DCBOOKS
Malayalam News Literature Website

ജോർജ് വാഷിംഗ്ടണും മഡഗാസ്കർ ചായയും …!

1799 ഡിസംബർ 13ന്അമേരിക്കൻ പ്രസിഡൻറ് ജോർജ്ജ് വാഷിംഗ്ടൺ ഉണർന്നത് ജലദോഷ ലക്ഷണങ്ങളുമായാണ്. വസൂരി, ക്ഷയം, മലമ്പനി, കടുത്ത ന്യുമോണിയ എല്ലാം ജീവിതത്തിൽ അതിജീവിച്ച, യുദ്ധത്തിൽ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടായിരുന്ന അദ്ദേഹം ഒരു ചെറിയ ജലദോഷത്തിന് മരുന്നൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല.

രക്തരൂക്ഷിതമായ യുദ്ധക്കളങ്ങളും അപകടകരമായ രോഗങ്ങളും അതിജീവിച്ച, അദ്ദേഹത്തിന് ബാധിച്ച തൊണ്ടവേദന രാത്രിയായപ്പോഴേക്കും കലശലായി. എസ്റ്റേറ്റ് കാര്യസ്ഥൻ നൽകിയ നാട്ട് മരുന്ന് അദ്ദേഹത്തിന് ഇറക്കാൻ പോലും കഴിഞ്ഞില്ല. അന്നത്തെ പ്രമുഖ ചികിൽസാ രീതിയായ രക്തം വാർക്കൽ (blood letting) ൽ അൽപ്പം പ്രാവീണ്യമുണ്ടായിരുന്ന അയാൾ ചെറിയ മുറിവുണ്ടാക്കി അൽപ്പം രക്തം ഒഴുക്കി കളഞ്ഞു.

പിറ്റേന്ന് വെളുത്തപ്പോഴേക്കും അവസ്ഥ കൂടുതൽ വഷളായി. പേർസണൽ ഡോക്ടർ അടക്കം രണ്ട് ഡോക്ടർമാർ പുള്ളിയുടെ ചികിൽസ ഏറ്റെടുത്തു. പ്രസിഡൻ്റിൻ്റെ ചെറുനാക്ക് (epiglottis) നീരു വെച്ച് കടുത്ത ശ്വാസതടസമുണ്ടായെന്ന് അവർ മനസിലാക്കി. മറ്റ് ചികിൽസകൾ ഫലിക്കാതെ അവരും അന്നത്തെ പ്രധാന ചികിത്സാരീതികളിലൊന്നായ, രക്തസ്രാവം ആരംഭിച്ചു. അര ലിറ്റർ വീതം പലപ്പോഴും രക്തം നീക്കം ചെയ്തു. ഇടയ്ക്ക് എണീറ്റ് ഇരുന്നതും വാർന്നൊഴുകിയ രക്തം കൂടുതൽ കട്ടിയായി കണ്ടതും ശുഭ ലക്ഷണങ്ങളായി കണ്ടു.

ഒരു ദിവസം കൊണ്ട് അദ്ദേഹത്തിൻ്റെ ശരീരത്തിലെ രക്തം പകുതിയോളം വാർന്നു കഴിഞ്ഞിരുന്നു. അന്ന് രാത്രി രാഷ്ട്രപിതാവ് മരണമടഞ്ഞു. മെഡിക്കൽ കമ്മ്യൂണിറ്റിയിൽ അന്ന് രക്തമൊഴുക്കൽ നൂറ്റാണ്ടുകളായി വൈദ്യത്തിൽ സ്വീകാര്യമായ ഒരു രീതിയായിരുന്നുവെങ്കിലും, ഒരു ന്യൂനപക്ഷം ഡോക്ടർമാർ അതിന്റെ മൂല്യത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. മരണകാരണത്തെ കുറിച്ച്
തർക്കം ഉടലെടുത്തു. രാഷ്ട്രപതിയെ രക്തസ്രാവത്തിലൂടെ കൊലപ്പെടുത്തി എന്നവർ വാദിച്ചു.

