fbpx
DCBOOKS
Malayalam News Literature Website

രാജ്യത്ത് അസഹിഷ്ണുത ശക്തിപ്രാപിച്ചതിന്റെ ഇരയാണ് ഗൗരി ലങ്കേഷെന്ന് പ്രമുഖമാധ്യമങ്ങള്‍

gl

പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ(55) ബംഗളൂരുവിലെ വസതിക്കുമുന്നില്‍ വെടിവച്ചുകൊന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും പുരോഗമനവാദികളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭിന്നസ്വരമുയര്‍ത്തുന്നവരെ കൊല്ലാന്‍ മടിക്കാത്തവിധം രാജ്യത്ത് അസഹിഷ്ണുത ശക്തിപ്രാപിച്ചതിന്റെ ഇരയാണ് ഗൗരി ലങ്കേഷെന്ന് പ്രമുഖമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ ആക്രമണമാണിതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രസ്‌ക്‌ളബ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമസംഘടനകള്‍ ചൂണ്ടിക്കാട്ടി.

തീവ്രഹിന്ദുത്വനിലപാടുകളുടെ ശക്തനായ വിമര്‍ശകനായ എം എം കലബുര്‍ഗിയെ രണ്ടുവര്‍ഷംമുമ്പ് വീട്ടില്‍ കയറി വെടിവച്ചുകൊന്നവര്‍ക്ക് ഗൗരി ലങ്കേഷ് വധവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. ചൊവ്വാഴ്ച രാത്രി ഓഫീസില്‍നിന്ന് കാറില്‍ പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനുമുന്നിലെത്തി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങവെയാണ് പിന്തുടര്‍ന്നെത്തിയ അക്രമി ഗൗരിക്കുനേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ട നെഞ്ചത്തും ഒരെണ്ണം വയറ്റിലുമാണ് പതിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. വീടിനുമുന്നിലെ പടിയില്‍വീണ് രക്തംവാര്‍ന്നായിരുന്നു മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കെട്ടിടസമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളും ഗൗരി ലങ്കേഷിന്റെ മൊബൈലും പരിശോധിച്ച പൊലീസ് അക്രമികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഒരുദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാനായില്ല. രണ്ട് ബൈക്കിലാണ് ആക്രമികള്‍ എത്തിയത്. ഇവര്‍ ഗൗരി ലങ്കേഷിന്റെ ഓഫീസ് മുതല്‍ പിന്തുര്‍ന്ന് വരികയായിരുന്നെന്നും സംശയിക്കുന്നു. വീടിനുമുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ കൊലയാളികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചെത്തിയ തോക്കുധാരി വെടിവയ്ക്കുന്ന ദൃശ്യം സിസിടിവിയിലുണ്ട്. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പര്‍പ്‌ളേറ്റ് ദൃശ്യങ്ങളില്‍ വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. എന്നാല്‍, കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഗൗരി ലങ്കേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു പ്രസ്‌ക്ലബ്ബ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം സമര്‍പ്പിച്ചു. ഗൗരി ലങ്കേഷ് വധവും കലബുര്‍ഗിവധവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും പുരോഗമനപ്രസ്ഥാനങ്ങളും പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കന്നട ചലച്ചിത്രലോകം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു. ജനാധിപത്യത്തിന്റെ അന്ത്യമാണ് സംഭവിക്കുന്നതെന്ന് ചലച്ചിത്രതാരം പ്രകാശ്രാജ് പറഞ്ഞു.

Comments are closed.