DCBOOKS
Malayalam News Literature Website

സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ ഇരുപത്തിയഞ്ചാം പതിപ്പിലേക്ക്

കേന്ദ്ര,കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓഡക്കുഴല്‍ അവാര്‍ഡും വയലാര്‍ അവാര്‍ഡും സ്വന്തമാക്കിയ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ഇരുപത്തിയഞ്ചാം പതിപ്പിലെത്തിയിരിക്കുന്നു. 2010 ലാണ് ഡി സി ബുക്‌സ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ വ്യത്യസ്തമായ നാലു കവര്‍ചട്ടകളോടെയാണ് പുസ്തകത്തിന്റെ 25-ാം പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അര്‍ത്ഥരഹിതമായ കാമനകള്‍ക്കുവേണ്ടി ജീവിതമെന്ന വ്യര്‍ത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരു ആമുഖം/ നിര്‍വചനം നല്കുകയാണ് ഈ നോവലിലൂടെ സുഭാഷ് ചന്ദ്രന്‍.

പസ്തകത്തിന്റെ ഇരുപത്തഞ്ചാം പതിപ്പ് നാലു വ്യത്യസ്ത മുഖപടങ്ങളുമായി ഇറങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സുഭാഷ് ചന്ദ്രന്‍. പുസ്തകം എഴുതപ്പെടും മുമ്പേ വിമര്‍ശനവുമായി രംഗത്തെത്തിയവര്‍ക്ക് ഈ പതിപ്പ് സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സന്തോഷം പങ്കുവയ്ക്കുന്നത്.

സുഭാഷ് ചന്ദ്രന്റെ കുറിപ്പിലേക്ക്;

മനുഷ്യന് ഒരു ആമുഖം ഇരുപത്തഞ്ചാം പതിപ്പ് നാലു വ്യത്യസ്ത മുഖപടങ്ങളുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്. വായനക്കാര്‍ തിരക്കിക്കൊണ്ടേയിരുന്ന, സൈനുല്‍ ആബിദ് ആദ്യപതിപ്പിനു വേണ്ടി ഡിസൈന്‍ ചെയ്ത, മരണത്തേയും ജനനത്തേയും ഒപ്പം ‘കവറടക്കിയ’ ആ സവിശേഷമായ ഇരട്ടക്കവര്‍ വീണ്ടും വരുന്നു എന്നതാണ് ഒരു സന്തോഷം.

മഹാനായ യുവാവ് റിയാസ് കോമു ഈ നോവല്‍ വായിച്ചിട്ടു ലോഹത്തില്‍ സൃഷ്ടിച്ച ചിത്രവധക്കൂട് അദ്ദേഹം തന്നെ ഈ പുസ്തകത്തിനൊരു കവറാക്കി രൂപാന്തരപ്പെടുത്തി തന്നത് മറ്റൊരു സന്തോഷം. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനായി മൈഥിലി ധോഷി രൂപകല്‍പന ചെയ്ത കവര്‍ ആണ് മറ്റൊരെണ്ണം. പ്രശസ്തയായ സജിത ശങ്കര്‍ നിര്‍വഹിച്ചതാണ് ഇനിയൊരെണ്ണം.

ഈ നോവല്‍ എഴുതപ്പെടും മുന്‍പേ വിമര്‍ശനം തുടങ്ങിയവര്‍ക്കാണ് ഞാന്‍ ഈ 25ആം പതിപ്പ് സമര്‍പ്പിക്കുന്നത്. എന്തെന്നാല്‍ എല്ലാവരും ഒന്നിനെത്തന്നെ നല്ലതെന്നു വാഴ്ത്തിയാല്‍ പിന്നെ നാം നന്മയെ സംശയിക്കുമല്ലൊ. അടുത്ത ചങ്ങാതിമാരെ ഈ സന്തോഷം അറിയിക്കുക. കടുത്ത എതിരാളികള്‍ക്കും ഒപ്പം അയയ്ക്കുക. ദൈവങ്ങള്‍ കൂടുതല്‍ സന്തോഷിക്കട്ടെ. ഒരു ചെകുത്താന്റെയെങ്കിലും മനസ്സു നന്നാകട്ടെ !

Comments are closed.