DCBOOKS
Malayalam News Literature Website

ബംഗാളി എഴുത്തുകാരി കാമിനി റോയിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ബംഗാളി ഭാഷയിലെ പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീപക്ഷചിന്തകയുമായിരുന്ന കാമിനി റോയിക്ക് ആദര്‍മര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഓണേഴ്‌സ് ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കാമിനി റോയിയുടെ 155-ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്.

1864 ഒക്ടോബര്‍ 12-ന് കിഴക്കന്‍ ബംഗാളിലെ ബകേര്‍കുഞ്ജ് ജില്ലയിലെ ബസന്ദ ഗ്രാമത്തിലെ പ്രശസ്തമായ കുടുംബത്തിലായിരുന്നു കാമിനി റോയിയുടെ ജനനം. പിതാവ് ചാന്ദി ചരണ്‍ സെന്‍ ഒരു ന്യായാധിപനും  എഴുത്തുകാരനും ബ്രഹ്മസമാജം പ്രവര്‍ത്തകനുമായിരുന്നു.

എട്ടാമത്തെ വയസ്സില്‍ തന്നെ കവിതാരചന ആരംഭിച്ച കാമിനിയുടെ ആദ്യ കവിതാസമാഹാരം ‘ആലോ ഓ ഛായാ’ ഹേമചന്ദ്ര ബാനര്‍ജി എഴുതിയ അവതാരികയോടെ 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാമിനി റോയിയുടെ കവിതകളില്‍ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനമുണ്ടായിരുന്നു. ബംഗാളി ലിറ്റററി കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്, ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കല്‍ക്കട്ട യൂണിവേഴ്‌സിറ്റി ഇവരെ ജഗത്തരിണി സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.മഹാശ്വേതാ, പുണ്ഡോരിക്, പൗരാണികി, ദീപ് ഓ ധൂപ്, ജീബൊണ്‍ പഥേ, നിര്‍മ്മല്യ, മല്യ ഓ നിര്‍മ്മല്യ, അശോക് സംഗീത്, ധര്‍മ്മപുത്ര (വിവര്‍ത്തനം) തുടങ്ങിയവ കാമിനിയുടെ പ്രശസ്ത രചനകളാണ്. കൂടാതെ കുട്ടികള്‍ക്കായി രചിച്ച ‘ഗുഞ്ജന്‍’, ‘ബാലികാ ശിഖര്‍ ആദര്‍ശ’ എന്ന ഉപന്യാസസമാഹാരവും ശ്രദ്ധേയമായ കൃതികളാണ്.

സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ആവശ്യകതയെക്കുറിച്ച് കാമിനി റോയി നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളെഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. 1921-ല്‍ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘ബംഗിയ നാരി സമാജ്’ എന്ന സംഘടനയുടെ നേതൃനിരയില്‍ സജീവമായിരുന്നു. 1922-1923 കാലഘട്ടത്തില്‍ ‘ഫീമെയ്ല്‍ ലേബര്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷനില്‍’ അംഗമായിരുന്നു. 1933 സെപ്റ്റംബര്‍ 27-ന് കാമിനി റോയി അന്തരിച്ചു.

Comments are closed.