DCBOOKS
Malayalam News Literature Website

ഗ്രാമത്തിലെ പാലങ്ങള്‍; പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത

കുട്ടിക്കാലത്ത്
തോടിനു മീതെ
മറുകരയെത്താന്‍
തെങ്ങിന്‍തടികളായിരുന്നു

ശ്വാസം പിടിച്ച്
ഉള്ളം വിറച്ച്
നൂല്‍പ്പാതയിലെന്ന പോലെ
ഞാനവ കടന്നു
മരപ്പാലങ്ങള്‍ നടത്തത്തിനു
രസമേകി
അതിനുതാഴെ
ചെറിയ ചെളിമാളങ്ങളില്‍
ചുവന്നകാലുകളുള്ള
ഞണ്ടുകള്‍
കാറ്റിനൊപ്പം
കേറിയിറങ്ങി

കമാനാകൃതിയിലുള്ള
കോണ്‍ക്രീറ്റ് പാലങ്ങള്‍
പെരുന്തോടുകള്‍ക്ക് മീതെ
ആരോ മറന്നുവെച്ച
കാവടികളായി
അതിനു താഴെ
ചകിരി നിറച്ച വള്ളങ്ങള്‍
മെല്ലെ നീങ്ങി

പുഴയില്‍
കാറും ലോറിയും
കേറ്റിയ
ചങ്ങാടങ്ങള്‍
മുരണ്ടുകൊണ്ട്
മെല്ലെ നീങ്ങി

മുതിന്നര്‍പ്പോള്‍
പുനലൂര്‍ തൂക്കുപാലത്തില്‍
കേറി
അതിന്റെ ചകിതമായ
ആട്ടത്തില്‍
ഇപ്പോള്‍ റോഡുകളായ
എന്റെ എല്ലാ
ഗ്രാമ പാലങ്ങളെയും
കാലുകൊണ്ട്
തൊട്ടറിഞ്ഞു

നവംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.