DCBOOKS
Malayalam News Literature Website

എന്റെ വിഷാദഗണികാ സ്മൃതികള്‍

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘എന്റെ വിഷാദഗണികാ സ്മൃതികള്‍’ എന്ന പുസ്തകത്തിന് ആതിര എഴുതിയ വായനാനുഭവം

ഗാര്‍സിയ മാര്‍കേസിന്റെ എഴുത്തില്‍ പ്രണയം എന്നും ഒരു പ്രധാന പ്രമേയമാണ്. സഹിഷ്ണുതയുടെ ഒരു സ്രോതസ്സായി, കാലത്തിന്റെ കുത്തൊഴുക്കിനെതിരേയുള്ള ഒരു കോട്ടയായി ഇത് പലപ്പോഴും അദ്ദേഹത്തിന്റെ ഫിക്ഷനില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു

കൊളംബിയയിലെ ഒരു അജ്ഞാത നഗരമാണ് മെമ്മറീസ് ഓഫ് മൈ മെലന്‍ങ്കളി വോഴ്സിന്റെ പശ്ചാത്തലം. ഒരു പ്രാദേശിക പത്രത്തിന്റെ ഞായറാഴ്ച എഡിറ്റോറിയല്‍ പേജില്‍ വിമര്‍ശനങ്ങള്‍ എഴുതുന്ന തൊണ്ണൂറു വയസ്സുള്ള ആളാണ് ഇതിലെ പ്രധാന കഥാപാത്രം. തന്റെ 90-ാം ജന്മദിനത്തില്‍ അയാള്‍ സ്വയം ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നു. തന്റെ പിറന്നാള്‍ രാത്രികന്യകയായ ഒരു പെണ്‍കുട്ടിക്കൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു.

മരണത്തോട് അടുത്തുനില്‍ക്കുന്ന ആ പ്രായത്തില്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാള്‍ കടന്നുചെല്ലുന്നത്. ജീവിതത്തില്‍ നിരവധി സ്ത്രീകളുടെ കൂട്ടുകെട്ട് ആസ്വദിച്ച വ്യക്തിയാണെങ്കിലും അയാള്‍ Textപ്രണയമെന്താണെന്ന് ഇതുവരെ അനുഭവിച്ചിട്ടില്ല. മരണത്തോട് അടുക്കുന്ന തന്റെ ഈ പ്രായത്തില്‍ ഒരിക്കലും അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ ആ രാത്രിയില്‍ തന്റെ കൂട്ടാളിയായി കിട്ടിയ പെണ്‍കുട്ടിയെ കണ്ടപ്പോള്‍, അവളുടെ നിഷ്‌കളങ്കതയില്‍ ആകൃഷ്ടനായി, അവളെ അവിടെ ഉപേക്ഷിച്ച് അയാള്‍ തിരികെപ്പോരുന്നു. തന്റെ തൊണ്ണൂറാമത്തെ വയസ്സില്‍ അഗാധമായി സ്‌നേഹിക്കുവാന്‍ താന്‍ ഒരാളെ കണ്ടെത്തിയെന്നും അവളെ വീണ്ടും കാണാനുള്ള കാത്തിരിപ്പില്‍ താന്‍ സന്തോഷവാനാണെന്നും അയാള്‍ മനസ്സിലാക്കുന്നു. ആ സ്‌നേഹം അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.