ചിരപുരാതനമായ, വളരെയധികം അംഗീകരിക്കപ്പെട്ട ചികിത്സാരീതിയായിരുന്നു അക്കാലത്ത് രക്തം ഒഴുക്കൽ.രക്തചംക്രമണത്തെ ക്കുറിച്ച് ധാരണയില്ലാത്ത കാലത്തെ ഗ്രീക്ക് വൈദ്യന്മാർ രക്തം തളം കെട്ടി നിശ്ചലമാവുന്നത് അനാരോഗ്യത്തിന്
കാരണമാവുമെന്നു വിശ്വസിച്ചു. നിശ്ചലമായ രക്തം നീക്കം ചെയ്യണമെന്ന് അവർ കരുതി.

വ്യത്യസ്ത രോഗങ്ങൾക്ക് പ്രത്യേക നടപടിക്രമങ്ങൾ നിർദ്ദേശിച്ചു. ഉദാഹരണത്തിന്, വലതു കൈയിലെ ഒരു സിര ടാപ്പുചെയ്യുന്നതിലൂടെ കരൾ പ്രശ്നങ്ങൾക്ക് ചികിത്സ , പ്ലീഹയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ഇടതു കൈയിൽ ഒരു സിര ടാപ്പുചെയ്യുക എന്ന രീതി. ഗ്രീക്ക് മെഡിക്കൽ പാരമ്പര്യത്തെ വളരെ ബഹുമാനത്തോടെ കണ്ടിരുന്ന യൂറോപ്പിലുടനീളം രോഗികളെ ചികിത്സിക്കുന്നതിനുള്ള ഒരു ജനപ്രിയ രീതിയായി അത് വളർന്നു. അതിന് വേണ്ടി ഉപകരണങ്ങൾ രൂപപ്പെടുത്തി. വെറും ബ്ളെയ്ഡ്, സ്പ്രിങ്ങ് ലോഡ് ചെയ്ത ബ്ലെയ്ഡുകൾ, രക്തം വാർക്കുന്നതിനൊപ്പം വടുക്കൾ തീർക്കുക കൂടി ചെയ്യാവുന്ന രീതിയിലെ ബ്ളേഡുകൾ എന്നിവ ലഭ്യമായിരുന്നു. രക്തം വലിച്ചെടുക്കുന്ന അട്ടകളെ ഇതിനുപയോഗിക്കുന്ന രീതി വികസിപ്പിച്ചു. ഫ്രഞ്ച് രാജാക്കന്മാരുടെ ചികിത്സകനായിരുന്ന അംബ്രോസ് പറെയെ പോലെ അക്കാലത്തെ പ്രധാനികൾ തന്നെ ഇവയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അട്ടയെ എപ്രകാരം ലിനൻ തുണി കൊണ്ട് പിടിക്കണം, അവയുടെ തലയിൽ ഉപ്പും ചാരവും ഇടുന്നതിൻ്റെ ഗുണം, എത്ര രക്തം വലിച്ചെടുത്തു എന്നളക്കാൻ അട്ടയെ കൊണ്ട് രക്തം ഛർദിപ്പിക്കുന്നത് എങ്ങനെ എന്ന് എല്ലാം!

ചുരുക്കത്തിൽ നൂറ്റാണ്ടുകളുടെ പെരുമയും പഴക്കവുമുള്ള, ആചാര്യന്മാരുടെയും പ്രമുഖരുടെയും പ്രിയങ്കരവുമായിരുന്ന ചികിത്സാരീതിയായിരുന്നു രക്തം വാർക്കൽ. അത് ഗുണകരമോ ഹാനികരമോ എന്ന് എങ്ങനെ പറയും?

