DCBOOKS
Malayalam News Literature Website

സ്വതന്ത്രചിന്ത പരദൂഷണമാവരുത്

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

അഡ്വ. രാജഗോപാല്‍ വാകത്താനം

ഇതു രവിചന്ദ്രനോ സി. വിശ്വനാഥനോ എതിരായ ലേഖനമല്ല. ഇതുവരെ കേരള യുക്തിവാദി സംഘം അങ്ങനെയൊരു നിലപാടും എടുത്തിട്ടില്ല. സംഘം അതിന്റെ നയരേഖയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരുടെയും പക്ഷം പിടിക്കലും ചാപ്പയടിക്കലും സംഘടനയുടെ അജണ്ടയിലില്ല. നാസ്തികത മാത്രമല്ല യുക്തിവാദം. യുക്തിവാദി നാസ്തികനായിരിക്കും. നാസ്തികന്‍ യുക്തിവാദിയാകണമെന്നില്ല. രവിചന്ദ്ര-വിശ്വനാഥ തര്‍ക്കങ്ങള്‍ ഉപരിപ്ലവങ്ങളാണ്. യുക്തിവാദത്തിന് അനഭിലഷണീയമാണ് ഇത്തരം താറടിക്കലുകള്‍: ‘പച്ചക്കുതിര’യുടെ നവംബര്‍ലക്ക ചര്‍ച്ചകള്‍ക്കുള്ള പ്രതികരണം

ചാപ്പയടി, ലിഞ്ചിങ്, ഡൗണ്‍ ഗ്രേഡിങ്, താറടിക്കല്‍, വെള്ളപൂശല്‍, കാപ്‌സ്യൂള്‍ നിര്‍മ്മാണം തുടങ്ങിയ പുച്ഛപദാവലികള്‍കൊണ്ട് എതിര്‍ ആശയക്കാരെ തറപറ്റിക്കാന്‍ രവിചന്ദ്രന്‍ സി. ശ്രമിക്കുമ്പോള്‍, താന്‍ ചെയ്യുന്നതും മേല്‍ക്കാര്യംതന്നെയാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഒന്നാമത്തെ ദുര്യോഗം. ‘തെളിവുകള്‍ നയിക്കട്ടെ’ എന്ന് എഴുതി പ്രദര്‍ശിപ്പിക്കുമ്പോഴും തന്റെ വാദങ്ങള്‍ക്കൊന്നിനും തെളിവു വേണ്ട എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ലിഞ്ചിങ് ഗ്രൂപ്പുകള്‍ തനിക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുന്നു എന്ന് ആവര്‍ത്തിച്ചു പരാതിപ്പെടുമ്പോഴും മൊത്തത്തില്‍ അതുതന്നെയാണ് താനും കൂട്ടരും ചെയ്യുന്നതെന്നും ഇദ്ദേഹം തിരിച്ചറിയുന്നില്ല.

