DCBOOKS
Malayalam News Literature Website

വ്യവസ്ഥാപിത ചിന്തയ്ക്ക് ഒരു ‘എതിര്’; ജാതി, അതിജീവനം, മാര്‍ക്‌സിസം; ഡോ. എം. കുഞ്ഞാമന്റെ ജീവിത ചിന്തകള്‍

 

ETHIRU
By KUNJAMAN M

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും പിഎച്ച്ഡിക്ക് തന്റെ ഗൈഡുമായിരുന്ന ഡോ. കെ.എന്‍ രാജുമായുള്ള ഒരു സംഭാഷണം സാമ്പത്തിക ശാസ്ത്രകാരനും അധ്യാപകനുമായ ഡോ. എം. കുഞ്ഞാമന്‍ തന്റെ ജീവിതകഥയായ ‘എതിരി’ല്‍ പറയുന്നുണ്ട്. തന്റെയും രാജിന്റെയും ജീവിത സാഹചര്യം വ്യക്തമാക്കി കൊണ്ട് കുഞ്ഞാമന്‍ ഇങ്ങനെ പറഞ്ഞതായി ഈയിടെ പുറത്തിറങ്ങിയ തന്റെ ജീവിത കഥയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. “താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നോബല്‍ സമ്മാന ജേതാവായേനെ”. കെ എന്‍ രാജിനോടുള്ള വ്യക്തിപരമായ വിദ്വേഷമായിരുന്നില്ല ഡോ. എം കുഞ്ഞാമനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. മറിച്ച് താന്‍ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതുമായ ലോകത്തെക്കുറിച്ച് ഉണ്ടായ വസ്തുനിഷ്ടമായ ബോധ്യമാണ്. മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും തീഷ്ണമായ അനുഭവങ്ങളുടെ കുറിപ്പും ചിന്തയും ഉൾക്കൊള്ളുന്നതാണ് ഡി സി ബുക്കസ് പ്രസിദ്ധീകരിച്ച ഡോ. എം കുഞ്ഞാമന്റെ എതിര്. പൊരുതി നേടിയ ജീവിതം അദ്ദേഹത്തിന് നല്‍കിയ ആത്മവിശ്വാസം ഈ പുസ്തകത്തില്‍ കാണാം. അതേപോലെ തന്നെ അദ്ദേഹത്തിന്റെ ബോധ്യങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും വിശ്വാസക്കുറവും കാണാം. വിശദീകരിക്കേണ്ട ആശയങ്ങള്‍ ചെറുതായി പരാമര്‍ശിച്ചുപോയതുകൊണ്ടാകാം, പലയിടങ്ങളിലും മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളില്‍ വൈരുദ്ധ്യം തോന്നിയേക്കാം. നിരവധി സ്ഥാപിത താല്‍പര്യങ്ങളുടെ കുറ്റികളില്‍ കിടന്നു കറങ്ങുന്ന കേരളത്തിലെ ബൗദ്ധിക ഇടപെടലുകൾ കണ്ടുമടുത്തവരെ കുഞ്ഞാമന്റെ ചിന്തകള്‍ പിന്‍കുറിപ്പില്‍ എഡിറ്റര്‍ കെ. കണ്ണന്‍ പറയുന്നത് പോലെ, പലവിധ അട്ടിമറികള്‍ക്കും വിധേയമാക്കും. കേരളത്തിന് പരിചിതമായ കാര്യങ്ങളെക്കുറിച്ചാണ് കുഞ്ഞാമന്‍ പറയുന്നത്. അതില്‍ മാര്‍ക്‌സിസമുണ്ട്, കേരളത്തിന്റെ ജാതിയും നവോത്ഥാനവും ഉണ്ട്, ഇഎംഎസ്സുണ്ട്, ലിബറലിസവും മുതലാളിത്തവും നക്‌സല്‍ബാരിയുമുണ്ട്. പക്ഷെ നമ്മള്‍ ആവര്‍ത്തിച്ച് കേട്ടതുപോലെയുളള പറച്ചിലുകളല്ല അവയെന്നതാണ് ഈ ചെറു പുസ്തകത്തെ വലിയ ചിന്തകളുടെ ശേഖരമാക്കുന്നത്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ജാതിയും ദാരിദ്ര്യവും