ഗാര്‍സിയ മാര്‍കേസിന്റെ എഴുത്തില്‍ പ്രണയം എന്നും ഒരു പ്രധാന പ്രമേയമാണ്. സഹിഷ്ണുതയുടെ ഒരു സ്രോതസ്സായി, കാലത്തിന്റെ കുത്തൊഴുക്കിനെതിരേയുള്ള ഒരു കോട്ടയായി ഇത് പലപ്പോഴും അദ്ദേഹത്തിന്റെ ഫിക്ഷനില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. ഏത് ലൈംഗിക പ്രവൃത്തിയും പണം നല്‍കണമെന്ന് നിര്‍ബന്ധം
പിടിച്ച നായകന്‍ അതുവഴി ജീവിതകാലം പ്രണയമില്ലാതെ, ശാരീരിക അടുപ്പം നിലനിര്‍ത്തുന്നു. എന്നാല്‍ പ്രണയം ലൈംഗികത യുടെ ഉത്പന്നമല്ലെന്നും മറിച്ച് മറ്റൊരു മനുഷ്യനുമായുള്ള വൈകാരിക ബന്ധത്തിന്റെ ഫലമാണെന്നും അയാള്‍ കണ്ടെത്തുന്നു. ആ രാത്രി, പത്രപ്രവര്‍ത്തകന്‍ പ്രണയത്തിന്റെ ലാളിത്യത്തിലേക്കാണ് ഉണരുന്നത്.

വായനക്കാരന്റെ മനസ്സില്‍ ദൈനംദിന യാഥാര്‍ത്ഥ്യത്തിന്റെ യുക്തിസഹമായ ഘടനയിലൂടെ, ഈ കഥയോടുതന്നെ യുക്തിരഹിതമായ ആകര്‍ഷണീയതയും ആരാധനയും മാര്‍കേസ് സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ മാന്ത്രികതയും സന്തോഷവും അനുഭവിക്കുകയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും കഷ്ടപ്പാടുകളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരാണ്. തന്റെ അസ്തിത്വത്തിലൂടെ കടന്നുപോകുന്ന കഠിനമായ ദിവസങ്ങളില്‍നിന്ന് ജഡികസുഖം കണ്ടെത്തുന്ന അങ്ങേയറ്റം ഏകാന്തനായ ഒരു വ്യക്തിയെ നാം ഇവിടെ കാണുന്നു. വേദനാജനകമായ ഒരു വര്‍ത്തമാനത്തില്‍ നിന്നുള്ള ഒരു വഴിയെന്ന നിലയില്‍ ഓര്‍മ്മകളോടുള്ള ശക്തമായ അറ്റാച്ച്‌മെന്റിനെ പ്രസ്തുത കൃതിയുടെ സ്വഭാവം ഊന്നിപ്പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

രചനയുടെ തുടക്കകാലം മുതല്‍ തന്നെ മരണം മാര്‍കേസിന്റെ ഒരു കേന്ദ്ര വിഷയമാണ്. പ്രായമായിട്ടും ഡെല്‍ഗാഡിനയെ കാണുന്നതു വരെ മരിക്കാന്‍ പത്രപ്രവര്‍ത്തകന്‍ ഭയപ്പെടുന്നില്ല. ആ രാത്രിക്ക്
മുമ്പ് മരണം എന്നെങ്കിലും സംഭവിക്കുന്ന ഒരു അമൂര്‍ത്തമായ ആശയമാണ്. എന്നാല്‍ പ്രണയത്തിലായപ്പോള്‍, സമയത്തിന് ഒരു പുതിയ അര്‍ത്ഥം ലഭിച്ചു. പെട്ടെന്ന്, മരണം കൂടുതല്‍ അടുത്തും ഭയപ്പെടുത്തുന്നതുമായി തോന്നുന്നു.

പ്രായവ്യത്യാസവും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ഉയര്‍ത്തിയേക്കാവുന്ന പ്രതികൂല സാഹചര്യങ്ങളിലും പ്രണയത്തിന്റെ വിജയത്തിനായി നമ്മെ ആഹ്ലാദിപ്പിക്കുന്ന ഒരുപിടി പ്രവൃത്തികള്‍ ഈ കൃതിയുടെ ആഖ്യാനം നെയ്‌തെടുക്കുന്നു. കൂടാതെ, ഒരു പെണ്‍കുട്ടിയെ ഭ്രാന്തമായി പ്രണയിച്ചപ്പോള്‍ ഒരു ചെറിയ ജീവിതത്തിന്റെ
തടവറയില്‍നിന്ന് വൃദ്ധന്‍ എങ്ങനെ സ്വാതന്ത്ര്യം കണ്ടെത്തുന്നു എന്നതിന് വായനക്കാര്‍ സാക്ഷ്യം വഹിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.