ഹൈന്ദവ വിമര്‍ശനം

സ്വയമൊരു മിശിഹയാകാനുള്ള ശ്രമത്തിലെ സഹതാപപരമായ ഉള്ളടക്കമാണ് താന്‍ മാത്രമാണ് ഹിന്ദുവിമര്‍ശനം Pachakuthiraനടത്തുന്നുവെന്ന അബദ്ധ പ്രസ്താവന. അതായത് ഇന്നേക്ക് ഏഴോ എട്ടോ വര്‍ഷം മുമ്പു മാത്രമാണ് ഹിന്ദു വിമര്‍ശനം ഇന്ത്യയില്‍ അവതരിക്കുന്നതത്രേ. ദേവി പ്രസാദ് ചതോപാദ്ധ്യായ, ഡി.ഡി. കോസംബി, രാഹുല്‍ സംകൃത്യായനന്‍, റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ജ്യോതിറാവു ഫുലേ, ഇ.വി. രാമസ്വാമി, കെ. ദാമോദരന്‍ തുടങ്ങിയവരെക്കു
റിച്ചൊന്നും ഈ പണ്ഡിതന്‍ കേട്ടിട്ടുണ്ടാവിേല്ല. മലയാളത്തില്‍തന്നെ സഹോദരന്‍, മിതവാദി കൃഷ്ണന്‍, കുറ്റിപ്പുഴ, എന്‍.ഇ. ബലറാം, കുസുമം, വി.ടി., എം.സി., ഇടമറുക്, പവനന്‍, കലാനാഥന്‍ തുടങ്ങിയവരെക്കുറിച്ചും ഇദ്ദേഹം അജ്ഞനാവും. അഥവാ തനിക്കു മുമ്പേ ഇവര്‍ ജനിച്ചുപോയി എന്നത് ഒരു കുഴപ്പമാകാം. സവര്‍ക്കര്‍, ഗോള്‍വര്‍ക്കര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിമര്‍ശന ഗ്രന്ഥങ്ങള്‍ എത്രയെണ്ണം മലയാളത്തിലുണ്ട്. ആര്‍.എസ്.എസ്. വിട്ടു വന്നവര്‍തന്നെ എഴുതിയ കൃതികള്‍വരെയുണ്ട്. തനിക്കറിയാത്തതൊക്കെ സംഭവിച്ചിട്ടില്ല എന്നു ധരിക്കുന്നത് എത്ര സഹതാപപരമാണ്. കുറഞ്ഞപക്ഷം യാതൊരു തെളിവുമില്ലാതെയാണ് ഈ നിലവിളി.

പാരമ്പര്യ യുക്തിവാദികള്‍

താറടിക്കലില്‍ മാസ്റ്റര്‍ ബിരുദമുണ്ടെന്നു തോന്നിക്കുന്ന തരംതാണ പ്രയോഗമാണ് പാരമ്പര്യ യുക്തിവാദികള്‍ എന്നത്. താന്‍ യുക്തിവാദിയല്ലെന്നു പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് യുക്തിവാദത്തിന്റെ സുദീര്‍ഘചരിത്രത്തെ ഇദ്ദേഹം നിഷേധിക്കുന്നത്.

സി.ഇ. ആറാം നൂറ്റാണ്ടില്‍ കപിലന്‍ മുതല്‍ പതഞ്ജലി, കുമാരിലഭട്ടന്‍, ശബരന്‍, പ്രഭാകരന്‍, ബുദ്ധന്‍, മഹാവീരന്‍, ബൃഹസ്പതി തുടങ്ങിയവര്‍ രൂപപ്പെടുത്തിയ ഷഡ്ദര്‍ശനങ്ങള്‍ (സാംഖ്യം, യോഗം, മീമാംസ, ബൗദ്ധം, ജൈനം, ലോകായതം) നാസ്തികമായിരുന്നു. ന്യായവൈശേഷികങ്ങള്‍ അര്‍ദ്ധനാസ്തികവും ബുദ്ധനുമുമ്പ് ജീവിച്ചിരുന്ന ആളാറ കലാമന്‍, ഉദ്ദകരാമപുത്രന്‍, പകുധഛായനന്‍, പുരാണ കശ്യപര്‍ മാത്രമല്ല, ആജീവികമതസ്ഥാപകനായ മഖിലി ഗോശാലന്‍ വരെ വൈദികമതത്തിനെതിരെ ശക്തമായി പ്രതികരിച്ച നാസ്തികരായിരുന്നു. ഇതെല്ലാം ‘പരീക്ഷണശാലയില്‍ തെളിയിച്ച’ 916 ആയിരുന്നില്ല. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചകളാണ് കേരളത്തിലെ
യുക്തിവാദി പ്രസ്ഥാനവും. ഇവരെയെല്ലാം ഡൗണ്‍ ഗ്രേഡ് ചെയ്ത് താനാണ് നാസ്തിക പിതാവ് എന്നു സ്ഥാപിക്കാനുള്ള ശ്രമം ദയനീയമല്ലേ?

പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.