DCBOOKS
Malayalam News Literature Website

ആമിയുടെ അക്ഷരങ്ങള്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം

ഗൂഗിളിന്റെ പ്രധാന പേജിലെ ഡൂഡിലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയാണ്. മനുഷ്യമനസ്സിന്റെ സര്‍വ്വ തലങ്ങളെയും അനാവൃതമാക്കുന്ന കഥാകാരിയും നോവലിസ്റ്റും കവിയത്രിയുമായ മാധവിക്കുട്ടി കലാതീതമായി നമ്മെ പ്രണയിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്ഷരങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ച കമലാ സുരയ്യയോടുള്ള ആദരസൂചകമായിട്ടാണ് ഗൂഗിള്‍ ഡൂഡില്‍ ചിത്രം ആലേഖനം ചെയ്തത്. ആര്‍ട്ടിസ്റ്റ് മജ്ഞിത് താപ്പാണ് ഡൂഡിലിനായി ചിത്രം വരച്ചത്.

‘പ്രകടമാക്കാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യംശേഖരം പോലെ ഉപയോഗശൂന്യവും’ നീര്‍മാതളം പൂത്ത കാലം എന്ന ആത്മകഥാംശമുള്ള പുസ്തകത്തില്‍ മാധവിക്കുട്ടി ഇങ്ങനെ പറയുന്നുണ്ട്. അക്ഷരങ്ങളിലൂടെ പറഞ്ഞുവെച്ചത് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു പ്രിയ കഥാകാരി. മുന്‍വിധികളില്ലാതെ താനേവാര്‍ന്നുവീഴുന്നവയെന്നു ധ്വനിപ്പിക്കുന്നവയാണ് പൊതുവേ അവരുടെ രചനകള്‍. തെരഞ്ഞടുക്കുന്ന വിഷയങ്ങളിലെ അസാധാരണത്വം, മിതത്വം, കഥപറയുന്നതിലെ ലാളിത്യം എന്നിവ മാധവിക്കുട്ടിയുടെ കഥകള്‍ക്ക് കരുത്തുപകരുന്നു…

മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ അതിര്‍ത്തികളുടെ അതിലംഘനത്തിലൂടെ തങ്ങളെ വ്യത്യസ്തരായി ആവിഷ്‌കരിക്കുന്നവരാണ്. കറുത്തപെണ്ണ് എന്ന കഥയിലെ സ്ത്രീ വൃദ്ധനായ മുത്തച്ഛനെ കഴുത്തുഞെരിച്ച് കൊന്നതിനുശേഷം കിണറ്റില്‍ തള്ളിയിട്ട് ഭാവഭേദമില്ലാതെ മുറ്റമടിക്കുന്നു. കല്യാണി എന്ന കഥയിലെ അമ്മിണി എന്ന സ്ത്രീയെ ബലമായി പിടിച്ചുകൊണ്ടുപോകുന്നവര്‍ അവള്‍ പിഴച്ചവളാളെന്ന് ആരോപിക്കുന്നു. അവളുടെ ഭര്‍ത്താവ് അവിശ്വസിച്ച് അവളെ കൈയ്യൊഴിയുന്നു. ഇവിടെയെല്ലാം സമൂഹം നിരന്തരം നിരീക്ഷണത്തിലൂടെയും ശിക്ഷാവിധികളിലൂടെയും കാവലേര്‍പ്പെടുത്തിയ ലിംഗപദവി എന്ന അനുഭസ്ഥലത്തെ അധമവികാരങ്ങളുടെയും അക്രമവാസനകളുടെയും ദമനകാരിയായ ദൃശ്യം മാധവിക്കുട്ടി അടയാളപ്പെടുത്തുന്നു. രാജുവിന് കുപ്പായമില്ല, രക്താര്‍ബുദം, നുണകള്‍, സ്വതന്ത്രജീവികള്‍ എന്നീ കഥകളില്‍ സ്ത്രീ പുരുഷ ബന്ധങ്ങളിലെ നിരവധി ഭാവങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. ചുവന്ന പാവാട, കുറച്ചുമണ്ണ്, പാലായനം എന്നീ കഥകളിലുമൊക്കെ മാധവിക്കുട്ടി പുരുഷനെ അനുകമ്പയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

