‘മനഃശാസ്ത്രപരമായ ഏതെങ്കിലും ഭാവഗ്രന്ഥിയല്ല വത്സലക്കഥകളുടെ പ്രഭവം’: ഇ.പി. രാജഗോപാലൻ
നവംബര്‍ 21- പി വത്സല ഓര്‍മ്മദിനം
പി വത്സലയുടെ കഥകള്‍ സമ്പൂര്‍ണം എന്ന പുസ്തകത്തില്‍ ഇ.പി. രാജഗോപാലന്‍ എഴുതിയത്
സ്ത്രീയുടെ അനുഭവലോകത്തിന്റെ യഥാര്‍ത്ഥവും സ്വപ്നാത്മകവുമായ അടരുകളെ അവയുടെ ചിട്ടയില്ലാത്ത നാനാത്വത്തില്‍ കണ്ടറിഞ്ഞ് ആവിഷ്‌കരിക്കുന്നതില്‍ ഏറ്റവും മുന്നേറിയിട്ടുള്ള മലയാള കഥാകാരി പി. വത്സലയാണ്. സ്‌ത്രൈണപാഠങ്ങളുടെ വ്യത്യസ്തങ്ങളായ ഉന്നതികളാണ് ഈ കഥകളില്‍നിന്ന് ഉയരുന്നത്.
മനഃശാസ്ത്രപരമായ ഏതെങ്കിലും ഭാവഗ്രന്ഥിയല്ല വത്സലക്കഥകളുടെ പ്രഭവം. എഴുത്തുകാരിയും എഴുത്തും തമ്മിലുള്ള നേര്‍ബന്ധമല്ല, എഴുത്തും ലോകവും തമ്മിലുള്ള വൈരുധ്യാത്മകബന്ധമാണ് ഈ നാനാത്വത്തിന്റെ കാരണം. ആധുനികതയുടെ തീവ്രവീചികളുള്ള ഒരന്തരീക്ഷത്തിലാണ് വത്സല എഴുത്തിലേക്ക് കടന്നുവന്നത്. ആധുനികതയുടെ സ്ത്രീസങ്കല്പം
വരേണ്യജീര്‍ണതയുള്ളതായിരുന്നു. വ്യക്തിയായി സ്ത്രീയെ അടയാളപ്പെടുത്തുന്നതിന് അത് അറച്ചുനിന്നു. പകരം സ്ത്രീയെ അവയവങ്ങളായിവേര്‍തിരിച്ചുകാണിച്ചു. സ്ത്രീയോടു സംസാരിക്കേണ്ടതും സ്ത്രീ സംസാരിക്കേണ്ടതും രതികൊണ്ടാണെന്ന് തീര്‍പ്പു കല്‍പിച്ചു.
തമസ്‌കരണത്തിന്റെ ഈ സാഹചര്യത്തിലാണ് വത്സലക്കഥകള്‍ പ്രതിരോധത്താളുകളായി സ്വയം മാറുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്രപരമായ ധിക്കാരബലം ഈ കഥകള്‍ക്കുണ്ട് എന്ന് നമുക്ക് കാണാം.
Comments are closed.