DCBOOKS
Malayalam News Literature Website

വാക്കുകളുടെ ആയം സഞ്ചരിക്കുന്ന ദൂരം!

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവലിനെ കുറിച്ച്  അജയ് പി മങ്ങാട്ട്

കടപ്പാട്- മനോരമ

മിക്കവാറും യഥാർഥ ശത്രുക്കളെ നിങ്ങൾക്കറിയില്ല. ശത്രുക്കളെന്നു നിങ്ങൾ കരുതുന്നവരാകട്ടെ, ശത്രുതയ്ക്ക് ഇണങ്ങുന്ന അകലത്തിൽ മാത്രമേ നിൽക്കൂ. അവരെക്കൊണ്ടു വാസ്തവത്തിൽ ഉപദ്രവമില്ല. യഥാർഥ ശത്രുക്കൾ അദൃശ്യരായിരിക്കുന്നു, അവർക്കു മുന്നിൽ നിങ്ങൾ നിസ്സഹായരായിപ്പോകുന്നു, വൈറസിനെതിരെ എന്ന പോലെ, ജയിക്കുമെന്ന് ഉറപ്പില്ലാതെ പോരാടേണ്ടിവരും. ചിരകാലമായി സിനിമകളിലും ഇപ്പോൾ ഒടിടി പരമ്പരകളിലും ആവർത്തിക്കുന്ന ഒരു പ്രമേയം, ഭൂതകാലത്തു നാം നോവിച്ചുവിട്ട ഏതോ ഒരാൾ, വർഷങ്ങൾക്കുശേഷം  ആ മുറിവുമായി നിങ്ങളെ അഭിമുഖീകരിക്കാൻ വരുന്നതാണ്, അപ്പോൾ നിങ്ങൾ ഏറ്റുമുട്ടലിനു സന്നദ്ധമല്ല എന്നതാണ് അതിലെ വിഷമാവസ്ഥ. പണ്ടായിരുന്നെങ്കിൽ നിങ്ങൾ അവനെ തലകീഴായി കെട്ടിത്തൂക്കിയടിച്ചേനെ. ഇപ്പോൾ നിങ്ങളിലെ യുദ്ധകാലം കഴിഞ്ഞുപോയിരിക്കുന്നു. പക്ഷേ വരുന്നവന് അങ്ങനെ കാലബോധമൊന്നുമില്ല. പത്മരാജനും ഐ.വി. ശശിയും ചേർന്ന് ഒരുക്കിയ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമ ഓർമയില്ലേ. അത് ഇതുപോലെ ഒരു ഭയങ്കരമായ മുറിവ്, ഒരു സൈക്കിളിൽ തിരിച്ചുവരുന്നതാണ്. ഞാൻ ആ സിനിമയെ പറ്റിയല്ല പറയുന്നത്, അദൃശ്യതയിൽ നിൽക്കുന്ന ആ ശത്രുതയെപ്പറ്റിയാണ്. പക, പാപം, കുറ്റബോധം എന്നിവയെപ്പറ്റിയാണ്. ഈ ഉഷ്ണ വികാരങ്ങൾ ഒറ്റപ്പെട്ട വ്യക്തികളുടെ ഉള്ളിലല്ല, സമൂഹചേതനയിലാണ് തിടം വയ്ക്കുന്നതെന്നു കാണാം. വിദ്വേഷിയായ ഒരാൾ ഈ ലോകത്തുനിന്നു പോയാലും അയാൾ പ്രസരിപ്പിച്ച വിദ്വേഷം ഭൂമിയിൽ തുടരുന്നതു കാണാം. ഒരാൾ കൊണ്ടുവരുന്ന സ്നേഹം അവസാനിച്ചുപോകുന്നു. മറ്റൊരാൾ നട്ടുവച്ച വെറുപ്പു തുടരുകയും ചെയ്യുന്നു. ജാതിവിവേചനമോ മതദ്വേഷമോ ഒറ്റപ്പെട്ട വ്യക്തികളുടെ വികാരങ്ങളല്ല, സാമൂഹിക വികാരങ്ങളാണല്ലോ.

