DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന് പ്രിയപ്പെട്ട കഥകള്‍

വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉണ്ണി ആറിന്റെ ഓരോ കഥയും മുന്നോട്ടു വെയ്ക്കുന്നത്. ചിലപ്പോള്‍ വായനക്കാരോട് ചോദ്യങ്ങള്‍ തൊടുത്ത് ഉത്തരം തനിക്കറിയില്ല എന്ന മട്ടില്‍ മാറിനില്‍ക്കുന്ന എഴുത്തുകാരനേയും കാണാം. ഇങ്ങനെ വ്യത്യസ്ത പ്രമേയങ്ങള്‍ക്കൊണ്ട് വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്ന എഴുത്തുകാരനാണ് ഉണ്ണി ആര്‍. അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് ധാരാളം കഥകളും ജനിച്ചിട്ടുണ്ട്. അവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ആസ്വാദ്യകരവുമാണ്. ഇത് വായനക്കാര്‍ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ലീലയും, ഒഴിവുദിവസത്തെക്കളിയും, ചാര്‍ളിയും, ആലീസിന്റെ അത്ഭുലോകവുമെല്ലാം എഴുതിയ ഉണ്ണിയുടെ കഥകളോട് വായനക്കാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്.

എന്നാല്‍ തന്റെ തൂലികയില്‍നിന്നും വിരിഞ്ഞ കഥകളില്‍ ഏറെ ഇഷ്ടംഏതുകഥയോടാണ് എന്നു ചോദിച്ചാല്‍ ഉണ്ണി ആര്‍ എന്ന കഥാകാരന് എണ്ണിപ്പറയാന്‍ വളരെക്കുറച്ചുകഥകളെയുള്ളു. അതായത് ഒരു പതിനെട്ടുകഥകള്‍മാത്രം. അതിലാകട്ടെ വായനക്കര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‘ലീലയോ’, ‘ചാര്‍ളിയോ’ ഒന്നുമില്ലതാനും.

ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച പന്ത്രണ്ടുകാരി ആലീസിന്റെ നിഷ്‌കളങ്കതയുടെ കഥപറഞ്ഞ ‘ആലീസിന്റെ അത്ഭുതലോകം’, ‘സാത്താന്റെ വചനങ്ങള്‍’, ‘പ്രാണിലോകം’,’ ജലം’, ‘നീലച്ചിത്രം’, ‘വൃത്തിയും വെളിച്ചവുമുള്ള ഒരിടം’, ‘ബഹുജീവിതം’, ‘ക’, ‘സൗന്ദര്യലഹരി’, ‘ആയുധമെഴുത്ത്’, ‘ഉറക്കം’, ‘സച്ചിദാനന്ദം’ എന്നിങ്ങനെ പതിനെട്ടുകഥകള്‍.

പ്രിയപ്പെട്ട കഥകള്‍ എന്ന പരമ്പരിയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘എന്റെ  പ്രിയപ്പെട്ട കഥകള്‍;  ഉണ്ണി ആര്‍  എന്ന പുസ്തകത്തിലാണ് ഉണ്ണി ആര്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടകഥകള്‍ പങ്കുവയ്ക്കുന്നത്. ‘എന്റെ  പ്രിയപ്പെട്ട കഥകള്‍;  ഉണ്ണി ആര്‍ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി.

 

Comments are closed.