യാദൃശ്ചികമായി, 1799 ഡിസംബർ 14-ന് വാഷിംഗ്ടൺ മരിച്ച ദിവസം, രക്തച്ചൊരിച്ചിൽ രോഗികൾക്ക് ദോഷം വരുത്തുന്നുണ്ടോ അല്ലെങ്കിൽ രോഗശാന്തി നൽകുന്നുണ്ടോ എന്നതിനെക്കുറിച്ച് നിയമപരമായ ഒരു വിധി വന്നു. ഫിലാഡൽഫിയയിൽ താമസിച്ചിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ വില്യം കോബെറ്റ് എഴുതിയ ഒരു ലേഖനത്തിന്റെ ഫലമായാണ് ഈ വിധി വന്നത്. പ്രശസ്തനും രക്തമൊഴുക്കൽ ചികിൽസയുടെ ശക്തനായ വക്താവായ ബെഞ്ചമിൻ റഷ് എന്ന ഡോക്ടറുടെ ചികിൽസാ രീതിയെക്കുറിച്ചായിരുന്നു ലേഖനം. അതിപ്രശസ്തനായിരുന്നു റഷ് .സേനയുടെ സർജൻ ജനറൽ, ചികിത്സകൻ, ചിന്തകൻ, മനുഷ്യാവകാശ വക്താവ്, വൈദ്യാധ്യാപകൻ എന്ന നിലയ്ക്ക് ഒക്കെ പ്രശ്സ്തനായ അദ്ദേഹം അമേരിക്കൻ സ്വാതന്ത്ര്യപഖ്യാപന വിളംബരത്തിൽ ഒപ്പുവെച്ച പ്രമുഖരിൽ ഒരാളായിരുന്നു. ദിവസം നൂറു രോഗികളെയെങ്കിലും രക്തവാർച്ചയ്ക്ക് വിധേയനാക്കിയിരുന്ന അദ്ദേഹം ഫലത്തിൽ, അവരെ പലരും കൊല്ലുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ അടക്കം സ്ഥാപിക്കാൻ ശ്രമിക്കുന്നതായിരുന്നു ലേഖനം. ഭാഷ രൂക്ഷവും കടുത്തതുമായിരുന്നു.

കോബെറ്റിനെതിരെ അപകീർത്തികേസ് ഫയൽ ചെയ്യുക എന്നതായിരുന്നു ഡോക്ടറുടെ പ്രതികരണം. കോബെറ്റിന് മരണനിരക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞെങ്കിലും രക്തച്ചൊരിച്ചിലിന്റെ ആഘാതത്തെക്കുറിച്ചുള്ള കർശനമായ വിശകലനമൊന്നും നടന്നില്ല. വിചാരണയിൽ കേവലം മൂന്ന് സാക്ഷികളെ വിളിച്ചു, ഡോ. റഷിൻ്റെ വൈദ്യശാസ്ത്ര സമീപനത്തോട് അനുഭാവമുള്ള ഡോക്ടർമാർ മാത്രമായിരുന്നു സാക്ഷികൾ.

ഇതിനെല്ലാമുപരിയായി, കോബെറ്റ് ഒരു ഡോക്ടറല്ല എന്ന വസ്തുത ജൂറിയെ സ്വാധീനിച്ചിരിക്കാം, അതേസമയം റഷ് അമേരിക്കൻ വൈദ്യശാസ്ത്രത്തിന്റെ പിതാക്കന്മാരിൽ ഒരാളായിരുന്നു. റഷിനനുകൂലമായിരുന്നു വിധി. പെൻ‌സിൽ‌വാനിയയിൽ അതുവരെ ഇത്തരം കേസുകളിൽ നൽകിയ ഏറ്റവും വലിയ തുകയായ 5,000 ഡോളർ നഷ്ടപരിഹാരമായി റഷിന് നൽകാൻ ഉത്തരവുണ്ടായി.

