DCBOOKS
Malayalam News Literature Website

ജനറല്‍ തന്റെ രാവണന്‍കോട്ടയില്‍

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ജനറല്‍ തന്റെ രാവണന്‍കോട്ടയില്‍’ എന്ന പുസ്തകത്തെക്കുറിച്ച് ആതിര എഴുതിയത്

ആറ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറല്‍ സൈമണ്‍ ബൊളിവറിന്റെ (ദി ലിബറേറ്റര്‍) ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്‍പ്പിക വിവരണമാണ് ദി ജനറല്‍ ഇന്‍ ഹിസ് ലാബറിന്ത്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ രാഷ്ട്രീയ നോവല്‍ എന്നറിയപ്പെടുന്ന ഈ പുസ്തകം, ചരിത്രത്തിലെ ഏറ്റവും ആദരണീയനായ വീരന്മാരില്‍ ഒരാളായ ജനറല്‍ സൈമണ്‍ ബൊളിവറിന്റെ ദുരന്തകഥയാണ് പരാമര്‍ശിക്കുന്നത്.

സ്‌പെയിനിലെ സാമ്രാജ്യത്വ ഭരണത്തില്‍നിന്ന് ലാറ്റിനമേരിക്കന്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച Textബൊളിവര്‍, അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ‘ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ റിപ്പബ്ലിക്കായി’ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ, വിശാലമായ ഭൂഖണ്ഡത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

എന്നാല്‍ തന്റെ ഗ്രാന്‍ഡ് കൊളംബിയയെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട്, 20 വര്‍ഷത്തെ യുദ്ധങ്ങള്‍ക്കു ശേഷം ബൊളിവര്‍ തന്റെ 47-ാം വയസ്സില്‍, ദുര്‍ബലനും ശാരീരികമായി തളര്‍ന്നവനുമായി തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിലാണ് ഈനോവല്‍ ആരംഭിക്കുന്നത്. തകര്‍ന്ന സ്വപ്നങ്ങളുടെയും വിശ്വസ്തതയുടെയും നിര്‍ജ്ജീവമായ മഹത്ത്വങ്ങളുടെയും കഥ പറയുന്ന നോവല്‍ വീരന്മാരുടെ ജീവിതത്തില്‍ നാംകാണാതെപോകുന്ന ഘട്ടങ്ങളിലൂടെയാണ് വായനക്കാരനെ നയിക്കുന്നത്. പരമ്പരാഗത വീരോചിതമായ ചിത്രീകരണത്തെ തകര്‍ത്തുകൊണ്ട് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ബൊളിവറിനെ ഒരു ദയനീയകഥാപാത്രമായി ചിത്രീകരിക്കുന്നു.

1830 മെയ് മാസത്തില്‍ കൊളംബിയയിലെ ബൊഗോട്ടയില്‍നിന്ന് ആരംഭിച്ച്, 1830 ഡിസംബറില്‍ സാന്താ മാര്‍ട്ടയ്ക്ക് സമീപമുള്ള ഒരു എസ്റ്റേറ്റില്‍ വച്ച് മരിക്കുന്നതുവരെ,മഗ്ദലീന നദിയിലൂടെ ബൊളിവര്‍ നടത്തിയ അവസാനനദീയാത്രയാണ് മുഖ്യമായും ഇവിടെ പരാമര്‍ശിക്കുന്നത്. നിരവധി വര്‍ഷത്തെ യുദ്ധങ്ങള്‍, യാത്രകള്‍, കൊട്ടാരഗൂഢാലോചനകള്‍ എന്നിവയാല്‍ ദുര്‍ബലനായ ബൊളിവര്‍ തന്റെ പഴയ പ്രതാപത്തിന്റെ രംഗങ്ങള്‍ ഓര്‍ക്കുകയും തന്റെ ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കുകയുംഅമേരിക്കന്‍ രാഷ്ട്രങ്ങളുടെ സഖ്യത്തെക്കുറിച്ചുള്ള തന്റെ നഷ്ടപ്പെട്ട സ്വപ്നത്തെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്നു.

അധികാരത്തില്‍നിന്ന് മാറ്റപ്പെട്ട്, കൊലയാളികളാല്‍ വളയപ്പെട്ട, ശാരീരികമായും മാനസികമായും തളര്‍ന്ന്,
അകാലവാര്‍ദ്ധക്യത്തില്‍ എത്തപ്പെട്ട,  നിരാശനാണ് അദ്ദേഹം. ലാറ്റിനമേരിക്കന്‍ ഐക്യം കൈവരിക്കാനാകാതെ മരിക്കുന്നതിന്റെ കയ്പ്പിനും ഗതകാല പ്രതാപങ്ങളുടെ ഓര്‍മ്മകള്‍ക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ ചലിക്കുന്ന ബൊളിവറിന്റെ അവസ്ഥയുടെ പ്രതീകമാണ് ശീര്‍ഷകമായ ‘ലാബറിന്ത്’. സ്വന്തം ഭൂതകാലത്തിന്റെ രക്ഷപ്പെടാനാകാത്ത ജയിലിനുള്ളില്‍ കുടുങ്ങുന്ന ജനറല്‍, മരണത്തെ എല്ലായ്‌പ്പോഴും യുദ്ധം, പോരാട്ടം, മഹത്ത്വം എന്നിവയുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍, താന്‍ വരിക്കാന്‍ സാധ്യതയുള്ള ഒറ്റയ്ക്കുള്ള മരണം ദയനീയമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, പ്രത്യേകിച്ചും ചെറുപ്പത്തില്‍ താന്‍വിഭാവനം ചെയ്ത മഹത്തായ മരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍.

മരണം, ഏകാധിപത്യം, അധികാരം, ഏകാന്തത, അഴിമതി, ആദര്‍ശവാദം, വിപ്ലവം എന്നിവയാണ് ദി ജനറല്‍
ഇന്‍ ഹിസ് ലാബറിന്തിലെ പ്രധാന പ്രമേയങ്ങള്‍. ബൊളിവറിന്റെ മരണം അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ
മരണമാണ്, അദ്ദേഹത്തിന്റെ ശാരീരിക ക്ഷയം തകര്‍ന്ന പ്രതീക്ഷയ്ക്ക് സമാന്തരമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.