DCBOOKS
Malayalam News Literature Website

സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായുള്ള എന്റെ ബന്ധം: ബോബി ചെമ്മണ്ണൂര്‍

‘ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ സുവിശേഷം (അദ്ധ്യായം: 111)’ എന്ന പുസ്തകത്തിലെ ‘കിക്കോഫ്’ എന്ന അദ്ധ്യായത്തില്‍ നിന്നും ഒരു ഭാഗം

ഡീഗോ മറഡോണയുടെ മരണവാര്‍ത്തയറിഞ്ഞ 2020 നവംബര്‍ 25-ന് ബോബി അസ്വസ്ഥനായി.

ബോബിയെ ലോകം അറിയുന്നത് ബോബി ചെമ്മണ്ണൂരെന്നാണ്; പ്രശസ്ത ബിസിനസ്സുകാരന്‍.

ടി.വിയുടെ മുന്‍പിലിരുന്നു ബോബി. ഏഷ്യയിലെ, ഇന്ത്യയിലെ, കേരളത്തിലെ, തൃശൂരിലെ താമസസ്ഥലത്ത് ദുഃഖിതനായി ഇരുന്ന് ഇന്ത്യാസമുദ്രത്തിനും ആഫ്രിക്കയ്ക്കും അറ്റ്‌ലാന്റിക്് സമുദ്രത്തിനും അപ്പുറം വടക്കേ അമേരിക്കയിലെ അര്‍ജന്റീനയില്‍ ബ്യൂനസ് അയഴ്‌സില്‍ ലോകത്തോട് വിടപറയുന്ന സുഹൃത്തിനെ വിവിധ ടി.വി. ചാനലുകളില്‍ കണ്ടുകൊണ്ടിരുന്നു ബോബി.

മറഡോണ ഉറ്റസുഹൃത്താണ് എന്നത് ബോബിയുടെ അഭിമാനമാണ്. കോവിഡ്-19 ലോകത്തെ ഗ്രസിച്ചില്ലായിരുന്നെങ്കില്‍ സുഹൃത്തിന്റെ വിടവാങ്ങലിന് സാക്ഷിയാകാന്‍ ബോബി ബ്യൂനസ് അയഴ്‌സിലെത്തുമായിരുന്നു.

2012-ല്‍ ബോബിയുടെ ക്ഷണം സ്വീകരിച്ച് മറഡോണ കേരളം സന്ദര്‍ശിച്ചു. കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം ബോബിയോട് കടപ്പെട്ട ദിവസങ്ങളായിരുന്നു അവ.

ബ്യൂനസ് അയഴ്‌സില്‍ കാസാ റോസാഡ എന്ന് അറിയപ്പെടുന്ന പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ വളപ്പില്‍ അര്‍ജന്റീനയുടെ കൊടി പൊതിഞ്ഞു കിടത്തിയ മറഡോണയെ അവസാനമായി കാണാന്‍ ആരാധകരെത്തുന്നത് ബോബി ടി.വിയില്‍ കണ്ടു. ആരാധകര്‍ വിലപിക്കുന്നു. ചിലര്‍ പരസ്പരം ആശ്വസിപ്പിക്കുന്നു. ജനക്കൂട്ടം വിളിച്ചു പറയുന്നു: ”ഡീഗോ മരിക്കുന്നില്ല, ജനങ്ങളില്‍ ജീവിക്കുന്നു!”

ടി.വിയുടെ മുമ്പില്‍ ബോബിയുടെ മണിക്കൂറുകള്‍ കടന്നുപോയി.

ബോബിയുടെ ബിസിനസ്സ് സ്ഥാപനത്തിന് മുന്നൂറോളം സംരംഭങ്ങള്‍; നാലായിരത്തോളം സ്ഥിരംപണിക്കാര്‍; അഞ്ചു ലക്ഷംപേരുടെ അനുദിനജീവിതവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ള ബിസിനസ്സുകളുടെ നേതൃത്വപരമായ ഉത്തരവാദിത്വത്തില്‍നിന്ന്, മറഡോണയുടെ മരണവാര്‍ത്ത അറിഞ്ഞ ആ ദിവസം ദുഃഖത്തോടെ ഒഴിഞ്ഞുനിന്നു ബോബി.