ഇപ്രകാരം രക്തവാർച്ചചികിൽസയെ തുടർന്ന് രാഷ്ട്രപിതാവ് ജോർജ്ജ് വാഷിംഗ്ടൺ മരിക്കുന്നതിനെ കുറിച്ചുള്ള വിവാദ സമയത്ത് തന്നെ, ഇത് തികച്ചും തൃപ്തികരമായ വൈദ്യചികിത്സയാണെന്ന് കോടതി വിധി വന്നു. എന്നാൽ വൈദ്യ ശാസ്ത്രത്തിൽ സത്യം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ രീതി അതായിരുന്നില്ല. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മറുവശത്ത് ഇതിനകം അതുപയോഗിച്ചു തുടങ്ങി കഴിഞ്ഞിരുന്നു. പ്രധാനമായും നാവികരെ മാത്രം ബാധിക്കുന്ന ഒരു രോഗത്തിന് പുതിയ ചികിത്സ പരീക്ഷിക്കാനും വിലയിരുത്താനും ഉപയോഗിച്ച ഈ സമീപനമാണ് പിന്നീട് ഇത്തരം ആവശ്യങ്ങൾക്ക് സാർവത്രികമായി ഉപയോഗിക്കപ്പെട്ടത്.

1497-ൽ വാസ്കോഡ ഗാമ യുടെ കടൽ യാത്രകളുടെ കാലം മുതൽക്കേ സ്കർവി നാവികരുടെ പേടി സ്വപ്നമായിരുന്നു.

“മോണകളും പല്ലിന്റെ വേരുകളും വരെ അഴുകിപ്പോയി, കവിൾ കഠിനവും വീർത്തതുമായി, പല്ലുകൾ അയഞ്ഞു വീഴാൻ തുടങ്ങി നീലകലർന്നതും ചുവന്നതുമായ കറകളോ പാടുകളുമൊക്കെയായി” സ്‌കർവി അവരെ വേട്ടയാടി .

രക്തവാർച്ച ചികിത്സ, മെർക്കുറി പേസ്റ്റ്, ഉപ്പ് വെള്ളം, വിനാഗിരി, സൾഫ്യൂറിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് തുടങ്ങി പലതരം ചികിൽസകൾ അതിനു പരീക്ഷയ്ക്കപ്പെട്ടു വന്നു. അലസതയാണ് കാരണം എന്ന പേരിൽ കഠിനാധ്വാനം ഒരു ചികിത്സയ്ക്കായി പരീക്ഷിക്കപ്പെട്ടു! എല്ലാം അമ്പേ പരാജയങ്ങളായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

1746 ൽ ജെയിംസ് ലിൻന്റ് എന്ന സ്കോട്ടിഷ് നാവിക സർജൻ hms സാലിസ്ബറി എന്ന കപ്പലിലെ സമാനമായ ഗുരുതരമായ ലക്ഷണങ്ങളുള്ള നാവികരെ തിരഞ്ഞെടുത്തു പരീക്ഷണത്തിനൊരുങ്ങി.
തുടർന്ന് അദ്ദേഹം അവരുടെ ഹമ്മോക്കുകൾ കപ്പലിന്റെ ഒരേ ഭാഗത്ത് വയ്ക്കുകയും എല്ലാവർക്കും ഒരേ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴവും ലഭിക്കുമെന്നുറപ്പാക്കി. എല്ലാവർക്കും സമാനമായ പാർപ്പിടവും സമാനമായ ഭക്ഷണവും പോലുള്ളവ ഏർപ്പാടാക്കി. എല്ലാ രോഗികളും സമാനരീതിയിലുള്ള രോഗികളാണെന്ന് ഉറപ്പിച്ചു.

തുടർന്ന് അദ്ദേഹം നാവികരെ ആറ് ജോഡികളായി വിഭജിക്കുകയും ഓരോ ജോഡിക്ക് വ്യത്യസ്ത ചികിത്സ നൽകുകയും ചെയ്തു. സൾഫ്യൂറിക് ആസിഡ്, വിനാഗിരി, കടൽ വെള്ളം, വെളുത്തുള്ളി പോലുള്ള മരുന്നുകൾ ആദ്യ അഞ്ചു ജോഡികൾക്കു നൽകി. ആറാമത്തെ ജോഡിക്ക് ഓരോ ദിവസവും രണ്ട് ഓറഞ്ചും ഒരു നാരങ്ങയും ലഭിച്ചു. സാധാരണ നാവിക ഭക്ഷണക്രമത്തിൽ തുടരുന്ന രോഗികളായ മറ്റൊരു ഗ്രൂപ്പ് നാവികരെ നിരീക്ഷിക്കുകയും താരതമ്യത്തിന് ഒരു control ഗ്രൂപ്പായി വെക്കുകയും ചെയ്തു.

