DCBOOKS
Malayalam News Literature Website

സ്മാരകശിലകള്‍ ബാക്കിയാക്കി പുനത്തില്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം!

‘കുഞ്ഞബ്ദുള്ളയ്ക്ക് ക്രാഫ്റ്റ് ഇല്ല. കുഞ്ഞബ്ദുള്ള മുന്‍കൂട്ടി ക്രാഫ്റ്റ് നിര്‍മ്മിക്കുന്നുമില്ല. കഥയുടെ ഒഴുക്കിനോടൊപ്പം അങ്ങിനെ ഒഴുകുകയാണ്. ശരിക്കും പറഞ്ഞാല്‍ കുഞ്ഞബ്ദുള്ളതന്നെ കഥയോടൊപ്പം ഒഴുകിപ്പോവുകയാണ്. കഥാപാത്രങ്ങളുമായി സൗഹൃദംപ്രാപിച്ച് അവരെ ഒരിക്കലും കരുക്കളാക്കി നീക്കാതെ കുഞ്ഞബ്ദുള്ള അവരോടൊപ്പം ഒരുപോക്കുപോവുകയാണ്.’– സക്കറിയ

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വിട പറഞ്ഞിട്ട് ഇന്ന് 4 വര്‍ഷം പൂര്‍ത്തിയായി. ജീവിതത്തെ ഏറെ പ്രണയിച്ച എഴുത്തുകാരനായിരുന്നു പുനത്തില്‍. രോഗികള്‍ക്ക് പ്രിയപ്പെട്ട വൈദ്യനായും വായനക്കാര്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനുമായിരുന്നു അദ്ദേഹം.  വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ ജനപ്രിയങ്ങളാക്കി.

പുനത്തില്‍ കുഞ്ഞബ്ദുള്ള (1940-2017)
1940-ല്‍ ജനിച്ചു. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. നോവല്‍, കഥകള്‍, നോവെലറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി 35 കൃതികള്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.  2017 ഒക്‌ടോബര്‍ 27-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  അഗ്നിക്കിനാവുകള്‍, കന്യാവനങ്ങള്‍, കലീഫ, ക്യാമറക്കണ്ണുകള്‍, ദുഃഖിതര്‍ക്ക് ഒരു പൂമരം, നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊത്ത്), പരലോകം, പുനത്തിലിന്റെ നോവെല്ലകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, മരുന്ന്, മേഘക്കുടകള്‍, സ്മാരകശിലകള്‍, സംഘം, കിച്ചണ്‍ മാനിഫെസ്റ്റോ

കഥകള്‍ :  അകമ്പടിക്കാരില്ലാതെ, എന്റെ കാമുകിമാരും മറ്റു കഥകളും, എന്റെ പ്രിയപ്പെട്ട കഥകള്‍, ജൂതന്മാരുടെ ശ്മശാനം, തിരഞ്ഞെടുത്ത കഥകള്‍, നരബലി, നീലനിറമുള്ള തോട്ടം, പുനത്തിലിന്റെ 101 കഥകള്‍, പുനത്തിലിന്റെ കഥകള്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകള്‍, മുയലുകളുടെ നിലവിളി, വിഭ്രാമകകാണ്ഡം, സതി, ക്ഷേത്രവിളക്കുകള്‍, സൈക്കിള്‍ സവാരി, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം

അനുഭവങ്ങള്‍ : കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, ഡോക്ടര്‍ അകത്തുണ്ട്

ആത്മകഥ :  നഷ്ടജാതകം

ഓര്‍മ്മക്കുറിപ്പുകള്‍ :  നടപ്പാതകള്‍, മരുന്നിനുപോലും തികയാത്ത ജീവിതം, യാത്ര, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍, എന്റെ സ്വത്വാന്വേഷണ പരീക്ഷകള്‍

സ്മാരകശിലകള്‍, മരുന്ന് പോലുള്ള ശ്രദ്ധേയമായ നിരവധി നോവലുകളും എണ്ണംപറഞ്ഞ ചെറുകഥകളും സംഭാവന ചെയ്ത പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ നല്‍കാതിരുന്നത് അനീതിയായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പുനത്തിലിന്റെ മിനിക്കഥകള്‍, നോവലുകള്‍, നോവലെറ്റുകള്‍, കഥകള്‍ ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.