DCBOOKS
Malayalam News Literature Website

സക്കറിയയുടെ ‘എന്റെ പ്രിയപ്പെട്ട കഥകള്‍’

ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു. അസ്തിത്വവ്യഥകളും സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളോടും കാപട്യങ്ങളോടുമുള്ള പരിഹാസവും ക്രൈസ്തവ മിഥോളജിയോടുള്ള അടുപ്പവും ഇഴചേര്‍ന്ന കഥാലോകം കാഴ്ചവച്ച സക്കറിയയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ആത്മകഥ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, സലാം അമേരിക്ക, കുഴിയാനകളുടെ ഉദ്യാനം, ഒറ്റക്കണ്ണന്മാര്‍, കണ്ണാടി കാണ്മോളവും, അന്വേഷിച്ചു പോവേണ്ട, മനുഷ്യോപകാരപ്രദങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍, ആര്‍ക്കറിയാം, ഒരു ക്രിസ്മസ് കഥ, രണ്ട് നാടകകഥകള്‍, കന്യാകുമാരി എന്നീ ശ്രദ്ധേയമായ 12 കഥകളാണ് ഈ ചെറുകഥാസമാഹാരത്തിലുള്ളത്

കൃതിയുടെ ആമുഖത്തില്‍ സക്കറിയ കുറിക്കുന്നു…

“വായനക്കാര്‍ക്ക് ചില കൃതികളോട് പ്രത്യേക ഇഷ്ടം തോന്നുന്നതുപോലെ തന്നെയാണ് എഴുത്തുകാരുടെ കാര്യവും. അടിസ്ഥാനത്തില്‍ എഴുത്തുകാരും വായനക്കാര്‍ മാത്രമാണ്. വായനക്കാരായിരുന്നിട്ടില്ലാത്ത എഴുത്തുകാരുണ്ടാവുമോ? ആര്‍ക്കറിയാം. വായനക്കാരി/ വായനക്കാരന്‍ ഈ കൃതി ഇഷ്ടപ്പെടുന്നതിന്, ഇഴ പിരിച്ചെടുക്കാന്‍ വിഷമമായ നൂറ് കാരണങ്ങളുണ്ടാവും; അവളുടെ/ അവന്റെ ഹൃദയത്തില്‍ തട്ടിയ വാക്കുകളിലും മുഹൂര്‍ത്തങ്ങളിലും കഥാപാത്രങ്ങളിലുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന കാരണങ്ങള്‍. അതിന് യുക്തിയൊന്നുമുണ്ടാവില്ല. എനിക്ക് എന്തുകൊണ്ട് ഒരു കഥയിഷ്ടപ്പെട്ടു എന്ന് വാദിച്ച് സ്ഥാപിക്കാനോ പറഞ്ഞുമനസ്സിലാക്കാനോ സാധ്യമല്ല. എന്റെ കഥകളുടെ കാര്യത്തിലും അതുതന്നെയാണ് കഥ. ചില കഥകളോട് ആകപ്പാടെ ഒരിഷ്ടക്കൂടുതല്‍. ഒരുപക്ഷേ, അവയില്‍ പണിയെടുത്തവനെന്ന നിലയ്ക്ക്, കൂടുതല്‍ തൃപ്തി തോന്നുന്നവയായിരിക്കാം ചില കഥകള്‍. ആ തൃപ്തി വായനക്കാര്‍ പങ്കുവയ്ക്കണമെന്നില്ല.”

സക്കറിയയുടെ കഥകള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.