DCBOOKS
Malayalam News Literature Website

ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം!

ദിലീപ് മമ്പള്ളില്‍

‘നിനക്കൊക്കെ ആനമുട്ട പുഴുങ്ങിത്തരാം’ എന്നൊക്കെ പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഈ ആനമുട്ടയുടെ പിന്നില്‍ ഒരു സത്യമുണ്ട്. ആനകള്‍ പണ്ട് മുട്ടയിട്ടായിരുന്നു കുഞ്ഞുങ്ങളെ ഉണ്ടാക്കിയിരുന്നത്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ എന്നെനിക്കറിയില്ല. പക്ഷെ സംഗതി സത്യമാണ്. ആനകള്‍ ഒരു കാലത്ത് മുട്ടയിട്ടാണ് ആനകുഞ്ഞുങ്ങളെ ഉണ്ടാക്കിയിരുന്നത്. ഇത് നിങ്ങള്‍ക്ക് അറിയില്ലെങ്കിലും പഴമക്കാര്‍ക്ക് അറിയാം. ഇന്നത്തെ സമൂഹം പഴമയില്‍നിന്നും അകലുകയും നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന അറിവുകള്‍ പുശ്ചത്തോടെ തള്ളിക്കളയുകയും ചെയ്തതോടെ ഞാന്‍ ഈ പറഞ്ഞ വിധമുള്ള അനേകം അറിവുകള്‍ ഇന്നത്തെ യുവതലമുറയില്‍ നിന്നും അപ്രത്യക്ഷമായി.
ദിനോസോറുകളും മുട്ടകള്‍ ആയിരുന്നു ഇട്ടിരുന്നത്. ‘നിനക്കൊക്കെ ദിനോസോര്‍ മുട്ട പുഴുങ്ങിത്തരാം’ എന്ന് നമ്മുടെ പഴമക്കാര്‍ പറയാത്തത് ദിനോസോറുകള്‍ കുറെ കാലം മുന്‍പ് ജീവിച്ചിരുന്നത് കൊണ്ടാണ്. പഴമക്കാര്‍ ദിനോസോറുകളെ കണ്ടിട്ടില്ല. അല്ലെങ്കിലും’ദിനോസോര്‍ മുട്ട പുഴുങ്ങിത്തരാം’ എന്ന് പറയാനും ഒരു സുഖമില്ലല്ലോ.

നാസ നടത്തിയ ഗവേഷണങ്ങള്‍ കാണിക്കുന്നത് ആനകള്‍ ഏതാണ്ട് ഉരുണ്ട മുട്ടകള്‍ ആയിരുന്നു ഇട്ടത് എന്നായിരുന്നു. മുട്ട താഴെ വീണു പൊട്ടിപ്പോകാതിരിക്കാന്‍ അവയുടെ തോടുകള്‍ വളരെ മൃദുവായിരുന്നത്രേ! ഏകദേശം എട്ടാം നൂറ്റാണ്ട് തുടങ്ങി മുട്ട ഇടുന്ന ആനകള്‍ വംശനാശം വന്നു ഇല്ലാതാകുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് അവ വംശനാശം സംഭവിച്ചു ഇല്ലാതായത് എന്നതിന്റെ ശരിക്കുള്ള കാരണം അജ്ഞാതമാണ്. ഒരു കാരണം പറയപ്പെടുന്നത് ആളുകള്‍ ധാരാളം ആനമുട്ടകള്‍ പുഴുങ്ങിത്തിന്നത് ആകാം എന്നാണ്. ആന ഇട്ട മുട്ടകള്‍ എല്ലാം ആളുകള്‍ പുഴുങ്ങിത്തിന്നാല്‍ ആനക്കുഞ്ഞുങ്ങള്‍ എങ്ങനെ ഉണ്ടാകും?

ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് നിങ്ങള്‍ എന്തിനാണ് മണ്ടത്തരങ്ങള്‍ Textവിശ്വസിക്കുന്നത് എന്ന ഈ പുസ്തകം. ചിലപ്പോള്‍ ആന മുട്ടയിടും എന്ന് പറഞ്ഞ ഞാന്‍ ഒരു മണ്ടനായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും. ആന ഒരു സസ്തനി അല്ലെ, സസ്തനികള്‍ മുട്ട ഇടാറില്ലല്ലോ, റോക്കറ്റ് വിടുന്ന നാസക്ക് ആന മുട്ടയിടുന്നിടത് എന്താണ് കാര്യം എന്നിങ്ങനെയുള്ള ചിന്തകള്‍ നിങ്ങളുടെ മനസിലൂടെ കടന്നുപോയി എങ്കില്‍ വളരെ നല്ലത്. പക്ഷെ എനിക്ക് ഉറപ്പ് തരാന്‍ കഴിയും ഞാന്‍ കുറച്ചുകൂടി ആനയുടെ മുട്ടയെക്കുറിച്ച് ശാസ്ത്രീയമായി എഴുതിയിരുന്നെങ്കില്‍ പലരും വിശ്വസിച്ചേനെ.

