DCBOOKS
Malayalam News Literature Website

കാലം പ്രതിവായനകളെ ആവശ്യപ്പെടുന്നു

അതത് കാലത്തിന്റെ സ്​പന്ദനങ്ങൾ തേടി അക്കാലത്തിന്റെ സൃഷ്ടികളിലേക്ക് നാം ചെല്ലാറുണ്ട്. ചരിത്രമോ ഭാഷയോ നരവംശ ശാസ്ത്രമോ സാമൂഹികാവസ്ഥയോ വിഷയമെന്തുമാകട്ടെ ഇഴയോരോന്നായി ഊരിയെടുക്കാറുണ്ട്. കലയും കാലവും തമ്മിലുള്ള ആ കൂട്ടുകൃഷിക്ക് ഇങ്ങേയറ്റത്തൊരു അടയാളപ്പെടുത്തൽ കൂടി.വിരൽത്തുമ്പുകളിൽ ലോകം കൊണ്ടുനടക്കുന്ന ആധുനിക മനുഷ്യന്റെ വിഭ്രമാത്മക ചിന്തകൾ മലയാളനോവലിനെ കൂട്ടിക്കൊണ്ടുപോയ പുതിയ മേച്ചിൽപ്പുറത്ത് നാം ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’യെ കണ്ടുമുട്ടുന്നു.

ക്രമരഹിതവും അതേ സമയം വിശാലവുമായൊരു പ്ലോട്ടിൽ ഗണിത ശാസ്ത്രവും , രാഷ്ട്രതന്ത്രവും ചരിത്രവും നിഗൂഢതകളും വിന്യസിച്ച് അതിൽ നിന്ന് ക്രമം സൃഷ്ടിക്കുന്നു നോവൽ. ഭാവനയെന്നോ ഫാന്റസിയെന്നോ വേർതിരിച്ചു പറയാനാകാത്ത ഒരു അനുഭവിക്കലിന്റെ ആഖ്യാനശൈലി തന്നെ ഈ പുസ്തകത്തിന്റെ ഹൈ ലൈറ്റ് . സംഭവ്യതകളും സാധ്യതകളുമാണ് ഈ പുനർവ്യാഖ്യാനത്തിന് ആധാരം. കാര്യകാരണ ബന്ധത്തെ അട്ടിമറിക്കുന്ന സംഭവ്യതയിലൂടെ നോവൽ മുന്നോട്ടു നീങ്ങുന്നു. നമ്മുടെ മനസിന്റെ അബോധതലങ്ങളെ വെളിച്ചത്തിടുന്ന കൃതി മനുഷ്യമനസ്സിന്റെ ശരിയായ ചിത്രണം തരുന്നു. കാലത്തിന്റെ സങ്കേതങ്ങൾ, ചിന്തകൾ, ആഘോഷങ്ങൾ, ആദർശങ്ങൾ എന്നിവ നമുക്കു നേരെ ഒരു കണ്ണാടി പോലെ പിടിച്ച് കാട്ടിത്തരുന്നു. ഒന്നുരണ്ട് അധ്യായങ്ങൾക്കുള്ളിൽത്തന്നെ വായനക്കാരനെ കോരപ്പൂട്ടിട്ടു പൂട്ടുന്നുണ്ട് എഴുത്തുകാരൻ. വായനതീരുമ്പോഴും മുക്തി ആഗ്രഹിക്കാതെ അതിന്റെ ചരിത്രപഥങ്ങളിൽ അവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

സമകാലിക മലയാള ജീവിതം

21-ാം നൂറ്റാണ്ടിലെ വായനയുടെ പൊതുസ്വഭാവം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ്’ നോവലിലെ അഞ്ചാം അധ്യായമായ സൊറയിൽ നാം ഇങ്ങനെ വായിക്കുന്നു. തത്ത്വചിന്താപരമായ മറ്റെല്ലാ കാര്യങ്ങളിലും വായനക്കാർക്ക് താൽപ്പര്യം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെൺവാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത് The School എന്ന സ്ഥാപനത്തിലൂടെയാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ ലൈംഗികത നടത്തുന്ന പുതുപുത്തൻ വ്യവഹാരങ്ങളെ യാഥാർത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട് ഈ നോവൽ . ദി സ്കൂൾ നിലനിൽക്കുമ്പോഴും തകർക്കപ്പെടുമ്പോഴും സമൂഹം ആഘോഷിക്കുകയാണ്. മലയാളിയുടെ അമർത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ് ഇത്തരം The School -ന്റെ നിലനിൽപ്പും തകർച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന ഓർമ്മ വേണം. എന്തിനും മാന്യതയുടെ മറ വേണം’ സാൽവദോർ ഓപ്ഷൻ എന്ന ഹാൻഡ് ബൂക്കിനൊപ്പം വിക്ടോറിയയുടെ വാക്കുകളും ചേരുമ്പോൾ പുതിയ കാലത്തിന്റെ സുവിശേഷപുസ്തകത്തിലെ മറ്റൊരധ്യായം കൂടി മറനീക്കുന്നു. ‘എല്ലാ പ്ലഷറും വയലൻസിൽ നിന്നാണ് ഉണ്ടാകുന്നത് .സ്പോട്സ് തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. എതിരാളിയെ എങ്ങനെയും കീഴ്പ്പെടുത്തുക മാത്രമല്ലേ ആത്യന്തിക ലക്ഷ്യം? എല്ലാ മത്സരങ്ങളിലും അത് കായിക വിനോദമായാലും കച്ചവട മത്സരമായാലും യഥാർത്ഥ യുദ്ധങ്ങളായാലും ഹിംസയുടെ ആഘോഷങ്ങളാണ്. എതിരാളിയുടെ കായിക ശേഷിയേയോ ബുദ്ധിശക്തിയേയോ തന്ത്രങ്ങളേയോ പരാജയപ്പെടുത്താനാണ് നമ്മൾ ശ്രമിക്കുന്നത്. സമാധാനം നിഷ്ക്രിയമായ അവസ്ഥയാണ്. ‘ ഇട്ടിക്കോരയുടെ ഈ സിദ്ധാന്തങ്ങൾ ഇന്നത്തെ ലോകത്തിന്റെ സ്വഭാവം തന്നെയാണെന്ന് തിരിച്ചറിവിലാണ് നാം നോവലിനെ വായിക്കേണ്ടത്. സെന്റിമെന്റ്സുകളില്ലാത്ത പുതുലോകം, സ്നേഹത്തിലോ അടുപ്പത്തിലോ വിശ്വസിക്കാത്ത ലോകം, ബിന്ദുവിന്റെ അപകടത്തോട് പോലുമുള്ള പ്രതികരണം ശ്രദ്ധിക്കുക. ”Forget about her. We will celebrate..” നാളെ എനിക്കോ നിനക്കോ ഇതുപോലെ സംഭവിച്ചാലോ? ‘The other will behave the same way” . നിസ്സംഗമായി ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ടുകൊണ്ട് മനുഷ്യമനസ്സിന്റെ സ്വാഭാവിക ചോദനകളെ അംഗീകരിക്കുകയും ജീവിതത്തെ ഒരാഘോഷമാക്കി മാറ്റുകയും ചെയ്യുന്ന ഹൈപ്പേഷ്യൻ ഫിലോസഫി. ഒരിക്കൽ പൊട്ടിച്ചെറിഞ്ഞാൽ ഇല്ലാതാവുന്ന സദാചാരത്തിന്റെ എല്ലാ ചരടുകളും ഊരിയിടുന്നുണ്ട് നോവൽ. ഹൃദയ ബന്ധങ്ങൾക്കപ്പുറത്ത് ലാഭം മാത്രം നോട്ടമുള്ള ലോകം, ഏത് സത്യവും അട്ടിമറിയിലൂടെ ഇല്ലാതാക്കാൻ കഴിയുന്ന പണത്തിന്റേയും അധികാരത്തിന്റെയും മാധ്യമങ്ങളൂടേയും തന്ത്രങ്ങൾ എന്നിങ്ങനെയുള്ള ആധുനിക ലോകത്തിന്റെ മുഖം അങ്ങേയറ്റം അനായാസതയോടെയാണ് നോവലിൽ അവതരിപ്പിക്കപ്പെടുന്നത്. ലിങ്കുകളിലൂടെ ചുരുളഴിയുന്നതാണ് അധ്യായങ്ങളുടെ ഘടന.

ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്.ചരിത്രത്തെ ഭാവന ചെയ്യുന്ന, യുക്തിപൂർണമായ വിധം കെട്ടുകഥകളോട് കൂട്ടിച്ചേർക്കുന്ന അപനിർമാണമാണിതിലുള്ളത്. മലയാളത്തിൽ ഇന്നുവരെയുണ്ടായിട്ടുള്ള ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ രീതികൾ വച്ച് ഈ നോവലിനെ സമീപിക്കാനാവില്ല. ചരിത്രത്തിന്റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് ടി.ഡി. രാമകൃഷ്ണൻ വായനക്കാരനെ വിസ്മയിപ്പിക്കുന്നു.

തുടർപഠനത്തിനുള്ള സാധ്യതകൾ തുറന്നുതരുന്ന അനേകം പടവുകളുണ്ട് നോവലിൽ. വാസ്കോഡ ഗാമയ്ക്കു മുൻപ് കേരളത്തിൽ നിന്ന് കടൽ മാർഗ്ഗം നീങ്ങുന്ന ഒരു ചരക്ക് കപ്പല്‍ , അവരുടെ ദിശാബോധം, ഹൈപ്പേഷ്യ, കോര പിന്തുടരുന്ന ഹൈപ്പേഷ്യൻ സിദ്ധാന്തങ്ങൾ, ഭാരതീയ ഗണിത ചിന്തകൾ, മതം, ചരിത്ര നിർമ്മിതിയിൽ മതങ്ങളുടെ ഇടപെടലുകൾ, ചിത്രകല, ഹൈപ്പേഷ്യൻ സിദ്ധാന്തങ്ങളുടെ സംരക്ഷിക്കപ്പെടൽ , കേരളീയ ഗണിത സിദ്ധാന്തങ്ങൾ, സാമ്പത്തികശാസ്ത്രം, പണം അധികാരം അറിവ് എന്നീ ക്രമത്തിലുള്ള കോരയുടെ വളർച്ച എന്നിങ്ങനെയുള്ള വളരെ വിശാലമായ പ്ലോട്ട്. ഇതിനെ സമകാലീനമാക്കുന്നത് സേവ്യർ ഇട്ടിക്കോരയുടെ അന്വേഷണവുമായി ബന്ധപ്പെടുത്തിയാണ്.

നഷ്ടപ്പെട്ട തന്റെ ലൈംഗിക ശേഷി തിരിച്ചെടുക്കുന്നതിനായി നടന്ന കോരയുടെ അന്വേഷണം ചെന്നെത്തി നിന്നത് ദി സ്കൂൾ എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റിലാണ്. ദി സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബിന്ദു എന്നീ യുവതികൾ (ഉന്നതമായ ചിന്താ ശേഷിയുള്ളവരും മാന്യമായ തൊഴിലികളിലേർപ്പെടുന്നവരും സുന്ദരികളുമാണ് ഇവർ.) കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയിലേക്ക് ക്ഷണിക്കുന്നു. തനിക്ക് നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനും തന്റെ പിതാമഹനായ ഫ്രാൻസിസ് ഇട്ടിക്കോരയുടെ ജൻമനാട് കാണാനുമാണ് കോര കൊച്ചിയിലേക്ക് വരുന്നത്. കോരയെ പോലെയുള്ള അതിസമ്പന്നനായ അതിഥിയെ തൃപ്തിപ്പെടുത്താൻ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയും അതവരെ നിഗൂഢതകളിലേക്കും ആപത്തുകളിലേക്കും നയിക്കുകയും ചെയ്യുന്നു.

