DCBOOKS
Malayalam News Literature Website

സൂക്ഷ്മ രാഷ്ട്രീയ വിവേകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ‘എന്റെ പ്രിയപ്പെട്ട കഥകള്‍’

 

2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം അംബികാ സുതന്‍ മാങ്ങാടിന്റെഎന്റെ പ്രിയപ്പെട്ട കഥകള്‍’ക്ക് ലഭിച്ചു. ചെറുകഥാ സമാഹാരത്തിനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്ത ‘എന്റെ പ്രിയപ്പെട്ട കഥകള്‍‘ ആധുനിക സംസ്‌കൃതിയുടെ സങ്കീര്‍ണ്ണതകളും നാടിന്റെ ചൂടും ചൂരും ഇടകലര്‍ന്നു പ്രവഹിക്കുന്നതാണെന്നും ഇവയില്‍ സൂക്ഷ്മമായ രാഷ്ട്രീയ വിവേകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ കൂടി സജീവമായ അദ്ദേഹത്തിന്റെ കഥകളില്‍ പരിസ്ഥിതി അവബോധവും സജീവമായി ഇഴചേരുന്നു. കെ പി രാമനുണ്ണി, വി ആര്‍ സുധീഷ്, പി കെ ഹരികുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ചെറുകഥാ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. എന്റെ പ്രിയപ്പെട്ടകഥകള്‍-അംബികാസുതന്‍ മാങ്ങാട് എന്ന പേരില്‍ ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ മലയാള വിഭാഗം തലവനാണ അംബികാ സുതന്‍ മാങ്ങാട്. കാരൂര്‍, ഇടശേരി, അങ്കണം, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂര്‍പ്രൈസ്, വി ടി ഭട്ടതിരിപ്പാട്, എസ്ബിടി, കോവിലന്‍, വി പി ശിവകുമാര്‍ കേളി അവാര്‍ഡ് തുടങ്ങി ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങള്‍ നേടി. മരക്കാപ്പിലെ തെയ്യങ്ങള്‍ ആദ്യനോവല്‍. എന്‍മകജെ എന്ന നോവല്‍ കന്നഡയിലും തമഴിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. കഥകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 20 ചെറുകഥാ സമാഹാരങ്ങള്‍ പുറത്തിറക്കി.

പ്രിയപ്പെട്ട കഥകളെ കുറിച്ച് അംബികാസുതന്‍ മാങ്ങാട് എഴുതുന്നു…

കഥയെഴുത്തിന്റെ നാല്പത്തിരണ്ടാം കൊല്ലമാണ്. ഏറ്റവും പ്രിയപ്പെട്ട സ്വന്തം കഥകള്‍ തിരഞ്ഞെടുക്കാന്‍ ഡി സി ബുക്‌സ് ആവശ്യപ്പെട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും കഥാപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് മുന്നില്‍ നിരത്തിയപ്പോള്‍ വല്ലാത്തൊരു സന്ദിഗ്ദ്ധത ഞാനനുഭവിച്ചു. ‘ബിംബിസാരന്റെ ഇടയന്‍’ എന്ന ഇടശ്ശേരിക്കവിതയിലെ മക്കള്‍ക്കിടയില്‍ പരക്കം പായുന്ന അമ്മയാടിനെപ്പോലെ ഞാന്‍ സംഭ്രമിച്ചു. ഏകാന്തതയുടെ ഈറ്റില്ലത്തില്‍ നൊന്തുപെറ്റതാണ് ഓരോന്നിനെയും. മുടന്തുള്ളതും ഇല്ലാത്തതുമുണ്ട്. ഓരോ പിറവിയുടെ നേരത്തും മനസ്സ് നിശ്ശബ്ദമായി നിലവിളിച്ചിട്ടുണ്ട്.

