DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപ്പെട്ട മാര്‍കേസിന് ഇന്ന് ജന്മദിനം, അദ്ദേഹത്തിന്റെ ഓര്‍മ്മയിലൂടെ


ലോകപ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദിനമായിരുന്നു ഇന്ന്. ഗബ്രിയേല്‍ ജോസ് ദെ ല കൊന്‍കോര്‍ദിയ ഗാര്‍സ്യ മാര്‍ക്കേസ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

കൊളംബിയയില്‍ ആയിരുന്നു ജനനം എങ്കിലും മാര്‍ക്കേസ് കൂടുതല്‍ ജീവിച്ചതും മെക്‌സിക്കോയിലും, യൂറോപ്പിലുമായിരുന്നു. മാജിക്കല്‍ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളില്‍ ഉപയോഗിക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ് മാര്‍ക്വേസിന്റെ രചനകള്‍.

ഏല്‍ എസ്‌പെക്ടഡോര്‍ എന്ന ദിനപത്രത്തിലൂടെയാണ് മാര്‍ക്വിസ് എഴുത്തിന്റെ ലോകത്തേക്കു കടന്നു വന്നത്. വിദേശകാര്യ ലേഖകനായി റോം, പാരിസ്, ബാഴ്‌സലോണ, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ വന്‍നഗരങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു മാര്‍ക്വേസിനു ലഭിച്ച ദൗത്യം. ഏതായാലും പത്രപ്രവര്‍ത്തന രംഗത്തു കിട്ടിയ അനുഭവങ്ങളും സംഭവ പരമ്പരകളും അദ്ദേഹം സാഹിത്യ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കി.

സ്പാനിഷ് ഭാഷയില്‍ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍(1967) എന്ന നോവല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഒരു നോവല്‍ ആയിരുന്നു. സ്പാനിഷ് ഭാഷയില്‍ 1967ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ 1982ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം മാര്‍കേസിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായി. മാജിക്കല്‍ റിയലിസം എന്ന സാഹിത്യ രീതിയില്‍ പിറവിയെടുത്ത ഈ നോവല്‍ മാര്‍കേസിനെ ലാറ്റിനമേരിക്കയില്‍ മുന്‍നിര സാഹിത്യ കാരനാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. സാങ്കല്‍പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. നോവലിന്റെ അഞ്ചുകോടിയിലേറെ പ്രതികളാണ് 46 ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്.

ലോകമെങ്ങമുള്ള വായനക്കാരുടെ മനസ്സില്‍ ചേക്കേറിയ വിഖ്യാത കൊളംബിയന്‍ എഴുത്തുകാരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. 2014 ഏപ്രില്‍ 17നാണ് അദ്ദേഹം അന്തരിച്ചത്.

Comments are closed.