പരിസ്ഥിതി, ഭക്ഷണരീതി തുടങ്ങിയ വേരിയബിളുകൾ നിയന്ത്രിക്കുന്നതിലൂടെ, ഓറഞ്ചും നാരങ്ങയും ആണ്‌ രോഗം ഭേദമാക്കുന്നതെന്ന് ലിൻഡ് തെളിയിച്ചു. ഒരു പക്ഷെ ആദ്യത്തെ നിയന്ത്രിത ക്ലിനിക്കൽ ട്രയൽ ഇതായിരിക്കണം.

ട്രയലിൽ ഉൾപ്പെട്ട രോഗികളുടെ എണ്ണം വളരെ ചെറുതാണെങ്കിലും, അദ്ദേഹം നേടിയ ഫലങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. നാരങ്ങകളും ഓറഞ്ചും കഴിക്കുന്ന നാവികർ ശ്രദ്ധേയവും പൂർണ്ണമായും സുഖം പ്രാപിച്ചു. ഓറഞ്ചിലും നാരങ്ങയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നും അല്ലെങ്കിൽ കൊളാജൻ ഉൽ‌പാദിപ്പിക്കുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ചികിത്സ രോഗശാന്തിയിലേക്ക് നയിച്ചു എന്നതാണ് ഏറ്റവും പ്രധാനം.

നിയന്ത്രിത ക്ലിനിക്കൽ ട്രയൽ വഴി പരിശോധനയ്ക്ക് സമർപ്പിച്ച ആദ്യത്തെ ചികിത്സകളിൽ ഒന്നാണ് രക്തവാർച്ച ചികിത്സ. വാഷിംഗ്ടൺ മരണക്കിടക്കയിൽ രക്തച്ചൊരിച്ചിലിന് വിധേയമായി ഒരു ദശാബ്ദത്തിനുശേഷം, അലക്സാണ്ടർ ഹാമിൽട്ടൺ എന്ന സ്കോട്ടിഷ് മിലിട്ടറി സർജൻ രോഗികളെ രക്തസ്രാവം ചെയ്യുന്നത് ഉചിതമാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻശ്രമം ആരംഭിച്ചു. പോർച്ചുഗലിലെ പെനിൻസുലർ യുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഇതിനു അവസരം ഉണ്ടായത്.

പലതരം മെഡിക്കൽ പ്രശ്‌നങ്ങളുള്ള 366 സൈനികരെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചാണ് ഹാമിൽട്ടൺ ട്രയൽ ആരംഭിച്ചത്. ആദ്യത്തെ രണ്ട് ഗ്രൂപ്പുകളെ ഹാമിൽട്ടനും ഒരു സഹപ്രവർത്തകനും രക്തച്ചൊരിച്ചിൽ നടത്താതെ ചികിത്സിച്ചു, അതേസമയം മൂന്നാമത്തെ ഗ്രൂപ്പിന് മറ്റൊരു ഡോക്ടർ രോഗികൾക്ക് രക്തസ്രാവമുണ്ടാക്കാൻ ലാൻസെറ്റ് ഉപയോഗിച്ച് മുറിവുണ്ടാക്കുന്ന പതിവ് ചികിത്സ നൽകി. രക്തവാർച്ച ചികിത്സ ഒഴിവാക്കുന്ന രോഗികളേക്കാൾ പത്തിരട്ടിയായിരുന്നു ഈ രീതിയിൽ ചികിത്സിക്കുന്ന രോഗികളുടെ മരണ നിരക്ക് എന്നതായിരുന്നു ചികിത്സ ഫലം. നിഗമനത്തെക്കാൾ ട്രയലിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ ഇതിൽ ശ്രദ്ധേയമായിരുന്നു.

