DCBOOKS
Malayalam News Literature Website

നോവലെഴുത്തിലെ പരീക്ഷണങ്ങള്‍

സംവാദം- സി.വി.ബാലകൃഷ്ണന്‍, പി.എഫ്. മാത്യൂസ്, വി.ജെ. ജയിംസ്, ആര്‍. രാജശ്രീ / അന്‍വര്‍ അബ്ദുള്ള, ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

സി.വി. ബാലകൃഷ്ണന്‍: ഇവിടെ പലരും കഥ പറച്ചിലിനുള്ള ഒരുപാധിയായി നോവലിനെ കാണാറുണ്ട്. അത്തരം നോവലുകള്‍ നമ്മുടെ ഭാഷയില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കാണാം. നമ്മുടെ ഭാഷയില്‍ സവിശേഷമായ ഘടന പുലര്‍ത്തിയിട്ടുള്ള ഒരു നോവല്‍ തകഴിയുടെ ‘കയറാ’ണ്. എന്തുകൊണ്ട് കയര്‍ എന്നു പേരിട്ടു. അതിനകത്തുള്ളത് കയര്‍ തൊഴിലാളികളുടെ ജീവിതമല്ല. ”കയര്‍ പിരിക്കും തൊഴിലാളിക്കുണ്ടൊരു ഉജ്ജ്വല സമര കഥ” എന്ന് പറയുന്ന ഒന്നും അതില്‍ പറഞ്ഞിട്ടില്ല. കഥകള്‍ ചേര്‍ത്ത് ചേര്‍ത്ത് കയര്‍ പിരിക്കുന്നതുപോലെ, ചകരി പിരിച്ച് കോര്‍ത്ത് കോര്‍ത്ത് കയറുണ്ടാകുന്ന പോലത്തെ ഘടനയാണ് അതില്‍. തകഴിച്ചേട്ടന്‍ അത് വിവരിച്ചിട്ടുണ്ട്.

Pachakuthira Digital Editionമലയാള നോവല്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. പ്രമേയത്തില്‍ മാത്രമല്ല, ഘടനയിലും നിരവധി ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ നടക്കുന്നു. അവ എന്താണ്, അവ വായനയെ എങ്ങനെ മാറ്റി മറിക്കുന്നു, ഈ നോവല്‍ പരീക്ഷണങ്ങളുടെ വര്‍ത്തമാനവും ഭാവിയും എന്താണ്? കെ. എല്‍.എഫില്‍ എഴുത്തുകാരായ സി.വി. ബാലകൃഷ്ണന്‍, പി.എഫ്. മാത്യൂസ്, ആര്‍. രാജശ്രീ, വി.ജെ. ജയിംസ് എന്നിവര്‍ പങ്കെടുത്ത ‘നോവലിലെഘടനാ പരീക്ഷണങ്ങള്‍’ എന്ന ചര്‍ച്ച എഴുത്തിനെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച പ്രധാനപ്പെട്ട ഒന്നായി മാറി. കഥാകൃത്തും നോവലിസ്റ്റുമായ അന്‍വര്‍ അബ്ദുള്ളയായിരുന്നു മോഡറേറ്റര്‍.

അന്‍വര്‍ അബ്ദുള്ള: നമുക്കറിയാം നോവല്‍ എന്നതുതന്നെ ഘടനാപരമായ ഒരു പരീക്ഷണമാണ്. ഘടനാപരമായ ഒരു പരീക്ഷണത്തിനാണ് നോവല്‍ എന്ന് പേരു വിളിക്കുന്നത്. അത് നമുക്ക് പെട്ടന്ന് മനസ്സിലാക്കാന്‍ കഴിയില്ല. നമ്മളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍പോലും ജനിക്കുന്ന കാലത്തുതന്നെ നോവല്‍ സുശക്തമായ മാധ്യമമായി അല്ലെങ്കില്‍ സാഹിത്യരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനു മുമ്പ് നാനൂറു കൊല്ലത്തെ പഴക്കമുണ്ട്. അതിനുമുമ്പുള്ള ചരിത്രം എടുത്തുനോക്കുമ്പോഴാണ് നോവല്‍ എന്ന സംഗതി ഘടനാപരമായ ഒരു പരീക്ഷണമായിത്തീരുന്നത് എങ്ങനെ, അതിന്റെ ധീരത എന്ത് എന്ന് മനസ്സിലാക്കുക. ഒരേ സമയം അത് ആധുനികതയുടെ സന്താനവും ആധുനികതയുടെ അന്തക വിത്തുമായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. നമ്മളോടൊപ്പമുള്ള എഴുത്തുകാര്‍ എന്തു പറയുന്നു അവരോട് നമുക്ക് എന്ത് ചോദിക്കാനുണ്ട് എന്നതാണ് കെ.എല്‍എഫിലെ ഈ സെഷന്റെ ധന്യതയെന്ന് ഞാന്‍ വിചാരിക്കുന്നു. ഒന്നു രണ്ട് പോയിന്റുകള്‍ പറയാന്‍ മാത്രം ശ്രമിക്കുകയാണ് ഞാന്‍. നോവലിന്റെ മുന്നോട്ടുപോക്ക് പ്രമേയപരമായ പരീക്ഷണങ്ങളിലൂടെയല്ല, ഘടനാപരമായ പരീക്ഷണങ്ങളിലൂടെത്തന്നെയാണ്. അത് ശൈലി, ഇതിവൃത്തം, ഘടന, കാലബോധം എന്നിവ അതില്‍ പ്രവര്‍ത്തിക്കുന്നു. ഈ കാലബോധത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ഘടനാപരമായ പരീക്ഷണത്തില്‍ ഒരു Textനിര്‍ണായകമായ സംഭവമാണ്. അത് എഴുത്തില്‍ പറയുന്ന സംഭവങ്ങളുടെ ഘടനയെ നിശ്ചയിക്കുന്നു. അത് വായനയെ, സംഭവങ്ങളെ മനസ്സിലാക്കുന്ന ഘടനയെ നിശ്ചയിക്കുന്നു. സംഭവങ്ങളിലൂടെ കടന്നുപോകുന്ന ഘടനയെ നിശ്ചയിക്കുന്നു. നമ്മളെല്ലാം ജീവിക്കുന്നത് ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ഘടനയിലാണ്. സമയത്തിന്റെ, കാലത്തിന്റെ അകത്തുകൂടിയുള്ള മുന്നോട്ട് പോക്ക്. ആ ഘടനയെ പരിഷ്‌കരിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുക എന്നുള്ളതാണ് ആഖ്യാനത്തിലെ സവിശേഷത. അത് ഏറ്റവും ഗംഭീരമായി, ഏറ്റവും വിപുലമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നത് നോവലിലാണ് താനും.

പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

നോവലുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.