എവിടെയോ ഒരാൾ, ഒരു ശത്രു, ഒളിഞ്ഞിരിക്കുന്നുവെന്നു തോന്നിയിട്ടുണ്ടോ. ജീവിതത്തിൽ നിങ്ങൾ കുറേദൂരം Textഓടിയശേഷം ആയിരിക്കും ഇത്. ആരോ പിന്നാലെ വരുന്നു എന്ന തോന്നൽ. ശരിക്കും ഒരു ശത്രു  മറഞ്ഞിരുന്ന് ഉപദ്രവിക്കാൻ തുടങ്ങിയാൽ നിങ്ങൾ എന്തു ചെയ്യും. നരകം ഭൂതകാലത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നു ഞാൻ ഒരിടത്തു വായിച്ചിട്ടുണ്ട്. ഏതാണ്ട് അതുപോലൊരു അവസ്ഥയാണു നിനയ്ക്കാതെ നമുക്കെതിരെ വരുന്ന ഏറുകൾക്കുമുള്ളത് എന്ന് വി.എം. ദേവദാസിന്റെ “ഏറ്” എന്ന നോവൽ വായിക്കുമ്പോൾ അറിയുന്നു. ഏറിലെ മുഖ്യകഥാപാത്രം, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീധരനാണ്. നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും സവിശേഷത അയാൾക്കുള്ളതായി കാണാനില്ല. സർവീസിലിരുന്ന കാലത്ത് അധികാരത്തിന്റെ ഇരുട്ട് നന്നായി രസിച്ച വ്യക്തിയാണ്. റിട്ടയർമെന്റിൽ അയാൾ തനിച്ചു കഴിയുന്ന വീടിനു നേരെയാണ് ഏറ്. അതൊരു ഓടിട്ട പഴയ വീടാണ്. ഒരാൾ ചോദിക്കുന്നുണ്ട്, ഇക്കാലത്ത് ആരെങ്കിലും ഓടിട്ടവീട്ടിൽ താമസിക്കുമോ എന്ന്. പക്ഷേ ഏറ് കൊള്ളാൻ യോഗ്യനായ ആൾ ഓടിട്ട വീട്ടിൽത്തന്നെ അവസാനകാലത്തു താമസിക്കും, അങ്ങനെയൊരു വിധിയാണ് ഈ കഥാപാത്രത്തിന്റേത്. വീടിനു നേരേ കല്ലെറിയുന്ന ആളെ കണ്ടെത്താൻ റിട്ടയേഡ് പൊലീസുകാരനു കഴിയുന്നില്ല. കല്ലേറ് നിർബാധം തുടരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ഇടപെടുന്നു.

തന്റെ പ്രതിരോധം ക്ഷയിക്കുന്നതായി അനുഭവപ്പെട്ടപ്പോഴാണ് അയാൾ ഏറ് ഭൂതകാലത്തിൽനിന്നാണോ വരുന്നതെന്നു തിരയുന്നത്. കാരണം നരകം ഭൂതകാലത്തിലാണ് ഇരിക്കുന്നത്, വരും കാലത്തിലല്ല. നമ്മുടെ കർമമാണല്ലോ നമ്മുടെ യഥാർഥ ശത്രു. അപ്പോൾ താൻ ജീവിച്ച ജീവിതത്തിൽ താൻ ചവിട്ടുകയും ചവിട്ടിയരയ്ക്കുകയും ചെയ്ത വ്യക്തികളെ ഓരോരുത്തരെയായി റിട്ടയേഡ് പൊലീസുകാരൻ ഓർമയിൽനിന്നു കണ്ടെടുക്കുക മാത്രമല്ല, അവരെ അന്വേഷിച്ചു പോകുകയും ചെയ്യുന്നു. കാരണം സിംഹത്തെ അതിന്റെ മടയിൽ ചെന്നു നേരിടണമെന്നാണല്ലോ. പക്ഷേ അദൃശ്യമായ ശത്രുതയുടെ കാര്യത്തിൽ ഇതു പ്രായോഗികമല്ല. ഒരു സിംഹവും അതിന്റെ മടയിൽ കാത്തിരിക്കുകയില്ല. അത് അലഞ്ഞുനടക്കുകയാണു ചെയ്യുന്നത്. പൊലീസുകാരന് ഇതറിയില്ല. അയാൾ ഭൂതകാലത്തിലേക്കു വടിയും കുടയുമായി പോകുകയും താൻ കഷ്ടകാലത്തിലാക്കിയ പലരെയും കണ്ടെത്തുകയും അവരോടു കല്ലേറിന്റെ കാര്യം പറയുകയും ചെയ്യുന്നു.