ഒന്ന് ഗ്രൂപ്പുകളിലുടനീളം ഒരേ രീതിയിലുള്ള ഭക്ഷണവും, സൗകര്യങ്ങളും പോലുള്ള ഘടകങ്ങളിലൂടെ ട്രയൽ സന്തുലിതമാക്കി. രണ്ടാമതായി, പഠിക്കുന്ന ഗ്രൂപ്പുകൾ കഴിയുന്നത്ര സമാനമാണെന്ന് ഉറപ്പ് വരുത്താൻ ഹാമിൽട്ടൺ ശ്രമിച്ചു. ഉദാഹരണത്തിന് വിചാരണയെ പക്ഷപാതപരമായി ബാധിക്കുന്ന, പ്രായമായ സൈനികരെ ബ്ലഡ്‌ലെറ്റിംഗ് ഗ്രൂപ്പിലേക്ക് നയിക്കപ്പെടുന്നത് പോലുള്ള നയിക്കുന്നതു പോലുള്ള ഘടകങ്ങൾ ഒഴിവാക്കി ഹാമിൽട്ടൺ ഓരോ ഗ്രൂപ്പിലേക്കും രോഗികളെ വിവേചനരഹിതമായി ക്രമമൊന്നും ഇല്ലാതെ വിന്യസിച്ചു. ഇപ്രകാരം ക്രമരഹിതമായി ഗ്രൂപ്പുകളിലേക്ക് ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ, പരീക്ഷണത്തിന്റെ ഫലത്തെ ബാധിച്ചേക്കാവുന്ന പ്രായം, വരുമാനം, ലിംഗഭേദം, രോഗത്തിന്റെ തീവ്രത, എന്നിങ്ങനെയുള്ള ഏതെങ്കിലും അന്യഘടകങ്ങളുടെ സ്വാധീനമില്ലാതെ ഗ്രൂപ്പുകൾ സമാനമാകുമെന്ന് അനുമാനിക്കാം. അജ്ഞാതമായ ഘടകങ്ങളെ പോലും സന്തുലിതമാക്കാൻ റാൻഡമൈസേഷൻ അനുവദിക്കുന്നു. പങ്കെടുക്കുന്നവരുടെ സംഖ്യ കൂടി വലുതാണെങ്കിൽ ക്രമരഹിതമാക്കൽ വഴിയുള്ള നീതിയുക്തമായ ഫലം ലഭിക്കാനുള്ള സാധ്യത വളരെയധികം കൂടുന്നു.

രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നിർണ്ണയിക്കുന്നതിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒരു പ്രധാന ഘടകമാണെന്നതിൽ സംശയമില്ല .അത്തരം പഠനങ്ങളുടെ അഭാവത്തിൽ വൈദ്യ ശാസ്ത്ര ജ്ഞാനവും അതിന്റെ ഉപയോഗവും പാരമ്പര്യം, വ്യക്തിവൈശിഷ്ട്യം, നാട്ടുനടപ്പ്, കെട്ടുകഥ, രാഷ്ട്രീയപരിതസ്ഥിതി, വിപണനരീതികൾ എന്നിവയെ ആശ്രയിച്ചാവും. മേല്പറഞ്ഞ, കോടതി വരെ ശരി വെച്ച, പ്രമുഖ ചികിത്സകന്മാർ എല്ലാം പ്രയോഗിച്ചിരുന്ന, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രക്തവാർക്കൽ തന്നെ ഉദാഹരണം. ഇന്ന് പല പഠനങ്ങൾക്കു ശേഷം വിരലെണ്ണാവുന്ന രോഗാവസ്ഥകൾക്കു രക്തവാർച്ച ഉപയോഗപ്പെടുത്തുന്നു.