തന്നെയാണ് ഈ ചെറുപുസ്തകത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന വിഷയങ്ങള്‍. സ്‌കൂളില്‍ അധ്യാപകരാല്‍ പോലും ജാതിപ്പേര് മാത്രം വിളിക്കപ്പെട്ട് അപമാനിക്കപ്പെടുകയും, സ്‌കൂളില്‍ പോകുന്നത് തന്നെ ഉച്ചഭക്ഷണത്തിന് വേണ്ടിയാണെന്ന അപഹസിക്കല്‍ കേള്‍ക്കേണ്ടി വരികയും ചെയ്ത കുഞ്ഞാമന്റെ പ്രതിരോധം തുടങ്ങുന്നത് മൂന്നാം ക്ലാസില്‍നിന്നാണ്. ഉച്ചഭക്ഷണത്തിന് വേണ്ടിയല്ല, മറിച്ച് പഠിക്കാന്‍ വേണ്ടിതന്നെയാണ് താന്‍ സ്‌കൂളില്‍ എത്തുന്നതെന്ന് അറിയിക്കാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണം വേണ്ടെന്ന് വയ്ക്കുകയല്ലാതെ. ജാതിയെക്കുറിച്ച് പറയുമ്പോള്‍ കുഞ്ഞാമന്‍ സ്വീകരിക്കുന്നത് മറ്റ് പല ദളിത് ചിന്തകരും സ്വീകരിക്കുന്ന മാര്‍ഗമല്ല. അദ്ദേഹം ജാതിയെ ദാരിദ്ര്യവുമായി ചേര്‍ത്തുനിര്‍ത്തിയാണ് പറയുന്നത്. സമ്പത്ത് കൈകാര്യം ചെയ്യാന്‍ കഴിയുന്നതോടെയാണ് ദളിതരോടുള്ള വിവേചനം അവസാനിക്കുകയെന്ന് കുഞ്ഞാമന്‍ പറയുന്നത്. അതായത് ജാതിയുടെ സാംസ്‌ക്കാരികവും സാമൂഹ്യവുമായ അടിച്ചമര്‍ത്തല്‍ ശേഷിയെക്കുറിച്ച് വിശദീകരിക്കുമ്പോഴും കുഞ്ഞാമന്‍ പറയുന്നത് സമ്പത്ത് അത്തരം വിവേചനങ്ങളില്‍നിന്ന് അവര്‍ക്ക് മോചനം നല്‍കുമെന്നാണ്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ കാണുന്നത്. ഇന്ത്യയില്‍ ഉദാരവല്‍ക്കരണം നടപ്പിലാക്കിയതിന് ശേഷം രൂപികരിക്കപ്പെട്ട ദളിത് ചേംബര്‍ ഓഫ് കോംമേഴ്‌സ് ഇന്‍സ്ട്രിയെ ദളിത് ശാക്തീകരണത്തിന്റെ ഉദാഹരണമായി അദ്ദേഹം കാണുന്നു. അതുകൊണ്ട് ഉദാരവല്‍ക്കരണനയങ്ങള്‍ ഗുണകരമായെന്ന് നിലാപാടാണ് കുഞ്ഞാമന് ഉള്ളത്. ദളിത് മുതലാളിമാര്‍ വിവേചനം നേരിടില്ലെന്നതാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ മൂന്ന് പതിറ്റാണ്ടോളമായി ഉദാരവല്‍ക്കരണ നയങ്ങള്‍ ദളിതരുടെ ജീവിതാവസ്ഥ കൂടുതല്‍ പരിതാപകരമാക്കിയെന്ന ചില നീരീക്ഷണങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഈ നിഗമനം അത്ഭുതകരമായി തോന്നാവുന്നതാണ്. ദളിത് മുതലാളിമാര്‍ ഉണ്ടായി വരുമ്പോള്‍ അത് വ്യവസ്ഥയെ വെല്ലുവളിക്കലാണ് എന്ന ഒരു നിഗമനത്തിലേക്കും കുഞ്ഞാമന്‍ പോകുന്നുണ്ട്. ‘അതിശക്തമായ ക്യാപിറ്റലിസ്റ്റ് ക്ലാസ്, റാഡിക്കല്‍ ഇന്റലിജന്‍ഷ്യ, നല്ല പണ്ഡിതന്മാര്‍ എന്നിവര്‍ക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ കഴിയൂ’ എന്നുമുള്ള പക്ഷക്കാരനാണ് കുഞ്ഞാമന്‍. ക്യാപിറ്റലിസ്റ്റ് ക്ലാസില്‍പ്പെടുന്ന ദളിതര്‍ എങ്ങനെ വ്യവസ്ഥയെ വെല്ലുവിളിക്കുമെന്ന കാര്യം അദ്ദേഹം ഈ പുസ്തകത്തില്‍, എന്നാല്‍ വിശദീരിക്കുന്നുമില്ല.