അപ്പുക്കുട്ടന്‍ മാഷെ ഓര്‍ത്തുപോകുന്നു. കാസര്‍കോട് ഗവ. കോളജില്‍ ജന്തുശാസ്ത്രമെടുത്ത് ബിരുദത്തിന് പഠിക്കുമ്പോള്‍ ജനറ്റിക്‌സിലെനിയോ ലാമാര്‍ക്കിയന്‍ തിയറി വിശദീകരിക്കുവാന്‍ അദ്ദേഹം മൂന്നു മുലക്കണ്ണുകളുള്ള കര്‍ണ്ണാടകയിലെ ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞത് ക്ലാസ്സില്‍ ചിരി പടര്‍ത്തി. എനിക്ക് ഒട്ടും ചിരി വന്നില്ല. കടുത്ത ആലോചനക്കുഴിയിലേക്ക് ക്ലാസ്സിന്റെ വരമ്പിടിഞ്ഞ് ഞാന്‍ നിപതിച്ചിരുന്നു. അന്നു രാത്രി കുത്തിയിരുന്ന് ‘ജനിതകശാസ്ത്രം പ്രൊഫസര്‍ എംഗപ്പനായിക്കിന്റെ രാത്രികള്‍’ എന്ന കഥയെഴുതി. ഓര്‍ക്കാപ്പുറത്ത് കഥാനായകന് അപ്പുക്കുട്ടന്‍ മാഷ്‌ടെ ഛായ സംഭവിച്ചു. ‘മലയാളനാട്’ വാരികയില്‍ അത് താമസിയാതെ വെളിച്ചം കണ്ടപ്പോള്‍ കോളജിലാകെ ചര്‍ച്ചയായി. ഗുരുനാഥനെ ശിഷ്യന്‍ ആക്ഷേപിച്ചുവെന്നായി. കൂട്ടുകാര്‍ ഭീഷണിപ്പെടുത്തി.
നിനക്ക് ടി.സി. ഉറപ്പായി മോനേ… എനിക്ക് വല്ലാതെ പേടിയായി. രണ്ടാഴ്ചക്കാലം സയന്‍സ്‌ബ്ലോക്കില്‍ കയറാതെ ആര്‍ട്‌സ് ബ്ലോക്കില്‍ ഒളിച്ചുകളിച്ചു. ദൂരെയെങ്ങാനും പ്രൊഫസറുടെ തലവെട്ടം –നല്ല കഷണ്ടിയായിരുന്ന മാഷ്–കണ്ടപ്പോഴൊക്കെ മറഞ്ഞുനിന്നു. അപ്പോഴതാ പ്രൊഫസര്‍ വിളിപ്പിക്കുന്നു. കൂട്ടുകാര്‍ ഉറപ്പിച്ചു: പോ, പോയി ടി.സി. വാങ്ങിച്ചോ. സ്വതവേ ഭീരുവായിരുന്ന ഞാന്‍ കാല്‍മുട്ടുകള്‍ വിറച്ച് നടക്കാന്‍ വയ്യെങ്കിലും ഒരുവിധത്തില്‍ പ്രൊഫസറുടെ സവിധത്തിലെത്തി. സമസ്താപരാധങ്ങളും പൊറുക്കണേ എന്ന് മനസ്സില്‍ ഉരുക്കഴിച്ച്, ഏത് കവിളിലാണ് അടിവീഴുക, എന്ന് കാത്ത് തല കുമ്പിട്ടു നിന്നു. കുറച്ചുസമയം കസേരയില്‍ അനക്കമറ്റിരുന്ന ആ മനുഷ്യന്‍ പുസ്തകം മേശപ്പുറത്ത് അടച്ചുവെച്ച് എഴുന്നേറ്റ് വന്നു. പതുക്കെ എന്റെ ചുമലില്‍ കൈവെച്ചു. പിന്നെ തന്റെ വലിയ ശരീരത്തോട് എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു: നിന്റെ കഥ ഞാന്‍ വായിച്ചിരുന്നു. ഒന്നാന്തരം കഥയാണ്. ഇനിയും ധാരാളം എഴുതണം. നിനക്ക് കഥയില്‍ നല്ല ഭാവിയുണ്ട്. പക്ഷേ, നീ എന്തിനാ ക്ലാസ് കട്ട് ചെയ്യുന്നത്?