എവിഡെൻസ് ബേസ്ഡ് മെഡിസിൻ എന്ന പേരിൽ ഈ രീതികൾ കൂടുതൽ നിയതമായ രൂപം പ്രാപിച്ചത് തൊണ്ണൂറുകൾക്കു ശേഷമാണ്. ഇന്ന് പുതിയ ചികിത്സകൾ സ്വീകരിക്കുന്നതിന് ട്രയലുകൾ പതിവ് നടപടിയാണ്. തെളിവുകളാണ് വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ല്.

പ്രകൃതിദത്തം, പാരമ്പര്യം, ഹോളിസ്റ്റിക് എന്നതാണ് ആൾട്ടർനേറ്റീവ് മെഡിസിന്റെ മൂന്നു പ്രധാന ആകർഷണങ്ങൾ. ആധുനിക ചികിത്സയാണെങ്കിലും ബദൽ ചികിത്സയാണെങ്കിലും (ആൾട്ടർനേറ്റീവ് മെഡിസിൻ)രോഗശമനവും സ്വാസ്ഥ്യവും ആണ് ലക്‌ഷ്യം.

ഇപ്പോൾ കൊറോണ മഹാമാരിക്കിടയിൽ ലോകമെമ്പാടും ധാരാളം ബദൽ ചികിത്സാ രീതികൾ പ്രചാരം തേടുന്നുണ്ട്. മഡഗാസ്കറിലെ പ്രസിഡന്റ് തങ്ങളുടെ നാട്ടിലെ സസ്യകൂട്ടുള്ള ചായ കൊറോണയെ ശമിപ്പിക്കും എന്ന് പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ അത് വാങ്ങാൻ തിരക്ക് കൂട്ടുന്നു. നമ്മുടെ നാട്ടിൽ പരമ്പരാഗതമായ, പ്രമുഖ ആൾട്ടർനേറ്റീവ് ചികില്സയായ ആയുർവേദത്തിലെ നാലു പ്രധാന മരുന്നുകളുടെ ട്രയൽ ആരംഭിക്കുന്നു. സ്വാഗതാർഹമായ നീക്കം തന്നെ ..

ആധുനിക വൈദ്യം, ബദൽ ചികിത്സ എന്ന് രണ്ടു ചികിത്സ തന്നെ ഒരു അടിസ്ഥാനവുമില്ലാത്ത രീതിയാണ്. ലിണ്ട് സ്കർവിക്ക് ഓറഞ്ചും നാരങ്ങയും നൽകിയത് ഇന്നത്തെ രീതി വെച്ച് ആൾട്ടർനേറ്റീവ് മെഡിസിൻ ആയാണ് വരേണ്ടത്!. അവയുടെ ഫലം പരീക്ഷിച്ചു അതിനു പുറകിൽ വിറ്റാമിന് സി ആണെന്ന് തിരിച്ചറിയുമ്പോൾ അത് ബദൽ ചികിത്സയല്ല മറ്റൊരു ബദൽ ഇല്ലാത്ത ചികിത്സയാവുന്നു. സാധാരണ മനുഷ്യനാണ് ഇതിൻ്റെ ഗുണം ലഭിക്കുന്നത്.

ഈ രീതിയിൽ എല്ലാ ചികിത്സ രീതികളും മുഖ്യധാരാ ബദൽ വ്യത്യാസമില്ലാതെ പരീക്ഷണങ്ങൾക്കു വിധേയമാക്കണം. ഇതിനെതിരായി പൊതുവെ ഉന്നയിക്കപ്പെടുന്ന മിഥ്യാവാദങ്ങൾ ഇവയാണ് .

