DCBOOKS
Malayalam News Literature Website

ആത്മാവില്‍ മുറിവുകളുള്ള മഞ്ഞപൂത്ത മഴക്കാലം

ഇന്ദുമേനോന്‍

ഹൃദയാവരണത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഇംഗ്ലിഷില്‍ പെരികാര്‍ഡിയം എന്നാണാ സ്തരത്തിന്റെ പേര്. ഇരട്ടത്തൊലിയും ഉള്ളില്‍ വഴുവഴുപ്പാര്‍ന്ന ദ്രാവകവുമായി ഹൃദയത്തെ രക്ഷിക്കുന്ന ഒരു ചോരച്ച ചര്‍മ്മകവചം. എന്റെയും നിങ്ങളുടെയും ഹൃദയം സൂക്ഷിക്കുന്ന ഹൃദയരഹസ്യങ്ങളെ സൂക്ഷിക്കുന്ന കുഞ്ഞിച്ചാക്ക്. എനിക്ക്
ജീവിതംകൊണ്ട് മുറിവുപറ്റിയപ്പോള്‍ ഞാന്‍ ആഴത്തില്‍ കീറിയവളായി കാണപ്പെട്ടു. എന്റെ ഹൃദയം മുറിഞ്ഞു മുറിഞ്ഞുപോയതായി എനിക്കു മനസ്സിലായി. എന്റെ ഹൃദയസഞ്ചി കീറിപ്പോയതായി ഞാന്‍ പ്രാണവേദനയോടെ
അറിഞ്ഞു. പാമ്പുകള്‍ ഊരിയെറിഞ്ഞ ഉറ പോലെ വൃദ്ധഡാകിനിക്കൂനികളായ മൈലാഞ്ചിച്ചെടിയിലും അലറിപ്പാലയിലും അവയലസമായി തൂങ്ങി നിന്നപോലെ, എന്റെ ഉത്തരവാദിത്വങ്ങളില്‍ ആ ആവരണം കുടുങ്ങി നിന്നു. കാണാന്‍ എന്റെ ജീവിതക്കൊടിക്കൂറപോലെ.. എന്റെ ജീവിതോത്സവങ്ങളില്‍ അതങ്ങനെ ദുശ്ശകുനമായി പാറി.

യൗവനത്തില്‍ ഇണയോടൊപ്പം സന്തോഷങ്ങള്‍ പങ്കിടേണ്ടപ്പോള്‍ നിന്ദയും നിരാസവും വെറുപ്പും കൊട്ടി അറപ്പിന്റെ ഛര്‍ദ്ദിലുകളില്‍ പൂഴ്ത്തി ഓടയില്‍ ഞാന്‍ ഉപേക്ഷിക്കപ്പെട്ടു. ഞാനഴുകി. എന്റെ ഹൃദയംകൊണ്ടും
ആത്മാവുകൊണ്ടും ഞാനഴുകി, കളിമണ്ണുപോലെ. ചോര നീലിച്ചും മാംസം ഇളം വയലറ്റാര്‍ന്നും മൃത്യുവിന്റെ അത്യാസക്തിയില്‍ ഞാന്‍ തീവണ്ടിപ്പടിയില്‍ നിന്നു. എക്‌സ്റ്റെന്‍ഷന്‍ കോഡിന്റെ ചെമ്പുകമ്പികള്‍ Textവെളിയിലെടുത്ത് ദേഹത്ത് വരിഞ്ഞു കെട്ടി. മരണക്കുടുക്കില്‍ പകച്ചു നിന്നു. കണ്ണീരൊപ്പം മുലപ്പാലിറ്റി. മകന്റെ നിലവിളി എന്നെയുണര്‍ത്തി.