തമാശയെന്തെന്നു വച്ചാൽ കർമബന്ധ പാശത്തിൽ തീരെ വിശ്വസിക്കാത്തവരായി, കഥകൾക്കു ചേരാത്തവരായി, അവർ ഭൂതകാലത്തെ ഉപേക്ഷിച്ച് വേറൊരു വഴിയിൽ മുന്നോട്ടുപോകുന്നതാണ് ശ്രീധരൻ എന്ന പൊലീസുകാരൻ കാണുന്നത്. ഏറു തടയാനുള്ള പല മാർഗങ്ങൾ ഇതിനിടെ അയാൾ നോക്കുന്നു. വെല്ലുവിളിക്കുന്നു, ടോർച്ചടിക്കുന്നു, വീടിനു ചുറ്റുമോടുന്നു, നിരീക്ഷണ ക്യാമറ വയ്ക്കുന്നു. അന്നേരം ഇതു ചാത്തനേറാണ് എന്ന് വിദഗ്ധാഭിപ്രായം പൊന്തിവരുന്നു. ചാത്തനേറിന്റെ ചരിത്രവും കഥകളുമെല്ലാം വിശദമായി വിശകലനം ചെയ്യപ്പെടുന്നു,  ചാത്തൻസേവയ്ക്കുവേണ്ടി പുറപ്പെടുന്നു. പുതിയ തലമുറയിലെ ഒരു പയ്യൻ, ചാത്തൻസേവയല്ല സിസിടിവി ക്യാമറകളാണു വേണ്ടത് എന്ന് റിട്ട പൊലീസുകാരനെ ഉപദേശിക്കുന്നുമുണ്ട്.

അദൃശ്യരായ ശത്രുക്കൾ നമ്മുടെ നേരേ എപ്പോഴും ഉന്നം പിടിക്കുന്നുവെന്ന ഭീതിയില്ലെങ്കിൽ നാം ഉയർത്തുന്ന ദേശീയതയോ ദേശസ്നേഹമോ വർഗസ്നേഹമോ സമുദായസ്നേഹമോ നിലനിൽക്കുകയില്ലല്ലോ.

ഏറ് ഒരു വ്യക്തിയെ ഉന്നമിട്ടു മറ്റൊരു വ്യക്തി നടത്തുന്ന ഒറ്റ സംഭവമല്ല, ഓരോ വ്യക്തിയും മറ്റൊരു വ്യക്തിക്കെതിരെ എപ്പോഴും കരുതിവച്ചിട്ടുള്ളതാണ്. നിങ്ങൾ ഇതുവരെ കല്ലെറിഞ്ഞിട്ടില്ലെങ്കിൽ ഇനി കാത്തുനിൽക്കരുത് എന്നാണു നാം ജീവിക്കുന്ന കാലത്തിലെ പ്രബലമായ മൂല്യങ്ങളെല്ലാം നമ്മോടു പറയുന്നത്. കാരണം നിങ്ങൾ എറിയേണ്ട കല്ലുകൾ നിങ്ങളെ കാത്തുകിടപ്പുണ്ട്. ഏറുകാരുടെ സംഘം നിങ്ങളെ കടന്നുപോകുമ്പോൾ നിങ്ങൾ അന്തംവിട്ടു നിന്നിട്ടു വല്ല കാര്യവുമുണ്ടോ എന്നാണ് ദേവദാസിന്റെ നോവലിലെ ഒരു കഥാപാത്രം ചോദിക്കുന്നത്. കേൾക്കുക- ‘കഥയെഴുതുന്നത് ഏതു വേദവ്യാസനാണെങ്കിലും ദേവദാസനാണെങ്കിലും ശരി അവസരത്തിനനുസരിച്ച് അറിഞ്ഞു പ്രവർത്തിച്ചുകൊണ്ടു കാര്യങ്ങൾക്കു കൊഴുപ്പു കൂട്ടേണ്ടത് നമ്മൾ കഥാപാത്രങ്ങളാണ്. ഇത് നമ്മൾ ഇറങ്ങിക്കളിക്കേണ്ട സമയമാണ്…. ഇവിടെയിപ്പോൾ ഏറല്ലേ അനുയോജ്യം.’