കൊച്ചി നഗരത്തിലെ വളരെ ആധുനികമായ രീതിയിൽ പ്രവർത്തിക്കുന്ന ‘ ദി സ്കൂൾ ‘ എന്ന ഇസ്റ്റിട്ട്യൂട്ടിന്റെ നടത്തിപ്പുകാരായ മൂന്ന് ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ് ഈ നോവൽ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ ,കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാൻസിസ് ഇട്ടിക്കോരയുടെ ഫ്ളോറൻസിലുള്ള പിന്മുറക്കാരൻ സേവ്യർ ഫെർണാണ്ടോ ഇട്ടിക്കോര ഉത്താരാധുനിക മുഖവുമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസഭോജനത്തിലൂടെ പുതിയ സങ്കേതങ്ങൾ അനുവാചകൻ തിരിച്ചറിയുന്നത് ഈ മനുഷ്യനിലൂടെയാണ്. ഇറാക്കിനെ നശിപ്പിക്കാൻ അമേരിക്ക കൈക്കൊണ്ട ‘സാൽവദോർ ഒപ്ഷൻ’ എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ കാലത്ത് അമേരിക്കൻ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യർ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയിൽ വച്ച് ഒരു സാധു ഇറാക്കി യുവതിയെ അയാൾ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ കോരയുടെ ലൈംഗികാസക്തി മരവിക്കുകയാണ്. നഷ്ടപ്പെട്ട ലൈംഗികത നേടിയെടുക്കുന്നതിനുള്ള അന്വേഷണത്തോടൊപ്പം എന്തും വിൽക്കുക വിറ്റ് ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന് ഉപഭോഗം ചെയ്യപ്പെടുക എന്ന നവ സിദ്ധാന്തം അയാളെ നരമാംസ ഭോജനത്തിലെത്തിക്കുന്നു. കാനിബാൾ ഫീസ്റ്റു കഴിഞ്ഞിറങ്ങുന്ന കസ്റ്റമറുടെ മനോഭാവം പോലെ തന്നെ നോവലിന്റെ വായന വായനക്കാരനെയും പുതിയൊരു കാഴ്പ്പാടിൽ ലോകത്തെ കാണുന്നതിലേക്ക് നയിക്കുന്നു. നരമാംസഭോജനമുൾപ്പെടെ ശരീരത്തിന്റെ ആഘോഷങ്ങളെല്ലാം നോവലിൽ അരാജകമായി ആവിഷ്കരിക്കുന്നുണ്ട്. ഇവയെല്ലാം അവനവനിൽ തന്നെയുള്ളതെന്ന തിരിച്ചറിവ് നൽകുന്ന നടുക്കം നമ്മെ പുതിയൊരു സംവേദനതലത്തിലെത്തിക്കുന്നു. നമ്മുടെ ഉള്ളിലുള്ള കാനിബാളിനെ അറിഞ്ഞ് സമ്മതിച്ച് തലകുലുക്കി മാത്രമേ നമുക്ക് കടന്നുപോകാനാവുന്നുള്ളൂ.

കോരയും ഗണിതവും

കച്ചവടത്തിലെ തന്റെ വളർച്ചയ്ക്കുള്ള തടസ്സം കണക്കിലെ കളികളും വ്യത്യസ്തഭാഷകൾ കൈകാരയ്ം ചെയ്യുന്നതിലുള്ള സാമർഥ്യക്കുറവുമാണെന്ന് മനസ്സിലാക്കിയ കോരയുടെ അപ്പൻ അയാളെ വിദേശത്ത് കൊണ്ടുപോയി പഠിപ്പിക്കുന്നു. കച്ചവടമേഖലയിലെ പുതിയ തന്ത്രങ്ങളുമായി കോര തിരിച്ചെത്തുകയും കുരുമുളകിന്റെ വിദേശ രാജ്യങ്ങളിലുള്ള കച്ചവട സാധ്യത മനസ്സിലാക്കിയ അയാൾ അതിന്റെ ഉല്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. രണ്ടുമൂന്നുകൊല്ലം കൊണ്ടുതന്നെ പണ്ടികശാലയിൽ കുരുമുളകു നിറയുന്നു. അങ്ങനെ കുന്നംകുളം കുരുമുളകുകച്ചവടത്തിലൂടെ ഒരു പ്രധാന കച്ചവടകേന്ദ്രമായി വളരുന്നു. ആദ്യമായി കയ്യിൽ നാലു കാശു വന്നു ചേർന്ന അന്നാട്ടിലെ പാവപ്പെട്ട കർഷകരുടെ ജീവിതം അപ്പാടെ മാറുകയായി. തനിക്കു ചുറ്റുമുള്ള ജനതയുടെ വിശ്വാസം നേടിയെടുക്കാനും അവർക്കു മുന്നിൽ ഒരു അതികായ ശക്തിയായി നിലകൊള്ളാനും ഇട്ടിക്കോരയ്ക്ക് കഴിയുന്നത് ആ ജനതയുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാൻ കഴിഞ്ഞതിനാലാണ്. അതോടൊപ്പം ഇട്ടിക്കോര മലബാർ തീരത്തെ കുരുമുളകു കച്ചവടത്തിന്റെ രാജാവായി. വേദാംഗ ശാസ്ത്രങ്ങളുടെ മൂർദ്ധാവിൽ സ്ഥിതിചെയ്യുന്ന ഗണിതത്തെ കച്ചവടത്തിലേക്കാവാഹിച്ച് ആഗോള വ്യാപാരിയായി. കാലം, ദേശം, ഭാഷ എന്നിവയ്ക്ക് അതീതമായ വിശദീകരിക്കാനാവാത്ത ഒരൽഭുതമാണ് ഗണിതം. എല്ലാ സൃഷ്ടികളുടേയും ശാസ്ത്രങ്ങളുടേയും കലകളുടേയും അടിസ്ഥാനം. ലോകത്തിന്റെ വ്യത്യസ്ത ജനസമൂഹങ്ങളിൽ ഗണിതം ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ട് സമാന്തരമായി വളരുകയായിരുന്നു. ഗണിതശാസ്ത്രത്തിനു സംഭാവന നൽകിയവരിൽ സംഗീതജ്ഞരും വിപ്ലവകാരികളും കച്ചവടക്കാരും കായികതാരങ്ങളുമുണ്ട്.