Textബ്യൂനസ് അയഴ്‌സില്‍ മറഡോണ കളിച്ച ബൊക്കാ ജൂനിയേഴ്‌സിന്റെ മൈതാനത്ത് ദുഃഖാര്‍ത്തരായ ആരാധകര്‍ വന്നുകൂടിയത് ടി.വി. സ്‌ക്രീനില്‍ തെളിഞ്ഞു. ചിലര്‍ അര്‍ജന്റീനയുടെ കൊടി വായുവില്‍ ചുഴറ്റുന്നു. ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമല്ല, അര്‍ജന്റീന ദേശീയതയുടെ മുഖവുമാണ് മറഡോണ. ബാഴ്‌സലോണ ക്ലബ്ബിന്റെ കളിക്കാരനായിരുന്ന മറഡോണയുടെ മരണത്തില്‍ സ്‌പെയിനില്‍നിന്ന് അനുശോചനങ്ങള്‍. ഇറ്റലിയില്‍ മറഡോണ കളിച്ച നേപ്പിള്‍സിലെ നപ്പോളി ക്ലബ്ബിന്റെ മൈതാനത്തും ആരാധകര്‍ കൂട്ടമായി വന്നെത്തുന്നു. അവര്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. അനുശോചനസന്ദേശങ്ങള്‍ എഴുതിയ കാര്‍ഡുകള്‍ നിരത്തിവയ്ക്കുന്നു. നേപ്പിള്‍സില്‍ റോഡരികില്‍ മറഡോണയുടെ ചുവര്‍ചിത്രത്തിനു മുമ്പില്‍ ദുഃഖിതരായ ആരാധകര്‍–അനേകം ടി.വി. വാര്‍ത്തകള്‍.

മറഡോണയുടെ മരണത്തിനുശേഷം പതിമൂന്നാം ദിവസം ബോബി എറണാകുളം പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു: ”ഞാന്‍ മറഡോണ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നു. ആ മ്യൂസിയത്തില്‍ മറഡോണയുടെ പൂര്‍ണകായ സ്വര്‍ണശില്പമുണ്ടായിരിക്കും!”

പത്രസമ്മേളനം കഴിഞ്ഞ് കാറില്‍ യാത്രചെയ്യുന്നതിനിടയില്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ മുഖവുരപോലെ ബോബി പറഞ്ഞു: ”മറഡോണയെക്കുറിച്ച് ചോദിക്കുമ്പോള്‍ മനസ്സില്‍ ഓര്‍മ്മകളുടെ കിക്കോഫുണ്ടാകുന്നു!”

ബോബി കാര്‍ ഡ്രൈവ് ചെയ്യുന്നു. ഞാന്‍ സഹയാത്രികന്‍. ബോബിയില്‍നിന്ന് മറഡോണയെക്കുറിച്ച് ചോദിച്ചറിയാനുള്ള എന്റെ ശ്രമത്തിന്റെ ഭാഗമാണ് യാത്ര. കൊച്ചിയിലെ എറണാകുളം കായലിലെ മുളവുകാടുള്ള ബോബിയുടെ താമസസ്ഥലത്തു
നിന്ന് ആരംഭിച്ചു യാത്ര.

കൊല്‍ക്കൊത്തയില്‍ മറഡോണയുടെ പിത്തളശില്പമുണ്ട്. രാഷ്ട്രീയനേതാവ് മുന്‍കൈയടുത്ത് നിര്‍മ്മിച്ച 12 അടി ഉയരമുള്ള ശില്പം. മറഡോണയുടെ കൊല്‍ക്കൊത്ത സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ് ശില്പം. ഗോവ സര്‍ക്കാര്‍ മറഡോണയുടെ ശില്പം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ മനസ്സില്‍ കണ്ട് യാത്രാരംഭത്തില്‍ എന്റെ ചോദ്യം: ”സ്വര്‍ണത്തിലുണ്ടാക്കുന്നു എന്നതു മാത്രമാണോ ബോബി ഭാവനചെയ്യുന്ന മറഡോണശില്പത്തിന്റെ പ്രത്യേകത?”

”അല്ല, സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായി എന്റെ ബന്ധം,” ബോബിയുടെ ഉത്തരം:

”എനിക്ക് ഏറെ ആരാധനയുണ്ടായിരുന്ന സുഹൃത്തായിരുന്നു മറഡോണ. എന്നെ, എന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വം. എനിക്ക് മറഡോണയോടുള്ള സ്‌നേഹത്താല്‍ ഞാന്‍ അദ്ദേഹത്തിന്റെ ശില്പം സ്വര്‍ണത്തില്‍ നിര്‍മ്മിക്കുകയാണ്.” ബോബിയുടെ വിശദീകരണം.

”എന്തുകൊണ്ട് സ്വര്‍ണശില്പം?”

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.