ഇങ്ങനെ ദളിത് ക്യാപിറ്റലിസവും ഉദാരവല്‍ക്കരണവും ദളിതര്‍ക്ക് പ്രയോജനം ചെയ്‌തെന്ന് പറയുമ്പോഴും കുഞ്ഞാമന്‍ മറ്റൊരിടത്ത് പറയുന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നിലവിലെ സാമൂഹിക വ്യവസ്ഥിതിയുടെയും ഭരണവ്യവസ്ഥയുടെയും നിയമവ്യവസ്ഥയുടെയും ചട്ടക്കൂട്ടില്‍നിന്നുകൊണ്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാധ്യമല്ലെന്നാണ് മൗലികമായി ചിന്തിക്കുന്ന പല ദളിത് നേതാക്കളും കരുതുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ മാറ്റം സാധ്യമല്ലെന്ന ആശയം അദ്ദേഹം പലയിടത്തായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. അതേസമയം രാഷ്ട്രീയം വര്‍ഗീയമായി വിഭജിക്കുന്ന സമൂഹത്തെ, വിപണി യോജിപ്പിക്കുന്നുവെന്ന നിലപാടില്‍ കുഞ്ഞാമന്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. വിശദീകരിക്കാത്തതുകൊണ്ടാവും പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നാവുന്ന ആശയങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

മാര്‍ക്‌സിസവും അംബേദ്ക്കറിസവും തമ്മില്‍ യോജിപ്പ് സാധ്യമാണെന്ന് ഇന്ന് പലരും പങ്കുവെയ്ക്കുന്ന ആശയത്തെ കുഞ്ഞാമന്‍ അനുകൂലിക്കുന്നില്ല. അത്തരമൊരു യോജിപ്പ് ഒരു Textതരത്തിലും സാധ്യമല്ലെന്നാണ് കുഞ്ഞാമന്റെ നിലപാട്. ഇതിന് ആധാരമായി അംബേദ്ക്കറോട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കകാലത്ത് സ്വീകരിച്ച സമീപനം മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരോട് മാര്‍ക്‌സിസം കാണിച്ചതായി പറയുന്ന സമീപനവും കുഞ്ഞാമന്‍ എടുത്തുകാണിക്കുന്നു. മുതലാളിത്തത്തെ കേന്ദ്രീകരിച്ചുള്ള ഒരു വിശകലനം മാത്രമായാണ് അദ്ദേഹം മാര്‍കിസത്തെ ചിലപ്പോള്‍ വിശദീകരിക്കുന്നത്. അതായത് മാര്‍ക്‌സിസത്തെ ഒരു വിമോചന ശാസ്ത്രമായി അദ്ദേഹം കാണുന്നുമില്ല. അതുപോലും ഒരു തള്ളിക്കളയലല്ല, അദ്ദേഹം മറ്റൊരിടത്ത് മനുഷ്യാവകാശ സംരക്ഷണത്തിന് മാര്‍ക്‌സിസത്തെക്കാള്‍ വലിയ പ്രത്യയശാസ്ത്രമില്ലെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ മാര്‍ക്‌സിസത്തെ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുന്ന സമീപനമാണ് കുഞ്ഞാമന്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം വിഭവങ്ങളുടെയും സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും പുനര്‍വിതരണത്തിന് സാമ്പത്തിക പരിപാടിയുമായി ഒരു പ്രസ്ഥാനം ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമേ കഴിയുവെന്ന കാര്യവും അദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തെ നിശ്ചയിക്കുന്നത് ശക്തന്മാരായതിനലാണ് അവര്‍ അതിന് തയ്യാറാകാത്തതെന്ന നിരീക്ഷണമാണ് കുഞ്ഞാമന്‍ നടത്തുന്നത്. ഇവിടെയാണ് ഇഎംഎസിനെ അദ്ദേഹം വിമര്‍ശനാത്മകമായി വിലയിരുത്തുന്നത്. ബൂര്‍ഷ്വാ ജനാധിപത്യ പ്രക്രിയയില്‍ പാര്‍ട്ടിയുണ്ടാക്കി, അതിന് വളരാനാവശ്യമായ പരിസ്ഥിതിക്ക് ഇണങ്ങുന്ന രാഷ്ട്രീയത്തെ മുന്നോട്ടുവെയ്ക്കുകയാണ് ഇഎംഎസ്സിനെ പോലുള്ളവര്‍ ചെയ്തതെന്നാണ് കുഞ്ഞാമന്റെ വിമര്‍ശനം. മൗലികമായി മാര്‍ക്‌സിസത്തെ ഉള്‍ക്കൊണ്ട് വികസിപ്പിക്കാന്‍ ഇഎംഎസ്സിന് കഴിഞ്ഞില്ല. ഇഎംഎസ്സിന്റെ സമീപനങ്ങള്‍ ചരിത്രത്തോടുള്ള വര്‍ഗ സമീപനമല്ലെന്നും അദ്ദേഹം പറയുന്നു. അഭ്യസ്തവിദ്യനല്ലാതിരുന്ന, പണ്ഡിതനല്ലാതിരുന്ന അയ്യങ്കാളി ഒരു ധിഷണാശാലിയായപ്പോള്‍ പണ്ഡിതനായിരുന്ന ഇഎംഎസ് ഒരു ധിഷണശാലി ആയില്ലെന്നുമുള്ള കുഞ്ഞാമന്റെ നിരീക്ഷണം പ്രസക്തമാണ്.