അസാധാരണമായ കച്ചവടതന്ത്രങ്ങളും തുറന്ന ലൈംഗിക ചിന്തകളുമുള്ള ഇട്ടിക്കോര തന്റെ കാലത്ത് ഇറ്റലിയിൽ വേരെടുത്ത രഹസ്യ ഹൈപ്പേഷിയൻ വിദ്യാലയങ്ങളുടെ മുഖ്യ പ്രചോദകനും ആഗോള വേരുക്കളും അളവറ്റ ധനവുമുള്ള പതിനെട്ടാം കൂറ്റുകാരുടെ ആരാധ്യമൂർത്തിയും വംശസ്ഥാപകനുമായിരുന്നു. ഈജിപ്തിന്റെ തലസ്ഥാനമായിരുന്ന മധ്യധരണ്യാഴി തീരത്തെ അലക്സാന്ട്രിയ നഗരത്തിൽ ജീവിച്ചിരുന്ന ഹൈപ്പേഷ്യയുടെ ഇളമുറക്കാരിയായ ഒരു യവന അടിമ യുവതിയായിരുന്നു ഇട്ടിക്കോരയുടെ അമ്മ. അലക്സാൻട്രിയയയയിലേയും റ്റിംബക്റ്റൂവിലേയും വിദ്യാഭ്യാസം വഴി തനിക്കു പകർന്നു കിട്ടിയ ഹൈപ്പേഷിയൻ ആശയങ്ങൾ ഇട്ടിക്കോര രഹസ്യ ഹൈപ്പേഷിയൻ വിദ്യാലയങ്ങൾ വഴി ഇറ്റലിയിലും, വ്യാപാരത്തിൽ തന്റെ സഹായികളായി നിയോഗിച്ച നീലകണ്ഠൻ നമ്പൂതിരിയെപ്പോലുള്ളവർ വഴി കേരളത്തിലും പ്രചരിപ്പിച്ചു. ഇപ്പോഴത്തെ ഗണിത ശാസ്ത്ര അക്കാദമിക ചർച്ചകളിൽ കേരള സ്കൂളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധവ സംഗമഗ്രാമ, നീലകണ്ഠസോമയാജി, ജേഷ്ഠദേവ മുതലായവരുടെ ഗണിതശാസ്ത്രത്തിലേയും ജ്യോതിശാസ്ത്രത്തിലേയും സംഭാവനകളെ ഇട്ടിക്കോരയുമായി ബന്ധിപ്പിച്ചു കാണാനാണ് നോവൽ ശ്രമിക്കുന്നത്. വിവിധ ഗണിതശാസ്ത്രസിദ്ധാന്തങ്ങളേയും കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രങ്ങളുടെ ചരിത്രത്തേയും സംബന്ധിച്ച ദീർഘമായ ചർച്ചകളും ചിന്തകളും നോവൽ മുന്നോട്ടുവെക്കുന്ന സിദ്ധാങ്ങളുടെ സമർത്ഥനത്തിന് സഹായകമാവുന്നുണ്ട്. സംഗമഗ്രാമമാധവൻ, പരമേശ്വരൻ, നീലകണ്ഠസോമയാജി, ജ്യേഷ്ഠദേവൻ, അച്യുതപ്പിഷാരടി, ആധുനികനും ‘മയൂരശിഖ’ (ക്രെസ്റ്റ് ഓഫ് ദ് പീക്കോക്ക്) എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ ജോർജ്ജ് ഗീവർഗീസ് ജോസഫ് തുടങ്ങിയ കേരളീയ ഗണിതശാസ്ത്രജ്ഞന്മാരും,ന്യൂട്ടൻ, ലീബ്നീസ്, ഫിബോനാച്ചി, ഫെർമാറ്റ് തുടങ്ങിയ പാശ്ചാത്യ ഗണിതശാസ്ത്രജ്ഞന്മാരും ഈ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. പാൾ എയർദോഷ്, അലക്സാണ്ടർ ഗ്രോഥൻഡീക്ക് തുടങ്ങിയ ആധുനിക പാശ്ചാത്യ ഗണിതശാസ്ത്രജ്ഞന്മാർ ഇതിലെ കഥാപാത്രങ്ങൾ തന്നെയാണ്. ചരിത്രം,ഗണിതം,സംഗീതംഎന്നിവ നോവലിന്റെ ആസ്വാദ്യതയ്ക്ക് ത്രില്ലുണ്ടാക്കുന്ന വിധം ചേർന്നുനിൽക്കുന്നു.

പണം ,കരുത്ത് ,അധികാരം എന്നിവയ്ക്കൊപ്പം അറിവു ചേരുമ്പോഴുണ്ടാകുന്ന അഭൂതപൂർവ്വമായ വളർച്ചയാണ് കോരയുടെ ജീവിതഗാഥയ്ക്ക് പറയാനുള്ളത്. ഗണിതമാവട്ടെ അനന്തതയെ എത്തി പിടിക്കാനുള്ള ത്വരയോടൊപ്പം ലാഭനഷ്ടങ്ങളുടെ കണക്കുകളിലൂടെ മുതലാളിത്തശക്തികളുടെ നിയന്ത്രണത്തിന്റെ ഉപാധിയുമാകുന്നു. ഗണിതത്തെ വ്യാപാരത്തിന്റെ ഫലപ്രാപ്തിക്ക് പ്രയോജനപ്പെടുത്താനാണ് ഇട്ടിക്കോര ഉപദേശിക്കുന്നത്. ആ തത്ത്വചിന്ത വിവരിക്കുന്നിടത്ത് സമീപകാല കമ്പോള വ്യവസ്ഥയെ കുറിച്ച ചില ഉൾകാഴ്ചകളിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ട് പോവുന്നു. പുതിയ ഒരു സുവിശേഷത്തിന്റെ കാലം. ജീവിതം ആഘോഷിക്കുക എന്ന പുതിയ ലോകത്തിന്റെ സുവിശേഷം പറയുന്നു ഫ്രാന്സിസ് ഇട്ടിക്കോര.