1.ബദൽ വൈദ്യശാസ്ത്രം പരീക്ഷിക്കാൻ ശാസ്ത്രം അശക്തമാണ്

ശാസ്ത്രത്തിന് തിരിച്ചറിയാൻ കഴിയുന്ന ഗുണഫലങ്ങൾ ചികിത്സ കൊണ്ട് ലഭിക്കുന്നില്ലെങ്കിൽ അങ്ങനെയൊന്നു നിലവിലില്ലാത്തതിനാലോ അല്ലെങ്കിൽ അവ വളരെ നിസ്സാരമായതിനാലോ ആവാനേ വഴിയുള്ളൂ

2.ബദൽ മരുന്ന് ശാസ്ത്രത്തിന് മനസ്സിലാകുന്നില്ല

ഇത് അപ്രസക്തം ആണെന്നതാണ് വാസ്തവം, വ്യക്തമായി ഫലപ്രദദമെന്നു കണ്ടെത്തിയ പല ചികിത്സകളും തുടക്കത്തിൽ അടിസ്ഥാനം മനസ്സിലാകാത്തതവയായിരുന്നു. ഉദാഹരണത്തിന്, പതിനെട്ടാം നൂറ്റാണ്ടിൽ നാരങ്ങകൾ സ്കർവി തടയാൻ കഴിയുമെന്ന് ജെയിംസ് ലിൻഡ് കണ്ടെത്തിയപ്പോൾ, നാരങ്ങകൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ധാരണയില്ലായിരുന്നു.

3.ബദൽ ആശയങ്ങൾക്കെതിരെ ശാസ്ത്രം പക്ഷപാതപരമായ് നിലപാടെടുക്കുന്നു

ബദൽ ആശയങ്ങളുള്ള ആളുകൾ പലപ്പോഴും ഒറ്റയാന്മാരാണ് . സമൂലമായ മാറ്റങ്ങളുള്ള ഒരു ആശയം കൊണ്ടുവന്ന ശേഷം, ഈ ആശയം ശരിയാണെന്ന് ലോകത്തിനു മുൻപിൽ ശാസ്ത്രീയമായി തെളിയിക്കുക എന്നതാണ് ഇവരുടെ മുൻപിലെ വെല്ലുവിളി. ഇതിൽ പലപ്പോഴും പരാജപ്പെടുന്നു എന്ന് മാത്രം അല്ല, ശാസ്ത്രീയമായി ഒറ്റ നോട്ടത്തിൽ ശരിയെന്നു തോന്നുന്ന വാദങ്ങൾ അവർ ഉയർത്തുകയും ചെയ്യും. ശരീരത്തിൽ ഇരുമ്പ് ഉള്ളത് കൊണ്ട് കാന്ത ചികിത്സ പ്രവർത്തിക്കുന്നു എന്ന് പറയുന്നത് പോലെ ഒറ്റ കേൾവിക്ക് ബോധിക്കുന്ന വാചകകസർത്ത് ശാസ്ത്രീയ അടിസ്ഥാനമായി പലപ്പോഴും ഉയർത്തുന്നത് പോലെ…

“പരസ്പരവിരുദ്ധമെന്ന് തോന്നുന്ന രണ്ട് മനോഭാവങ്ങൾ തമ്മിലുള്ള അനിവാര്യമായ സന്തുലനമാണ് ശാസ്ത്രത്തിന്റെ ഹൃദയം – എത്ര വിചിത്രവും എത്ര മാത്രം അവബോധത്തെ വെല്ലുവിളിക്കുന്നതായാലും പുതിയ ആശയങ്ങളോടുള്ള തുറന്ന സമീപനം , അതോടൊപ്പം പഴയതും പുതിയതുമായ എല്ലാ ആശയങ്ങളുടെയും ഏറ്റവും നിഷ്‌കരുണവും സംശയദൃഷ്ടിയോടെയും ഉള്ള സൂക്ഷ്മപരിശോധന..” എന്ന കാൾ സെയ്ഗന്റെ വാചകം വൈദ്യശാസ്ത്രത്തിലും പ്രസക്തമാണ്.

(Trick or Treatment എന്ന പുസ്തകത്തോട് ആശയപരമായ കടപ്പാട് ചില ഭാഗങ്ങൾക്കുണ്ട്.)

എഴുതിയത്: ഡോ. അൻജിത് ഉണ്ണി
Anjit Unni
Info Clinic

Comments are closed.