DCBOOKS
Malayalam News Literature Website

എഴുത്തുകാരന്‍ ഡോ. തിക്കുറിശ്ശി ഗംഗാധരൻ നായർ അന്തരിച്ചു

എഴുത്തുകാരന്‍ ഡോ. തിക്കുറിശ്ശി ഗംഗാധരൻ നായർ അന്തരിച്ചു. കേരളവർമ്മ വലിയ കോയിത്തമ്പുരാനെ കുറിച്ചും തെക്കൻ പാട്ടുകളെകുറിച്ചും ശ്രദ്ധേയമായ നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ ഗ്രന്ഥങ്ങൾക്കു പുറമെ ജീവചരിത്രം, ബാലസാഹിത്യം, പാഠപുസ്തകങ്ങൾ എന്നിവയും മലയാളത്തിന് തിക്കുറിശ്ശി ഗംഗാധരൻ നായർ സംഭാവന ചെയ്തു.

തിരുവനന്തപുരത്ത് എസ്സ്.എം.വി. സ്കൂളില്‍ അധ്യാപകനായിരിക്കെയാണ്   ഡോ. തിക്കുറിശ്ശി ഗംഗാധരന്‍ മലയാളം എം.എ. നേടിയിട്ട് ഗവേഷണത്തിലേയ്ക്ക് കടക്കുന്നത്. ഡോ. തിക്കുറിശ്ശി ഗംഗാധരൻ 1934 ഒക്ടോബർ 31ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ സുബ്രഹ്മണ്യൻ പോറ്റി, അമ്മ പരമേശ്വരി അമ്മ. തിക്കുറിശ്ശി ആർ.സി. സ്കൂൾ, കുഴിത്തുറ മാധവ വിലാസം സ്കൂൾ, മാർത്താണ്ഡം ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വിളവംകോട് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ നിന്നും ടി.ടി.സി വിജയിച്ച് 1958-ൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി തിരുവനന്തപുരത്ത് എത്തി. ഇതോടൊപ്പം പഠനവും തുടർന്നു. 1962, 1965, 1970 എന്നീ വർഷങ്ങളിലായി ബി.എ., ബി.എഡ്., എം.എ. എന്നീ ബിരുദങ്ങൾ നേടിയശേഷം 1982-ൽ പിഎച്ച്ഡി യും നേടി. സർവ്വീസ് ജീവിതത്തിൽ ദീർഘകാലം തിരുവനന്തപുരം എസ്സ്.എം.വി. സ്കൂളിൽ അധ്യാപകനായിരുന്നു. അതിനുശേഷം തലശ്ശേരി ട്രെയിനിംഗ് കോളേജ് അധ്യാപകനായിരിക്കെ കേരളാ സർവ്വകലാശാലയിൽ ലെക്സിക്കന്റെ സബ് എഡിറ്ററായി നിയമിതനായി. 1994-ൽ സർവ്വീസിൽ നിന്ന് പിരിഞ്ഞശേഷവും ഗവേഷണവും സാഹിത്യ പ്രവർത്തനങ്ങളും തുടർന്ന് പോന്നിരുന്നു.

Comments are closed.