നോവൽ മുന്നോട്ടു വയ്ക്കുന്ന സുവിശേഷങ്ങൾ

പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്. ജീവിക്കാൻ വേണ്ടി നമ്മൾ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാൾ കച്ചവടം ചെയ്യാൻ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ് ശരി. കച്ചവടത്തിന്റെ നീതിയാണ് നമമുടെ നീതി. നേരിട്ട് അധ്വാനിക്കേണ്ടി വരുന്ന മറ്റ് ജോലികളിലേർപ്പെട്ട് ഒരിക്കലും സമയം പാഴാക്കരുത്. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച് സ്വന്തമാക്കാൻ ശ്രമിക്കുക. എന്തും വില കുറച്ച് വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുക. അതിൽ കിട്ടുന്ന ലാഭത്തിൽ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വിൽക്കാനുമുള്ള ചരക്കുകൾ തന്നെയാണ്. കച്ചവടത്തിൽ ലാഭമുണ്ടാക്കാൻ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമുക്ക് ശരിയാണ്. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.

കള്ളും പെണ്ണും ഒറ്റയ്ക്ക് മോന്തരുത്. ഒറ്റയ്ക്കിരുന്ന് അത്താഴം കഴിക്കരുത്. ഒറ്റയ്ക്ക് കട്ടിൽ കിടന്നുറങ്ങരുത്. ഒറ്റമുണ്ടുടുക്കരുത്. ഒറ്റക്കപ്പലിൽ കച്ചവടത്തിനു പോകരുത്. എല്ലാ സന്തോഷങ്ങളും പങ്കുവെയ്ക്കപ്പെടേണ്ടതാണ്.

പ്രണയത്തെ കാമമാക്കി ആഘോഷിക്കുക, സ്നേഹം കറുപ്പു പോലെ നമ്മെ മയക്കും. വെറുപ്പാണ് നല്ലത്, കഴുത്തറുക്കുമ്പോഴും പുഞ്ചിരിക്കണം.തുടക്കരുത്തുള്ളവനേ തുഴക്കരുത്തുണ്ടാവൂ. അടിമപ്പെണ്ണിനെ വാങ്ങുമ്പോൾ അരക്കെട്ടു നോക്കി വാങ്ങണം, മനുഷ്യ മാംസം തന്നെയാണ് ഏറ്റവും വിശിഷ്ടമായ ഭോജ്യം.

കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ് കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാൽ അടുത്ത ക്രിസ്മസ് രാത്രി അവളെ എനിക്ക് സമർപ്പിച്ച് കോരപ്പെണ്ണാക്കണം. അതിന് ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകൾ ഉണ്ട്. രാത്രി നിലവറയിലാക്കി അടച്ച് കഴിഞ്ഞാൽ പുലരും വരെ നിലവറ തുറക്കരുത്. അകത്ത് എന്തൊക്കെയാണ് നടന്നതെന്ന് ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാൽ ഇതേ ചടങ്ങുകൾ കഴിച്ച് അവളെ പതിനെട്ടാം കൂറ്റുകാരിയാക്കണം.പതിനെട്ടാം കൂറ്റുകാരുടെ മുന്നിൽ രണ്ടേ രണ്ടു ലക്ഷ്യങ്ങളെയുള്ളൂ. കച്ചവടത്തിൽ പരമാവധി ലാഭമുണ്ടാക്കുക…അതുപയോഗിച്ച് പരമാവധി ആഘോഷിച്ചു ജീവിക്കുക. (ഫ്രാൻസിസ് ഇട്ടിക്കോര, പേജ് 247)

ജീവിതത്തെ ഒരു കാർണിവൽ പോലെ ഇവർ ആഘോഷിക്കുന്നു. ഭൂമിയിൽത്തന്നെയുള്ള സ്വർഗ്ഗത്തിൽ വിശ്വസിക്കുന്ന ഇവർ ഒരു നരകത്തെയും ഭയപ്പെടുന്നില്ല.

ഹൈപ്പേഷ്യ അറിവിന്റെ തീക്ഷ്ണ സൌന്ദര്യം

നോവലിലെ ഏറ്റവും സുന്ദരമായ ഏടാണ് ഹൈപ്പേഷ്യയുടേത്. . അലക്സാൻട്രിയയിൽ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. ആദ്യവനിതാ ഗണിത ശാസ്ത്രജ്ഞ. ലോകത്തിലെ ഇന്നത്തെ കണക്കിന്റെ അടിസ്ഥാനം ഹൈപ്പേഷ്യയുടെ സിദ്ധാന്തങ്ങളാണ്.സ്ത്രീ സ്വാതന്ത്ര്യത്തി ന്റെ ഏറ്റവും പൌരാണികമായ മുഖം. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണൻ ഈ നോവലിൽ അതിസമർത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈംഗികതയും ശരീരത്തിന്റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്റെ ഉത്തരാധൂനിക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. സൌന്ദര്യത്തിന്റെയും യുക്തിയുടേയും സങ്കലനം കൂടിയാണ് ഹൈപ്പേഷ്യ. ലോകമാനവ ചരിത്രത്തിൽ െ്രെകസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണൻ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട് തകർക്കുകയാണ്. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടിൽ പറയുന്നതിങ്ങനെ.

‘അക്കാലത്ത് ദുഖവെള്ളിയാഴ്ച അലക്സാട്രിയയിൽ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികൾ സമൂഹത്തിൽ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സർവ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി ചിത്രീകരിച്ച് അവർ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങൾ ദൈവ നിഷേധവും ചെകുത്താൻ സേവയുമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതൊന്നും സർവ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വർഷവും വിദേശ വിദ്യാർത്ഥികൾ അലക്സാൻട്രിയയിൽ എത്തി.

