DCBOOKS
Malayalam News Literature Website

ഒരു ഭാഷ എല്ലാവരും സംസാരിക്കുന്നത് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന ആശയമല്ല: സുനില്‍ പി. ഇളയിടം

ഒരു ഭാഷ എല്ലാവരും സംസാരിക്കുന്നത് ഒരു രാജ്യത്തിന്റെ മാനദണ്ഡമല്ലെന്നും ഇന്ത്യന്‍ ദേശീയതയെ സംബന്ധിച്ച് അടിസ്ഥാന ആശയമല്ലെന്നും ഇന്ത്യന്‍ ദേശീയത രൂപപ്പെട്ട സമയയത്ത് ഇന്ത്യ ബഹുഭാഷാ സമൂഹമായിരുന്നു എന്നും സുനില്‍ പി.ഇളയിടം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ വേദി എഴുത്തോലയില്‍ സാഹിത്യത്തിന്റെ നൈതികമാനങ്ങള്‍ എന്ന വിഷയത്തില്‍ ഒരു ഭാഷ ഒരു രാജ്യം എന്ന മുദ്രാവാക്യത്തോട് യോജിക്കുന്നുണ്ടോ എന്ന സദസ്സില്‍ നിന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വേറിട്ടൊന്നു പറഞ്ഞാല്‍ പാക്കിസ്ഥാനിലേക്കു പോകേണ്ട സാഹചര്യമാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു. തന്നില്‍ നിന്ന് വ്യത്യസ്ത സാന്നിധ്യങ്ങളെയും തനിക്ക് പുറത്തുള്ളതിനേയും കാണുകയും അഭിസംബോധന ചെയ്യുകയും മാനിക്കുകയും ചെയ്യുന്നതായി നീതിയെ നിര്‍വചിക്കുകയായിരുന്നു അദ്ദേഹം. അപരത്വത്തിന്റെ അനന്യതയെ അംഗീകരിക്കേണ്ടതാണ് നീതി എന്നും അതു മാനിക്കാതെ അനന്യതയെ അപരത്വത്തിന്റെ പുനരാവിഷ്‌കാരമായി കാണുന്നത് അപരത്വത്തിനെ നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതിയും സാഹിത്യവുമായുള്ള ബന്ധത്തില്‍ സാഹിത്യം അതില്‍ തന്നെ നൈതികമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിന്റെ ധര്‍മ്മം, വസ്തുയാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നതിലപ്പുറം യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്മതലത്തിലേക്ക് കടന്നുചെന്ന് വായനക്കാരെ ബോധവാന്‍മാരാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷ നീതിയുടെ അടിസ്ഥാനമായിരിക്കുകയും എന്നാല്‍ അതേസമയം മറുഭാഗത്ത് അതിനെ നിരസിക്കുകയും ചെയ്യുന്നു. അനുഭവത്തിന്റെ സവിശേഷതയെ ആവിഷ്‌കരിക്കാന്‍ വാക്കുകളില്ലെന്ന ബെര്‍ജറിന്റെ വാക്കുകളെ ഉദ്ധരിച്ച അദ്ദേഹം വാക്കിന്റെ ഈ നൈതികവൈരുധ്യത്തെ വാക്കു കൊണ്ട് മറികടക്കുകയാണ് സാഹിത്യരൂപങ്ങള്‍ എന്നും അഭിപ്രായപ്പെട്ടു.

സാഹിത്യം എന്ന നീതിയുടെ ആവിഷ്‌കരണോപാധിയായി അവതരിപ്പിച്ച അദ്ദേഹം മറുവശത്തുള്ള സൗന്ദര്യാത്മകതയെ കുറിച്ചും സൂചിപ്പിച്ചു. സാഹിത്യത്തിന്റെ കേവല സൗന്ദര്യത്തെ പരിഗണിക്കാന്‍ ഗാന്ധി തയ്യാറായില്ല, സഹിത്യത്തിന് ഒരു ധാര്‍മ്മിക മൂല്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു ഇതിലേക്ക് അദ്ദേഹത്തെ നയിച്ചത് ടോള്‍സ്‌റ്റോയി ആയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

കുട്ടികൃഷ്ണമാരാരെപ്പോലെ സൂക്ഷ്മമായി മലയാളം വായിച്ച മറ്റൊരാളെ കണ്ടിട്ടില്ല എന്നു പറഞ്ഞ അദ്ദേഹം മലയാളികള്‍ മറന്നുപോയ ജോര്‍ജ് മാത്തനെ കുറിച്ചും സൂചിപ്പിച്ചു. എല്ലാവരും അദ്ദേഹത്തെ വായിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.