DCBOOKS
Malayalam News Literature Website

ഇ.ഐ.എസ് തിലകന്‍ അന്തരിച്ചു

മുംബൈ: മാര്‍ക്സിസ്റ്റ് ചിന്തകനും സാംസ്‌കാരിക വിമര്‍ശകനും കവിയുമായ ഇ.ഐ.എസ് തിലകന്‍ (83) അന്തരിച്ചു. ഭാണ്ഡുപ്പിലെ ആശുപത്രിയില്‍ ആയിരുന്നു മരണം. അരനൂറ്റാണ്ടായി മുംബൈയിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.

ഇ. ഐ. എസ് തിലകന്‍
1938 ജനുവരി 14-ന്, തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനനം.

ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ദീപ്ത വിജയന്‍, സന്നിഗ്ദ്ധത രാജേഷ്, സീമ മല്ലിക്, സര്‍ഗ്ഗ ശ്രീരാം. പേരക്കുട്ടികള്‍: ശ്രീക്കുട്ടന്‍, മണിക്കുട്ടന്‍, ഹരിക്കുട്ടന്‍. ഭാഗിനേയര്‍: സുഗു, സുകൃതന്‍, സുരേഷ്, സുധീഷ്, റെഗിഷ്, ജ്വാല, സന്ധ്യ, ശില്പ.
വിദ്യാഭ്യാസം: പെരിങ്ങോട്ടുകര അമ്പലസ്‌കൂളിലും ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. തൃശൂര്‍ സെന്റ് തോമസ്സില്‍ ബിരുദം. ബോംബെ സര്‍വ്വകലാശാലയില്‍ ബിരുദാനന്ദരം. ദില്ലിയിലെ ഡെവലപ്‌മെന്റ് സെന്ററില്‍ ചെറിയൊരു മാനേജ്‌മെന്റ് കോഴ്‌സ്.

ഇന്റര്‍മീഡിയറ്റില്‍ പഠിക്കുന്ന കാലത്തുതന്നെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കര്‍ഷകസംഘത്തിന്റെ പ്രാദേശിക സെക്രട്ടറിയായിരുന്നു. ബോംബെയിലെ പഠനത്തിനുശേഷം, ആറേഴ് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്ത്, മടുത്ത്, ഒടുവില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ കൂടുകൂട്ടി. അവിടെ സ്റ്റാഫ് അസോസ്സിയേഷന്റെ സംഘാടകനും പ്രഥമ സെക്രട്ടറിയുമായി. 1965 മുതല്‍ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. എഴുപതുകളുടെ ആരംഭത്തോടെ, ഡെക്കോറ എന്ന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ സംഘാടനം ആരംഭിച്ചു. ഡെക്കോറയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കണ്‍വീനറും ഡെക്കോറയുടെ മുഖപ്രസിദ്ധീകരണമായ സംഘഗാനത്തിന്റെ പ്രസാധകനും എഡിറ്ററും ക്രിയേറ്റീവ് സ്റ്റഡീസെന്ററിന്റെ സ്ഥാപകാംഗവും കണ്‍വീനറും. ‘സമന്വയം’ ടേബ്ലോയ്ഡിന്റെ സ്ഥാപകാംഗവും എഡിറ്ററും. വിശാലകേരളം മാസികയുടെ മുന്‍ എഡിറ്റര്‍. നഗരകവിതയുടെ എഡിറ്റര്‍മാരില്‍ ഒരാള്‍.
ബോംബെയിലെ പ്രസിദ്ധ ലൈബ്രറികളായ സെന്‍ട്രല്‍ ലൈബ്രറി, മാക്‌സ് മുള്ളര്‍ ഭവന്‍ ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി, കൊളാബയിലെ ഡോക്യുമെന്റേഷന്‍ സെന്റര്‍ എന്നിവ വ്യാപകമായി ഉപയോഗപ്പെടുത്തി, ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് പുസ്തകങ്ങള്‍ക്ക് അവതാരികയെഴുതി. ബോംബെ മലയാളി സംഘടനകളുടെ ചര്‍ച്ചായോഗങ്ങളിലും കവിയരങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.
സവിശേഷ താത്പര്യമുള്ള വിഷയങ്ങള്‍: മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഈസ്‌തെറ്റിക്‌സ്, കലാചരിത്രം, സംസ്‌കാര പഠനം മുതലായവ.
അവാര്‍ഡുകള്‍: 1 നാടകകലയുടെ സൗന്ദര്യശാസ്ത്രം എന്ന പ്രബന്ധത്തിന് സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം
2. അബുദാബി കള്‍ച്ചറല്‍ സെന്ററിന്റെ പ്രവാസി കവിതാപുരസ്‌കാരം.
ജനശക്തി (ഡോംബിവിലി)യുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.
4. ശ്രീമാന്‍ സ്മാരക പുരസ്‌കാരം- 2018.
5. മുളുണ്ട് കേരളസമാജം ഏര്‍പ്പെടുത്തിയ കെ. എം. മാത്യു മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് 2018
ആദ്യ പുസ്തകം: ശവനിലം (കവിതാസമാഹാരം)
എം.ഡി. എസ്. രോഗത്തിന്റെ അനുഗ്രഹത്താല്‍ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ അഭയം എം.ഡി. എസ്. രക്താര്‍ബുദത്തിന്റെ പ്രിയ അനിയന്‍. വല്യേട്ടന്‍ ഭാഗം ചോദിച്ച് കലഹിക്കാന്‍ വരാതിരിക്കട്ടെ.

Comments are closed.