The true story of hypatia, Iebella Swan, Page 79

ചരിത്രമെന്ന വളരെ വലിയ സമയ മുദ്രയിൽ നിന്ന് ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോൾ ഇവിടെ ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്. ലോകത്തിലെ ഇന്നത്തെ ഗണിതത്തിന്റെ അടിസ്ഥനം ഹൈപ്പേഷ്യയാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ അതി ദയനീയമായ രീതിയിൽ മതഭ്രാന്തൻമാരുടെ അക്രമണത്തിൽ കാമുകനായ ഒറേസ്റ്റസ്സിനൊപ്പം ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു. പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക് ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. ‘പരിശുദ്ധനായ കർത്താവേ കരുണമയനായ യേശുവേ, അലക്സാൻട്രിയയിലെ പൌരൻമാരെ, നിങ്ങൾക്കു മുന്നിൽ എന്റെ കുറ്റങ്ങൾ സമ്മതിക്കുന്നു. ഞാൻ വേശ്യയാണ്, ദുർമന്ത്രവാദിയാണ്. പാപിയാണ്. ഈ തെറ്റുകൾ പൊറുത്ത് എന്റെ ശിഷ്ടജീവിതമെനിക്ക് തിരിച്ചു തരേണമേ. . . . ‘മതഭ്രാന്തൻമാർ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും ( മിനുസപ്പെടുത്തിയ ഗ്രാനൈറ്റുകൊണ്ടും മാർബിൾ കൊണ്ടും പണിത ജ്യോമെട്രിക്കയുടെ ഓരോ മുക്കും മൂലയും ഏതെങ്കിലും ഗണിത സിദ്ധാന്തത്തിന്റെ ഉദാഹരണമോ നിർദ്ധാരണമോ ആയിരുന്നു), അവരുടെ അമൂല്യമായ ‘പാപ്പിറസ്’ ചുരുളുകളും കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യൻ ചരിത്ര സൂചനകളിൽ നിന്ന് നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ വായനക്കാരന് ചരിത്രത്തിൽ രമിക്കാൻ പുതിയ ചില ഇടങ്ങൾ ഉണ്ടാക്കുകയാണ്.

ഹൈപ്പേഷ്യ കൊല ചെയ്യപ്പെട്ടതോടെ എന്നന്നേക്കുമായി നശിപ്പിക്കപ്പെട്ടു എന്നുകരുതിയ അലക്സാൻട്രിയയിലെ വാനശാസ്ത്രത്തിന്റേയും ഗണിതത്തിന്റേയും പാപ്പിറസ് ചുരുളുകൾ ഒറെസ്റ്റസ് തിംബീക്തുവിലേക്കു കൊണ്ടുപോയി സംരക്ഷിച്ചു.നബിയുടെ കാലത്ത് അവിടെ വളർന്നുവന്ന സർവ്വകലാശാലയിൽ അത് വിശദമായി പഠിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയുടെ ഭീഷണിയില്ലത്തതിനാൽ അവിടെ ഹൈപ്പേഷ്യയുടെ സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നതിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഈ സിദ്ധാന്തങ്ങൾ തിംബിക്തുവിൽ നിന്ന് മഗ്രിബിലേക്കും മറ്റ് അറബി രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇറ്റാലിയൻ ഗണിതസാസ്ത്രജ്ഞനായിരുന്ന ഫെബിനോച്ചി മഗ് രിബിൽ (അൾജീരിയ) നിന്ന് ഹൈപ്പേഷ്യൻ സിദ്ധാന്തങ്ങൾ പഠിച്ച് ഇറ്റലിയിൽ പോയി തന്റെ കണ്ടുപിടുത്തങ്ങളായി അവതരിച്ചു. ഹൈപ്പേഷ്യയുടെ ഒന്നാം ശ്രേണിയാണ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്ന ഫെബിനോച്ചി നമ്പേർസ്.(ദൈവം ലോകം തന്നെ സൃഷ്ടിച്ചിരിക്കുന്നത് ഈ ശ്രേണിയിലാണെന്നാണ് ഹൈപ്പേഷ്യയുടെ വാദം. ഈ ശ്രേണികൾ തമ്മിലുള്ള അനുപാതമാണു സൃഷ്ടികളിലെ സൌന്ദര്യത്തിന്റെ അനുപാതം. (പേജ് 134).)അതിനുശേഷം ഇരുന്നൂറോളം വർഷം കഴിഞ്ഞാണ് ഇട്ടിക്കോര തിംബിക്തുവിലെത്തുന്നത്. തിംബിക്തുവിൽ ഒരു വർഷവും അലക്ഷാണ്ഡ്രിയയിൽ രണ്ടുവർഷവും പഠിച്ച ഇട്ടിക്കോര നാട്ടിലെത്തിയപ്പോൾ താൻ പഠിച്ച കാര്യങ്ങൾ തന്റെ കീഴിൽ ജോലിക്ക് വന്ന നമ്പൂതിരിമാർക്ക് പറഞ്ഞുകൊടുത്തു. യവനമാരുടെ മ്ലേച്ഛ ഭാഷ പഠിച്ചാൽ ബ്രാഹ്മണ്യം പോകുമെന്ന് ഭയന്ന് അവർ ഇട്ടിക്കോര പഠിപ്പിച്ച കാര്യങ്ങൾ സംസ്കൃതത്തിലാക്കി ഓലകളിലും തകിടുകളിലും എഴുതി സൂക്ഷിച്ചു. ഹൈപ്പേഷ്യയുടെ പിന്തുടർച്ചക്കാരിലൊരാളാണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ അമ്മ.

Textപിന്നീട്, നോവലിൽ ഹൈപ്പേഷ്യയുടെ തുടർച്ചയെന്നോണം വ്യക്തിക്ത്വമുള്ള ചില സ്ത്രീ കഥാപാത്രങ്ങൾ കൂടി വരുന്നുണ്ട്.