എനിക്കെഴുതാന്‍ ഒന്നുമുണ്ടായിരുന്നില്ല. കടലാസില്ല, മഷിയില്ല ആഹ്ലാദങ്ങളുമില്ല. ഇടയ്ക്ക് തന്നത്താന്‍ നോക്കുമ്പോള്‍ നെടുവീര്‍പ്പോടെ ഞാനെന്നെ കാണാറുണ്ട്. അച്ഛനുമമ്മയും പൊന്നുപ്യൂപ്പയില്‍നിന്നും ‘പൊന്നേ പൊട്ടേ പൊടിയേ’ എന്ന് പാലൂട്ടിത്താരാട്ടി വളര്‍ത്തിവിട്ട വയല്‍ക്കോതശലഭമായിരുന്നു ഞാനെന്നു തോന്നും. ഒരു കുട്ടി എന്നെ ഒരു നിഘണ്ടുവില്‍ ഉണക്കാന്‍ ജീവനോടെ അടച്ചിട്ടതല്ലേയെന്നു തോന്നും. എന്റെ
ചോരയും മാംസവും മജ്ജയും ആ പുസ്തകത്തിലേക്ക് വലിച്ചെടുത്ത് ഒരുണക്ക ഷോപ്പീസായി മാറിയതായി കാണും. അന്നേരം എഴുതാന്‍ തോന്നും. ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ല് വേദന കടിച്ചമര്‍ത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ… ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തില്‍തന്നെ…ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും.

എഴുത്തില്‍ പകരം കിട്ടുക പഴിമാത്രമാണ്. കരയുമ്പോള്‍ ചിലര്‍ അമര്‍ഷത്തോടെ വായടയ്‌ക്കെടീ എന്നലറുന്നത് കണ്ടിട്ടില്ലേ? അതുപോലെയാണത്. ഏഴുമാസം വളര്‍ച്ചയുള്ള ഭ്രൂണം അവനവന്റെ വയറില്‍നിന്നും ചത്തഴുകുമ്പോള്‍ നമുക്കു തോന്നുന്ന ഒരു നിര്‍മ്മമതയുണ്ട്. അത് മഞ്ഞുപാളിയെപ്പോലെ മുകള്‍ത്തട്ടില്‍ മാത്രമാണ്. അതിനു താഴെയുള്ള ആത്മസങ്കടങ്ങള്‍ ഭയാനകമാണ്. അതെഴുതിയ ലക്കം വായിച്ച് പരിഹസിച്ച ചിലരെ ഓര്‍ക്കുന്നു. ഈ എഴുത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍നിന്നും പുറത്താക്കപ്പെട്ടതോര്‍ക്കുന്നു. ഭയത്തിന്റെയും ആകുലതയുടെയും ധൈര്യത്തിന്റെയും പരിഭ്രമത്തിന്റെയും ചെറുനൂലിലൂടെയുള്ള പാലായനമാണ്.

അറിയാമോ?

ആരാന്റെ നിലവിളികള്‍ നമുക്ക് അരോചകവും ദുസ്സഹവും മാത്രമാണ്. മറ്റുള്ളവന്റെ പ്രാണസങ്കടങ്ങള്‍ നമുക്ക് ചില അങ്ങാടിപ്പേച്ചുകള്‍ മാത്രമാണ്. അന്യന്റെ ചോര കാണുമ്പോള്‍ ചോന്നമഷിയെന്ന് കാണുന്ന അവറ്റകളോടൊക്കെക്കൂടിയുള്ള സ്റ്റേറ്റ്‌മെന്റാണ് ഈ ആത്മകഥാക്കുറിപ്പുകള്‍…

മറ്റു മനുഷ്യര്‍ കടന്നുവരുന്നതിനാല്‍ എനിക്കെഴുതാന്‍ അത്ര ധൈര്യമില്ല. അതത്രമേല്‍ നൈതികവുമല്ല. നമ്മോട് തെറ്റുചെയ്തവര്‍ നമുക്കുണ്ടാക്കിയ മുറിവുകള്‍ ആരോട് വേണമെങ്കിലും പറയാമെന്നിരിക്കിലും അവര്‍ക്കു ചുറ്റുമുള്ള മറ്റു മനുഷ്യര്‍ വേദനിക്കു മെന്നോര്‍ക്കുമ്പോള്‍ ഞാന്‍ പലതും എഴുതാതെ മാറ്റിവെച്ചിട്ടുണ്ട്. സ്വകാര്യതയും പ്രതിപക്ഷബഹുമാനവും ഉള്ളവരുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.

