന്റെ ആട്ടം സംബന്ധിക്കുന്ന നിരീക്ഷണം ശാസ്ത്രകുതുകികള്‍ക്ക് ആവേശംകൊള്ളിക്കുന്ന സംഭവമാണ്. ശാസ്ത്രചരിത്രം കുറിക്കുന്നവര്‍ അതൊരിക്കലും ഉപേക്ഷിക്കാറില്ല. ഗലീലിയോ വിദ്യാര്‍ത്ഥിയാണ്. പള്ളിയില്‍ ആരാധനയ്ക്കായി അദ്ദേഹം പോയി. പതിവുള്ള ഒരു പരിപാടിയാണ് അത്. പുരോഹിതന്റെ മുഷിപ്പന്‍ പ്രഭാഷണത്തില്‍ ശ്രദ്ധിക്കാതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരിക്കുകയണ് ഗലീലിയോ. ജനാലവാതില്‍ക്കല്‍ വലിയ മറ തൂക്കിയിടാറുണ്ട്. അത് ആട്ടിയാല്‍ അകത്തേക്കു കാറ്റും കടക്കും. മറയുടെ ആട്ടം ശ്രദ്ധിച്ചുകൊണ്ട് ഗലീലിയോ ചിന്താധീനനായി. മറ ഒരു ആട്ടം പൂര്‍ത്തിയാക്കാന്‍ എത്ര സമയം എടുക്കും. വേഗത്തില്‍ ആട്ടുമ്പോഴും സാവധാനം ആട്ടുമ്പോഴും സമയവ്യത്യാസമുണ്ടാകുന്നുണ്ടോ എന്നീ കാര്യങ്ങളൊക്കെ അദ്ദേഹം നിരീക്ഷിച്ചു. സമയം അളക്കുവാന്‍ ഘടികാരങ്ങളൊന്നുമില്ല. പിന്നെ വിശ്വസിക്കാവുന്നത് കയ്യിലെ ഞരമ്പ് ത്രസിക്കുന്ന ഹൃദയസ്പന്ദനമാണ്. ‘വല്ലഭനു പുല്ലും ആയുധം’ എന്നല്ലേ ചൊല്ല്. ഗലീലിയോ അതുപയോഗിച്ചു. ആട്ടത്തിന്റെ സമയം അദ്ദേഹം ഗണിച്ചു. ചെറുതായി ആട്ടിയാലും വലുതായി ആട്ടിയാലും വ്യത്യാസമില്ല. ഗലീലിയോയിലെ നിരീക്ഷകന്‍ ഉണര്‍ന്നു. വീട്ടില്‍ ചെന്ന് പല പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. ഒരേ നീളമുള്ള ചരടില്‍ വിവിധ ദ്വാരങ്ങളുള്ള പെന്‍ഡുലം ഉണ്ടാക്കി ആട്ടം പരിശോധിച്ചു. ഭാരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് ആട്ടത്തിനു വേണ്ടി വരുന്ന സമയത്തിന് യാതൊരു മാറ്റവുമില്ലെന്നു കണ്ടു. എന്നാല്‍ ചരടിനു നീളം കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്താല്‍ സംഗതി മാറും. 1602-ലാണ് ഗലീലിയോ സംശയലേശമെന്യെ ഇക്കാര്യങ്ങളൊക്കെ കണ്ടെത്തുന്നത്. എന്നാല്‍ അതിനു വഴിമരുന്നിട്ടത് അന്നു പള്ളിയില്‍ ആരാധനയില്‍ സംബന്ധിക്കുമ്പോഴായിരുന്നു. ഗുരുത്വാകര്‍ഷണശക്തിയുടെ സൂചന ഗലീലിയോ അന്നു കണ്ടു കാണും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.