ഇയ്യാലിലെ കോത .(1460. സാമൂതിരി കുടുംബാംഗമായിരുന്ന യുവസുന്ദരി .) എഴുത്തച്ഛന്റെ സമകാലികനായ ഇട്ടിക്കോര വഴിതടഞ്ഞ് തട്ടിക്കൊണ്ടുപോയി കുന്നകുളത്ത് കളപ്പുരയിൽ താമസിപ്പിക്കുന്നു. കളപ്പുരയുടേയും കൃഷിയിടങ്ങളുടേയും ഭരണം സാമർത്ഥ്യത്തോടെ ചെയ്യുന്ന കോതയിലൂടെ ഇട്ടിക്കോര അവൾക്കു നൽകിയ അസഹിഷ്ണുതയില്ലാത്ത ലൈംഗിക സ്വാതന്ത്ര്യവും അവളുടെ ആസ്വാദ്യകരമായ ജീവിതവും ആവിഷ്കരിക്കുന്നു.

ലൈല. 1486 ഇൽ ഫ്ലോറൻസിലെ  മനോഹരമായ
ഒരു സൗധത്തിലേക്ക് ഇട്ടിക്കോര കൊണ്ടു വന്ന ബാബിലോണിയൻ സുന്ദരി. അതിസുന്ദരിയും ബുദ്ധിമതിയുമായ ലൈല വളരെ വേഗം ഫ്ലോറൻസിലെ ബുദ്ധിജീവികളുടേയും കലാകാരന്മാരുടേയും ശ്രദ്ധാകേന്ദ്രമായി മാറി. മൈക്കലാഞ്ചലോയും ബോട്ടിസെല്ലിയും റാഫേലും ഫിലിപ്പനോലിപ്പിയും ലോറൻസോ മെഡിചിയുമെല്ലാം ലൈലയുടെ അതിഥികളായിരുന്നത്രേ.

അഡ്രിയാന. 1556 ഇൽ പാലസോകോര തീവച്ച് നശിപ്പിക്കപ്പെടുമ്പോൾ അവിടുത്തെ പ്രധാന ആതിഥേയയും ഗണിതാധ്യാപികയുമായിരുന്നു അഡ്രിയാന. ഫ്രാൻസിസ് ഇട്ടിക്കോരയുടെ 79 മക്കളിൽ ഏറ്റവും ഇളയവളാണ് അഡ്രിയാന കോര. ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലുമുള്ള കോരയുടെ പ്രതിഭയും പാരമ്പര്യവും തുടർന്നുകൊണ്ടുപോയത് അഡ്രിയാനയാണ്. ചെറുപ്പത്തിൽ തന്നെ ഹൈപ്പേഷ്യൻ ഗണിതവും ജ്യോതിശാസ്ത്രവും പഠിച്ച് രഹസ്യ ഹൈപ്പേഷ്യൻ സ്കൂളിലെ അധ്യാപികയായ അഡ്രിയാനയ്ക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ശിഷ്യഗണങ്ങളുണ്ടായി. സ്ത്രീപുരുഷ ബന്ധങ്ങളിൽ ശരീരത്തിന്റെ ആഘോഷങ്ങൾക്കു പ്രാധാന്യം നൽകിയ അഡ്രിയാന ഹൈപ്പേഷ്യൻ ഗണിതം പഠിപ്പിക്കുന്നതിനും ഹൈപ്പേഷ്യൻ തത്ത്വശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വേണ്ടി തന്റെ ജീവിതം നീക്കി വെച്ചവളായിരുന്നു. ജീവിതത്തിൽ നേരിട്ട ചില പ്രിതിസന്ധികളുടെ ഫലമായി പിയറി നിക്കോലസ് ഗലോയിസ് എന്ന കപ്പിത്താനെ വിവാഹം കഴിക്കുകയും ഫ്രാൻസിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു. അഡ്രിയാനയുടെ സ്കൂൾ കോര സ്കൂൾ എന്നും അവിടെ പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളെ കോര തിയറംസ് എന്നുമാണ് അറിയപ്പെട്ടത്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹൈപ്പേഷ്യൻ തത്ത്വശാസ്ത്രവും ഗണിതവും കത്തോലിക്കാ സഭയുടെ കടുത്ത അടിച്ചമർത്തലുകളെ അതിജീവിച്ചത് ഈ കോരസ്കൂളിലൂടെയാണ്.

ഹഷിംമോട്ടോ മൊറിഗാമി .(2008. ഗവേഷക വിദ്യാർത്ഥിനി.) ഗണിതശാസ്ത്ര ഗവേഷണം വഴി ഇട്ടിക്കോരയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നവൾ. ഇട്ടിക്കോരയോടൊപ്പം നരമാസഭോജനം നടത്തുകയും വേറിട്ട രീതിയിൽ ജീവിതത്തെ നോക്കിക്കാണുകയും ചെയ്യുന്ന ധീരയായ ഗവേഷക വിദ്യാർത്ഥിനി.

കാര്യശേഷിയുള്ള ഈ സ്ത്രീകൾ കുറ്റബോധമില്ലാതെ പുരുഷസമൂഹത്തോട് ഏറ്റവും അടുത്ത് തുറന്ന് ഇടപെടുന്നു. ശാരീരിക ആസ്വാദനങ്ങളിലെന്ന പോലെ തന്നെ ബൌദ്ധികതല ചർച്ചകളിലും പങ്കെടുക്കുന്ന ഇവർ ചപല വ്യക്തിത്വങ്ങളല്ല. ശരീരത്തിന്റെ ഉത്സവങ്ങളിലും ജീവിതത്തിന്റെ ആഘോഷങ്ങളിലും വിശ്വസിക്കുന്ന ഇവർ ആഢംബരപ്രിയരും ആകാരഭംഗിയുള്ളവരുമാണ്. വ്യവസ്ഥാപിത കുടുംബജീവിതമോ മക്കളോ ഇവർക്കില്ല്ല. ഇത്തരത്തിൽ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങൾ മലയാളനോവലിൽ അധികമുണ്ടായിട്ടില്ല.