കേരളത്തിന്റെ ഭൂപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് പലരും ഉയര്‍ത്തിയ വിമര്‍ശനം ഡോ. എം കുഞ്ഞാമനും ഉന്നയിക്കുന്നുണ്ട്. ഭൂപരിഷ്‌ക്കരണത്തിലൂടെ കൃഷിഭൂമി അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്ക് കിട്ടാതെ പോയതിന്റെ കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരമായ പ്രശ്‌നമായല്ല അദ്ദേഹം കാണുന്നത്. മറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ജന്മി കുടുംബങ്ങളില്‍ നിന്നായതുകൊണ്ടാണെന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന വിമര്‍ശനം. ഭൂപരിഷ്‌ക്കരണമടക്കമുള്ള ഭരണകൂട നടപടികളിലൂടെ സവര്‍ണതയും ബ്രാഹ്മണ്യവും അക്കാദമിക തലത്തിലടക്കം ശക്തിപ്പെടുകയാണ് ചെയ്തതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു.

അധ്വാനിക്കുന്ന ജനതയ്‌ക്കേ ചരിത്രമുള്ളൂവെങ്കില്‍ യഥാര്‍ത്ഥ കേരള ചരിത്രം എഴുതപ്പെട്ടിട്ടില്ലെന്ന കുഞ്ഞാമന്റെ വിമര്‍ശനം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. സമൂഹത്തിന് വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നത് കീഴാളരാണ്. പക്ഷെ കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രത്തിലൊന്നും അവര്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടായിട്ടില്ല. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയായല്ല കുഞ്ഞാമന്‍ കാണുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഭൗതിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിഭാഗത്തെ പ്രാഥമികമായി കണ്ട് ലോകത്ത് എവിടെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന വാക്കുകള്‍ ലോകത്തെ മാര്‍ക്‌സിസ്റ്റ് ചരിത്ര രചനയ്‌ക്കെതിരായ വിമര്‍ശനമായാണ് അനുഭവപ്പെടുക.

ഇനിയും വിശദീകരിക്കപ്പെടേണ്ടതായ പല ആശയങ്ങളും ഈ പുസ്തകത്തിലൂണ്ട്. വലിയ ചര്‍ച്ചകളിലേക്കും സംവാദങ്ങളിലേക്കും നയിക്കേണ്ടതാണ് ഇതില്‍ പരമാര്‍ശിക്കപ്പെട്ട പല കാര്യങ്ങളും. അതിനുമുപ്പുറം അവതരികയില്‍ കെ വേണു ചൂണ്ടിക്കാട്ടിയത് പോലെ, പൊള്ളുന്ന അനുഭവങ്ങളുടെ വിവരണം കൂടിയായ ഈ പുസ്തകം ജീവിതത്തില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിനുള്ള ഒരു പ്രചോദനവും കൂടിയാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

എന്‍ കെ ഭൂപേഷ്

കടപ്പാട് ;അഴിമുഖം ഓണ്‍ലൈന്‍

Comments are closed.