നീതി എന്ന സങ്കൽപത്തിന്റെ ഉൽപത്തിയിലേക്കുള്ള നീത്ഷേയുടെ അന്വേഷണത്തിൽ, ചരിത്രപൂർവകാലത്ത് നീതി (ജസ്റ്റിസ്) ഏതാണ്ടു തുല്യ ബലം ഉള്ളവർക്കിടയിലെ ഒരു ഇടപാടായിരുന്നു എന്നു വിലയിരുത്തുന്നുണ്ട്. ഏറ്റുമുട്ടിയാൽ ഇരുവർക്കും നഷ്ടം ഉറപ്പായ സാഹചര്യത്തിൽ വെറുതേ എന്തിന് നഷ്ടമുണ്ടാക്കണമെന്ന ചിന്തയിൽ, കരുത്തരായ ഗോത്രവിഭാഗങ്ങളുടെ ഇടയിലാണ് നീതി എന്ന ആശയം ആദ്യം രൂപം കൊണ്ടത്. അതിനു ഒരു കച്ചവടത്തിന്റെ സ്വഭാവമാണ് ഉണ്ടായിരുന്നത്- അർഹമായ കൊടുക്കൽ വാങ്ങലുകൾ. നീതി മാത്രമല്ല പ്രതികാരവും അങ്ങനെയായിരുന്നു. അത് ബലന്മാരുടെ ഇടയിലെ കൊടുക്കൽ വാങ്ങലുകളുടെ മാത്രമായിരുന്നു. ശത്രുക്കൾക്കു പരസ്പരം അറിഞ്ഞാണ്, അന്തസ്സോടെയാണ് പ്രതികാരത്തിന്റെ വ്യവസ്ഥകളും നിശ്ചയിച്ചിരുന്നത്. “ബലത്തിന് ആളായവൻ ചെയ്യുന്നതാണു ധർമം” എന്നു മാരാര് ഭാരതപര്യടനത്തിൽ ഭീഷ്മരെക്കൊണ്ട് പറയിപ്പിക്കുന്നു. ബലമില്ലാത്തവരാകട്ടെ നന്മയുടെയും നീതിയുടെയും കൂട്ടത്തിനു പുറത്താണ്. അവർക്കു നന്മയില്ല, തിന്മയേയുള്ളു. the good are a caste, the bad a mass like dust എന്ന് നീത്ഷേ.

നമ്മുടെ കാലം ദുർബലനു വേണ്ടതാണു നീതി എന്ന സങ്കൽപത്തിലേക്ക് സമൂഹത്തെ മാറ്റിസ്ഥാപിച്ചുവെങ്കിലും ഇപ്പോഴും സൂക്ഷ്മതലത്തിൽ നീതിയുടെ അളവുകൾ ബലവന്മാർക്കിടയിലെ കൊടുക്കൽവാങ്ങലുകളുടെ ഭാഗമാണ്. എങ്കിലും നീതിയുടെ മന്ദിരങ്ങൾക്കു പുറത്തു കുറ്റിക്കാട്ടിലോ ഇരുട്ടിന്റെ മറവിലോ നിന്ന് ഒരാൾ ഒരു കല്ലു പെറുക്കി എറിയുന്നതോടെ എണ്ണമില്ലാത്ത ഏറുകളുടെ പരമ്പരയുണ്ടാകുന്നു. ഈ ആയങ്ങൾക്കു പിന്നാലെ നീതിയുടെ ഉത്കണ്ഠ മാത്രമല്ല കലയുടെ വിചാരവും സഞ്ചരിക്കും.

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

Comments are closed.