സൈബർ സ്പേസ്

ഒരു ഡിജിറ്റൽ വായനയുടെ രീതിയിൽ അധ്യായങ്ങൾ ഓരോരോ ലിങ്കുകളിലൂടെയെന്നവണ്ണം അടരുകളിടുന്നു. പ്ലോട്ട് ഒരു ചെറിയ ഇടത്തിലൊതുങ്ങുന്നില്ല. അതിന്റെ വിസ്തൃതിയോട് പുതിയ കാലത്തിന് വളരെ എളുപ്പത്തിൽ ഭൂമിശാസ്ത്രപരമായ വ്യത്യാസമില്ലാതെ താദാത്മ്യം പ്രാപിക്കാനാവുന്നു. മലയാളത്തിന്റെ പശ്ചാത്തലത്തിൽ ഒതുങ്ങി നില്ക്കുന്ന ഒരു ആഖ്യാനമല്ല, വിരൽതുമ്പിലേക്ക് ദേശഭേദങ്ങൾ മറികടന്ന് ഒഴുകി വന്നെത്തുന്ന ഒരു സൈബർ സ്പേസിന്റെ മാതൃകയാണ് നോവൽ പിന്തുടരുന്നത്. സേവ്യർ ഇട്ടിക്കോരയെ സൈബർ സ്പേസിൽ കണ്ടുമുട്ടുന്നത് കൊച്ചിയിലെ സ്വകാര്യ ബോഡി സ്കൂൾ നടത്തുന്ന രേഖ എന്ന കോളേജ് അധ്യാപികയാണ്. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാർ എന്നറിയപ്പെടുന്ന കോരപ്പാപ്പന്റെ കുടുംബ രഹസ്യങ്ങളും ദുരൂഹതകളും കൂടിയാണ് നോവൽ പ്രതിപാദിക്കുന്നത്. കോര ഒരു മിത്തോ യാഥാർത്ഥ്യമോ എന്ന വേർതിരിക്കാൻ കഴിയുന്നില്ല, ചരിത്രത്തിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചുപോകും വിധം സങ്കീർണ്ണമാണ് കോരപ്പാപ്പന്റെ ജീവിതാഖ്യാനം. പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച് ഹൈപേർഷ്യൻ ഗണിത ശാസ്ത്രത്തിന്റെ ചരിത്രത്തിലൂടെ, അതിനെ കുന്ദംകുളത്തിന്റെ വ്യാപാര യുക്തികളുമായി സമർത്ഥമായി ബന്ധിപ്പിച്ച് മെനഞ്ഞെടുക്കുന്ന ആഖ്യാനം അസാധാരണവും വിപുലവുമായ ഭൂമിശാസത്ര ചരിത്രകാലങ്ങളിലാണ് നിലയുറപ്പിക്കുന്നത്. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപാഖ്യാനമാണ്. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന വർത്തമാന കാലം മറ്റൊരുപാഖ്യാനമാണ്. സേവ്യർ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലിൽ സമാന്തരമായി വളരുന്നു. ഗണിതശാസ്ത്രത്തെ സൂക്ഷ്മതലത്തിൽ പ്രമേയഘടനയിൽ നിബന്ധിച്ചുകൊണ്ട് കേരളത്തിന്റെ ഗണിത ചരിത്രത്തെ വർത്തമാനപ്പെടുത്തുന്നുണ്ട് നോവൽ. ഗണിതശാസ്ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെയും (Morigami’s world of plus and minus) ബെന്നി കൊണ്ടു വന്ന ‘നക്ഷത്രക്കോര അഥവാ ഇട്ടിക്കോര എന്ന നാവികൻ’ എന്ന പുസ്തകത്തിലൂടെയും ഇട്ടിക്കോരയുടെ മെയിലിലൂടെയും ചുരുളഴിയുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്.

മറ്റൊരു തരത്തിൽ നോക്കിയാൽ ആരാണ് ഇട്ടിക്കോര എന്ന അന്വേഷണമാണ് നോവൽ നടത്തുന്നത്. അതിലൂടെ വിരിയുന്ന ഇട്ടിക്കോരയുടെ ചരിത്രം കുന്നംകുളത്തിന്റെയും ,ഫ്ളോറന്സിന്റെയും ,യൂറോപ്യൻ നവോത്ഥാനത്തിന്റെയും,മൈക്കളാഞ്ചലോയുടെ ‘പിയാത്ത’യുടേയും ചരിത്രമാണ്! ‘ഇട്ടിക്കോരയെക്കുറിച്ച് അന്വേഷിക്കുമ്പോൾ നമ്മൾ ചെന്നു മുട്ടുന്നത് വെറും ചരിത്രത്തിലേക്കല്ല, ശാസ്ത്രത്തിനോ യുക്തിക്കോ വിശദീകരിക്കാനാവാത്ത ഒരു സമാന്തര സംസ്കാരത്തിലേക്കാണ്. ഒരു അണ്ടർഗ്രൌണ്ട് കൾച്ചർ. അതിന്റെ ഐക്കണാണ് ഇട്ടിക്കോര. A secret Icon. ‘ കൃത്യമായ ഒരു ജ്യോമെട്രിക് പ്രോഗ്രഷൻ നമുക്ക് ഈ പ്ലോട്ടിൽ കണ്ടെത്താനാകുന്നു. സൂര്യകാന്തിപ്പൂക്കളുടെ ശ്രേണി പോലെ, വ്യാപാരശൃംഖലകൾ പോലെ, ഇട്ടിക്കോരയുടെ വളർച്ച പോലെ..ഈ രസകരമായ നിഗൂഢതകളുടെ ക്രമമായ വളർച്ചയാണ് നോവലിന്റെ ഉദ്വേഗത്തെ നിലനിർത്തുന്നത്.

ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് സിന്ധു. കെ.വി എഴുതിയ വായനാനുഭവം.

കടപ്പാട്: മാതൃഭൂമി

Comments are closed.