DCBOOKS
Malayalam News Literature Website

ഒളിഞ്ഞുനോട്ടത്തിന്റെ സാഹിത്യം

കഥയുടെ പ്രസക്തിയും, കഥ പറച്ചിലിനുള്ള വിവിധ ശൈലികളും വിശകലനം ചെയ്ത ‘കാതു സൂത്രം മലയാളത്തിലെ ഒളിജീവിതം’ എന്ന വിഷയത്തില്‍ നടന്ന സംഭാഷണ സദസില്‍ ഫ്രാന്‍സിസ് നോറോണ, വിവേക് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. മലയാളിയുടെ ഒളിഞ്ഞുനോട്ട സംസ്‌കാരത്തെയും, മറ്റ് ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുവാനുള്ള താത്പര്യത്തെയും തന്റെ കൃതികളില്‍ രേഖപ്പെടുത്തിയ ഫ്രാന്‍സിസ് നോറോണ തന്നെ അത്തരമൊരു ആരോപണം നേരിട്ടാല്‍ അതിശയമുണ്ടാവില്ലെന്നു സൗഹൃദപൂര്‍വം പറഞ്ഞു തുടങ്ങിയ വിവേക് ചന്ദ്രന്‍, ഇത്തരം ഹിംസാത്മകമായ പല കഥകളും എഴുതിയ നേറോണ വളരെ എളിമയുള്ള വ്യക്തിത്വമാണെന്നുള്ളത് തികച്ചും വൈരുദ്ധ്യാത്മകത നിറഞ്ഞ ഒന്നാണെന്നും തുടര്‍ന്നു.

താന്‍ ഒരു വായനക്കാരന്‍ മാത്രമായിരുന്ന സമയം കഥ എഴുതപ്പെടുന്നതിന്റെ പ്രസക്തി സ്വയം ചോദ്യം ചെയ്തിരുന്നെന്നും എന്നാല്‍ വൈകാതെ ബൈബിള്‍ തന്നെ തനിക്കതിന്റെ ഉത്തരം നല്‍കിയെന്നും പറഞ്ഞു. നല്ല സമരിയാക്കാരന്റെ ഉപമ പഠിപ്പിച്ചു തന്ന ക്രിസ്തുവിന്റെ പാത പിന്തുടരാനാണ് കഥകള്‍ എഴുതപ്പെടുന്നതെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. വളച്ച് കെട്ടലുകളുടെ കാലം കഴിഞ്ഞു പോയെന്നും, അത്തരം ശൈലികള്‍ ഉപയോഗിക്കാതെ തന്നെ എഴുതിക്കൂടെയെന്നും ചോദിച്ച അദ്ദേഹം എന്തിനീ വന്യമായ രംഗങ്ങള്‍ എഴുതി വച്ചു എന്നുള്ള വായനക്കാരുടെ സംശയത്തിന് അത് തുറന്ന് പറച്ചിലാണെന്നു വ്യക്തമാക്കി. ഒളിഞ്ഞു നോട്ടക്കാരാനെന്നു വിളിച്ചാലും അതിനെ അഭിമാനത്തോട് കൂടി സ്വീകരിക്കുമെന്ന് പറഞ്ഞ നോറോണ തന്റെ പുതിയ കൃതിയുടെ രാഷ്ട്രീയത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു.

Comments are closed.