ട്രൂ കോപ്പിയിലാണ് ഇത് ആദ്യം വന്നത്. സജീവേട്ടന്‍ എല്ലാ ആഴ്ചയും എഴുതാന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്വം അദ്ദേഹം ഏറ്റതുകൊണ്ടാണ് എനിക്കിത് എഴുതാന്‍ കഴിഞ്ഞത്. നന്ദി പറയുന്നില്ല.
മകനും അക്കുവും സെല്‍വിയും രോഗിയായ അച്ഛനെ നോക്കിയിട്ടുണ്ട്. അമ്മയുത്തരവാദിത്വങ്ങളും മകളുത്തരവാദിത്വങ്ങളും പങ്കിട്ടുനിന്നിട്ടുണ്ട്. അതുകൊണ്ടാണ് എഴുതാനുള്ള സമയം കിട്ടിയതെന്ന് മറക്കുന്നില്ല.
പണമില്ലാത്തപ്പോള്‍ പണം തന്നും സങ്കടപ്പെടുമ്പോള്‍ കൂടെ തണലായും കൂടെപ്പിറന്നവള്‍ നിന്നിട്ടുണ്ട്.

എഴുതുന്നവളും എത്ര വിഷാദത്തിലും ചിരിക്കുന്നവളും തോല്‍ക്കാത്തവളും ധൈര്യമുള്ളവളുമായ സ്ത്രീ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും ഞാന്‍ നേരിട്ടിട്ടുണ്ട്. ഓഫീസില്‍ നിന്നും രക്തബന്ധുക്കളില്‍നിന്നുമെല്ലാം.
മറ്റൊരു കൂട്ടമാകട്ടെ കൈയും ഹൃദയവും നീട്ടി എന്നെ എഴുതാന്‍ കൂട്ടുനിന്നിട്ടുണ്ട്. എല്ലാം എഴുത്താണ്. എതിര്‍പ്പും ആര്‍പ്പുമുണ്ടാകും കൂര്‍പ്പും കുനിപ്പുമുണ്ടാകും പുകഴ്ത്തും ഇകഴ്ത്തുമുണ്ടാകും. ഒന്നും ശ്രദ്ധിക്കാതെ നടക്കണം. മുള്ളുകുത്തിയാലും കുപ്പിച്ചില്ലുകള്‍ കുത്തിക്കയറിയാലും പൂവുകിട്ടിയാലും നില്‍ക്കരുത്, നടന്നുകൊണ്ടേയിരിക്കുക. നമ്മുടെ യാത്രതന്നെ ചോര കാലടയാളമായി പെടുത്തുന്ന വഴികളുണ്ടാകും.
അതാണ് എന്നിലും സംഭവിക്കുന്നത്. ചോരച്ചകാല്‍പ്പാടുകള്‍ ബാലവിഷാദം മുറ്റി വന്‍ വിഷാദമായതും അപസ്മാരം തലയ്ക്കുള്ളിലേക്ക് അണലിസര്‍പ്പത്തെപ്പോലെ നൂണ്ടുപോയതും ചെന്നിക്കുത്ത് വീഞ്ഞുപോലെ 37 വര്‍ഷം പഴകിയതും കണ്‍ജെനിറ്റല്‍ ഹൈപ്പെര്‍ വെന്റിലേഷനെന്ന രോഗവും രക്തത്തില്‍ പുലിക്കുഞ്ഞുങ്ങള്‍ മര്‍ദ്ദത്തോടെഅലറുന്നതും ഒപ്പം കടുത്ത ഉന്മാദവുംപ്രാണസങ്കടവുമല്ലാതെ ഈ എഴുത്തിനുമറ്റിന്ധനങ്ങള്‍ കുറവാണ്‌.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.