DCBOOKS
Malayalam News Literature Website

ഗോത്രഭാഷാ കവിതകൾ ഞങ്ങളുടെ അതിജീവനശ്രമം: സുകുമാരന്‍ ചാലിഗദ്ദ

കേരള ലിറ്ററച്ചേർ ഫെസ്റ്റിവലിൽ ഗോത്ര കവിതയെക്കുറിച്ച് ചർച്ചനടന്നു. സ്വന്തം ജനത നേരിടുന്ന ഒറ്റപ്പെടലുകളും വേദനകളും നഷ്ടങ്ങളും അടയാളപ്പെടുത്താനുള്ള വ്യഗ്രതയാണ് ഗോത്രഭാഷയിൽ കവിത എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കവി സുകുമാരൻ ചാലിഗദ്ദ പറഞ്ഞു. ഗോത്രഭാഷ സാഹിത്യം പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനെ ദളിത് സാഹിത്യത്തിന്റെ അവാന്തരവിഭാഗമെന്ന് ഒതുക്കരുതെന്നും ദളിതും ആദിവാസിയും രണ്ട് വ്യത്യസ്ത അനുഭവങ്ങളാണെന്നും മുഖ്യധാരയിൽ താൻ ഒരുപാട് അന്യവൽക്കരണം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാമൊഴിയിൽ അധിഷ്ഠിതമായ മഹത്തായ പാരമ്പര്യത്തെ ചേർത്തുപിടിക്കാനും അതേ സമയം നൂതനമായ സാധ്യതകളോട് ഒപ്പം നടക്കാനുമുള്ള ശ്രമങ്ങളാണ് തന്റെ കവിതകളെന്ന് ധന്യ വേങ്ങച്ചേരി അഭിപ്രായപ്പെട്ടു. സ്വത്വത്തെക്കുറിച്ചുള്ള അവബോധം തന്റെ എഴുത്തിനെ സഹായിച്ചുവെന്നും മലയാളത്തിൽ നിന്ന് കവിതകൾ ഗോത്രഭാഷയിലേക്ക് പരിഭാഷ ചെയ്യുമ്പോൾ ആധുനിക പദങ്ങൾ വെല്ലുവിളിയാകാറുണ്ടെന്നും അവർ പറഞ്ഞു. പുതിയ കാലത്തെയും പാരമ്പര്യത്തെയും ആചാരങ്ങളെയും മഹത്തായ വാമൊഴി വഴക്കങ്ങളെയും സൂക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് തന്റെ കവിതകളെന്ന് കവി അജയൻ മടൂർ വ്യക്തമാക്കി.

Comments are closed.