DCBOOKS
Malayalam News Literature Website

മനുഷ്യരാശിയ്ക്ക് വെളിച്ചം പകര്‍ന്ന മഹാത്മാവിന്റെ ഇതിഹാസതുല്യമായ ആത്മകഥ

ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വാധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ . ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാഷ്ടീയ ദാര്‍ശനിക പരീക്ഷണത്തിന്റെ ആത്മസാക്ഷ്യമാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നു പറയാം. വൈവിധ്യത്തിന്റെ പരകോടിയിലായിരുന്ന ഒരു ജനതയെ സ്വാതന്ത്ര്യബോധമെന്ന നൂലില്‍ കോര്‍ത്തെടുത്ത് ഒരു മാലയാക്കിത്തീര്‍ത്ത് സാമ്രാജ്യത്വ അധീശത്വത്തിനും  ചൂഷണത്തിനുമെതിരെ അഹിംസാത്മകമായ ഒരു ആയുധമാക്കി മാറ്റിയ പരീക്ഷണത്തിന്റെ വിവരണമാണ് ഈ പുസ്തകം.

ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടമാണ് ഇതില്‍ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തയുടെയും ആശയാഭിലാഷങ്ങളുടേയും തത്ത്വചിന്താപരമായ അടിത്തറകളും സ്വഭാവവും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇതിഹാസങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള പുസ്തകമായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ രണ്ടു ലക്ഷത്തിലധികം പ്രതികളാണ് വര്‍ഷം തോറും വിറ്റഴിക്കപ്പെടുന്നത്.

1927-ല്‍ ഗുജറാത്തി ഭാഷയിലാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും അനവധി പുനര്‍വായനകള്‍ക്കും പുനര്‍ വിചിചിന്തനങ്ങള്‍ക്കും ഇന്നും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മഹാഗ്രന്ഥത്തിന്റെ  പുനരാഖ്യാനം വിശ്വസാഹിത്യമാലയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. സി.പി ഗംഗാധരന്‍ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്ന  ഈ കൃതിയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത്  സാഹിത്യവിമര്‍ശകനായിരുന്ന സുകുമാര്‍ അഴീക്കോടാണ്.

Comments are closed.