മലഞ്ചെരുവില്‍, പക്ഷിയുടെ മണം, മുഖമില്ലാത്ത കപ്പിത്താന്‍ എന്നിവയില്‍ മരണം കാത്തിരിക്കിന്നവരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ആര്‍ക്കും ഭാവി ഒരു ബാധ്യതയായി തോന്നില്ല. അത്തരമൊരു അവസരത്തില്‍ മാധവിക്കുട്ടി എഴുതിയ അസാധാരണമായ ഒരു കഥയാണ് എന്റെ കഥ. ഇതൊരു ഭാവനാസൃഷ്ടിയാണെങ്കിലും അതില്‍ അവരുടെ ജീവിതാംശമുണ്ട്. അതുകൊണ്ടുതന്നെ എന്റെ കഥ മാധവകുട്ടിയുടെ ആത്മകഥയാണ് എന്ന് നിസംശയം പറയാം. എന്റെ കഥയ്ക്കുശേഷം എഴുതിയ വര്‍ഷങ്ങള്‍ക്കുമുമ്പ്, നീര്‍മാതളം പൂത്തകാലം, ബാല്യകാലസ്മരണകള്‍, ജാനുവമ്മ പറഞ്ഞ കഥ തുടങ്ങിയ ആഖ്യാനങ്ങളിലെല്ലാം പുതിയ കാലത്തിന്റെ വികാസം ദര്‍ശിക്കാം. മലയാളത്തിലെ കഥാകാരി എന്നതിനൊപ്പം തന്നെ ഇന്തോ-ആംഗ്ലിയന്‍ കവികളില്‍ സമുന്നതമായ ഒരുസ്ഥാനത്തിന് അര്‍ഹയാണ് മാധവിക്കുട്ടി.

കഥകളിലൂടെ സ്ത്രീത്വത്തിനുനേരിടുന്ന വെല്ലുവിളികളെ ചോദ്യംചെയ്ത മാധവിക്കുട്ടിയുടെ നോവലുകളാണ് മാനസി, മാധവിക്കുട്ടിയുടെ മൂന്നു നോവല്ലകള്‍, ചന്ദനമരങ്ങള്‍, കടല്‍ മയൂരം തുടങ്ങിയവ. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വര്‍ത്തമാന വിഹ്വലതകളെയും അഭിലാഷങ്ങളെയും ആത്മീയ അന്വേഷണങ്ങളെയും അവയുടെ ബോധസമഗ്രതയില്‍ പ്രതിനിധാനം ചെയ്ത എഴുത്തുകാരി എന്ന നിലയില്‍ കമലാദാസ് എന്ന മാധവിക്കുട്ടിയുടെ സ്ഥാനം അദ്വിതീതമാണ്.

1932 മാര്‍ച്ച് 31ന് പാലക്കാട് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 10-ാം വയസില്‍ മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പില്‍ വന്ന കുഷ്ഠരോഗിയാണ് ആദ്യ കഥ. 1955ല്‍ ആദ്യ കഥാസമാഹാരമായ മതിലുകള്‍ പുറത്തിറക്കി. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ദ ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേഹൗസ്, ബെസ്റ്റ് ഓഫ് കമലാദാസ് തുടങ്ങിയവയാണ് പ്രധാന ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍. ഇവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ് , കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1984ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.1984 സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധവിക്കുട്ടിയുടെ പേര് നിര്‍ദേശിക്കപ്പെട്ടു. പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍, ബഹുതന്ത്രികയുടെ ഫൗണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നിട്ടുണ്ട്. പൊതുതെരഞ്ഞടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചു. 2009 മെയ് 31ന് മാധവിക്കുട്ടി എന്ന അനുഗ്രഹീത കലാകാരി ഈ ലോകത്തോട് വിടപറഞ്ഞു.

Comments are closed.