സത്യത്തില്‍ നാം വിശ്വസിക്കുന്ന പല കാര്യങ്ങളും ആനമുട്ട പോലെതന്നെയാണ്. അതില്‍ വലിയ കാര്യം ഒന്നും ഉണ്ടാകില്ല. പക്ഷെ നമുക്ക് അവ ആനകാര്യം ആയിരിക്കും. കാരണം അതില്‍ ധാരാളം വിശ്വസിപ്പിക്കുന്ന കാര്യങ്ങള്‍ തിരുകിക്കയറ്റിയിരിക്കും. ഞാന്‍ ഇവിടെ ആനമുട്ടയുടെ തോടിന്റെ കാര്യവും, നാസയുടെ പഠനവും പറഞ്ഞത് പോലെ.

ഇങ്ങനെ എത്ര എത്ര മണ്ടത്തരങ്ങളാണ് നാം വിശ്വസിക്കുന്നത്. അതുപോലെ ദിവസവും ചില മണ്ടത്തരങ്ങള്‍ ആരെങ്കിലും നിങ്ങളുടെ മൊബൈലില്‍ എത്തിക്കും. പലതും നമുക്കറിയില്ല അവ മണ്ടത്തരങ്ങള്‍ ആണെന്ന്. നിങ്ങള്‍ കാലാകാലമായി വിശ്വസിക്കുന്നത് കൊണ്ട് ഇവയൊന്നും മണ്ടത്തരം ആണെന്ന് ഒരിക്കലും നിങ്ങള്‍ സമ്മതിച്ചു തരാനും പോകുന്നില്ല.

നിങ്ങള്‍ വിശ്വസിക്കുന്ന പല കാര്യങ്ങളും അനുഭവത്തിലൂടെ നിങ്ങള്‍ അറിഞ്ഞ കാര്യം ആയിരിക്കും. അനുഭവം നല്ല കാര്യം തന്നെ. അനുഭവത്തിലൂടെ നാം പലതും പഠിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ അനുഭവം അത്ര നല്ല ഗുരു അല്ല എന്നതും നിങ്ങള്‍ ഈ ബുക്കില്‍ വായിക്കും. അനുഭവങ്ങള്‍ ശാസ്ത്രീയവും യുക്തിപൂര്‍വ്വവും ആയ വിലയിരുത്തലുകളുമായി ചേരുമ്പോള്‍ മാത്രമായിരിക്കും യാഥാര്‍ത്ഥ്യം വെളിവാകുന്നത്. ഇതിനുള്ള ഉദാഹരണങ്ങള്‍ ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.

ഞാന്‍ ഈ ബുക്ക് എഴുതുന്നത് ശാസ്ത്രത്തെ അംഗീകരിക്കുന്ന, എന്നാല്‍ ചില കാര്യങ്ങളില്‍ മറിച്ചു വിശ്വസിക്കുന്ന, ശാസ്ത്രം കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ള ആളുകള്‍ക്ക് വേണ്ടിയാണ്. ശാസ്ത്രത്തെക്കാള്‍ കൂടുതല്‍ മറ്റെന്തോ ഉണ്ടെന്ന് കരുതുന്നവര്‍ക്ക് ഈ ബുക്ക് എന്തെങ്കിലും സ്വാധീനം ഉണ്ടാക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഉണ്ടാക്കുന്നുവെങ്കില്‍ വളരെ നല്ലത്.

ഈ ബുക്കിന്റെ ആദ്യഭാഗം ചില കപടശാസ്ത്രങ്ങളെയും അശാസ്ത്രീയമായ അവകാശവാദങ്ങളെയും തുറന്നുകാണിക്കാനാണ്. ഉദാഹരണത്തിന് ഹോമിയോപ്പതി ഭയങ്കര നല്ല ചികിത്സാരീതിയാണ്, യോഗ ചെയ്താല്‍ ക്യാന്‍സര്‍ മാറും, ആയുര്‍വേദത്തില്‍ എല്ലാ രോഗത്തിനും ചികിത്സയുണ്ട്, പാമ്പ് കടിക്കു അടക്കം പല മാരക രോഗങ്ങള്‍ക്കും ഒറ്റമൂലി ഫലപ്രദമാണ്, ആര്‍ഷഭാരതത്തില്‍ വലിയ സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ തെറ്റാണെന്ന് നിങ്ങള്‍ കാണും.

രണ്ടാമത്തെ ഭാഗം യഥാര്‍ത്ഥ ശാസ്ത്രത്തെ തെറ്റായി ചിത്രീകരിക്കുന്നവരെ തുറന്നുകാണിക്കാന്‍ വേണ്ടി എഴുതിയതാണ്. അതായത്, വൈറസുകള്‍ തുടങ്ങിയ സൂക്ഷ്മജീവികള്‍ ഇല്ല, വാക്‌സിന്‍ എടുക്കുന്നത് മോശമാണ്, ജനിതകവിളകള്‍ അപകടകരമാണ്, പരിണാമം എന്ന സിദ്ധാന്തം തട്ടിപ്പാണ്, ബിഗ്ബാംഗ് തിയറി വെറുമൊരു ഭാവനയാണ് എന്നിങ്ങനെയുള്ള അശാസ്ത്രീയ പ്രചാരണത്തെ നേരിടുക എന്നതാണ് ഉദ്ദേശം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.