DCBOOKS
Malayalam News Literature Website

മലയാളിയായ അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യാ മേധാവി

കൊച്ചി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി എറണാകുളം സ്വദേശി അജിത് മോഹന്‍ നിയമിതനായി. ഫെയ്‌സ്ബുക്കിന്റെ വൈസ് പ്രസിഡന്റ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളിലാണ് അജിത് മോഹനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ അജിത് മോഹന് നിയന്ത്രണമുണ്ടാകും. നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്‌സ്റ്റാറിന്റെ സി.ഇ.ഒ ആണ് അജിത് മോഹന്‍.

സിംഗപ്പൂരിലെ നാന്‍യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളില്‍നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ഏറെക്കാലം ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്റ്റാര്‍ ടിവിയിലെത്തിയത്. തുടര്‍ന്ന് ഹോട്ട് സ്റ്റാറിന്റെ സി.ഇ.ഒ ആയി.

കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവെച്ചതു മുതല്‍ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ എം.ഡി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ അജിത് മോഹന്‍ സ്ഥാനമേറ്റെടുക്കും.

Comments are closed.