കരഞ്ഞുപോകാതിരിക്കാന്‍ ഞാന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു. അനുഗ്രഹിക്കുന്നതിനു പകരം ഗുരുനാഥന്‍ ചവിട്ടിമെതിച്ചിരുന്നുവെങ്കില്‍ എന്റെ കഥാജീവിതം അന്ന് അവസാനിക്കുമായിരുന്നു. തുടര്‍ന്ന് ഒരു ലേഖനമെഴുതി മാതൃഭൂമി വാരികയ്ക്കയച്ചപ്പോള്‍ അത് കവര്‍‌സ്റ്റോറിയായി വെളിച്ചം കണ്ടു. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ‘കഥ’ മാസിക നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം. അപ്പുക്കുട്ടന്‍മാഷ് നല്‍കിയ ആത്മവിശ്വാസവും ആവേശവും അന്നു മാത്രമല്ല, ഇക്കാലമത്രയും എന്റെ എഴുത്തിന് കൂട്ടുനിന്നു. മറ്റൊരു വിസ്മയം സമ്മാനിച്ചത് കലാകൗമുദി വാരികയിലെ പത്രാധിപരായിരുന്ന എസ് ജയചന്ദ്രന്‍ നായരാണ്. ‘സ്വര്‍ണഖനി’ എന്ന ഒരു കഥ മാത്രം കലാകൗമുദിയിലെഴുതിയ എന്നോട് ഓണപ്പതിപ്പിലേക്ക് അദ്ദേഹം കഥ ആവശ്യപ്പെട്ടു. വളരെ പ്രമുഖരായവര്‍ക്കിടയില്‍ ഈ പുതുമുഖക്കാരന്റെ കഥയും ചേര്‍ക്കുവാന്‍ അദ്ദേഹത്തിന് കനിവുണ്ടായി. അന്നെഴുതിയ ‘ഗജാനനം’ കൊണ്ടാണ് ഈ പ്രിയകഥകളുടെ സമാഹാരം തുടങ്ങുന്നത്. ആ കഥ എഴുതിയ ആവേശത്തില്‍ പിറ്റേന്ന് ‘സീതായനം’ എഴുതി. ‘ആര്‍ത്തു പെയ്യുന്ന മഴയില്‍ ഒരു ജുമൈല’ പോലെ ഏറ്റവും വായനക്കാരെ തന്ന കഥകളിലൊന്നാണിത്. സീതായനവും സ്വര്‍ണ്ണഖനിയും ജുമൈലയും ഈ സമാഹാരത്തിലുണ്ട്. ‘സ്വര്‍ണ്ണഖനി’ യെ അന്ന് ‘സാഹിത്യവാരഫല’ത്തില്‍ എം. കൃഷ്ണന്‍ നായര്‍ ടോള്‍സ്റ്റോയിയുടെ ഒരു കഥയോട് ചേര്‍ത്തുവെച്ച് പറഞ്ഞതും വിനയത്തോടെ ഓര്‍മ്മിക്കട്ടെ.

ഇങ്ങനെ സ്‌നേഹത്തോടെ കൈപിടിച്ച നിരവധി ഇഷ്ടക്കാര്‍ എന്റെ മനസ്സില്‍ തെളിമയോടെ നില്പുണ്ട്. ആത്മാര്‍ത്ഥതയോടെ കൂടെനിന്ന കൂട്ടുകാരും കുറവല്ല. ഈറ്റുമുറിയില്‍ പിറന്നുവീണപ്പോള്‍തന്നെ എന്റെ കഥകളുടെയും നോവലുകളുടെയും കയ്യെഴുത്ത് പേജുകള്‍ വായിച്ച് ആദ്യം വിലയിരുത്തിയത് സഹൃദയയായ നല്ലൊരു വായനക്കാരിയാണ്. അവള്‍ എന്റെ ജീവിതപങ്കാളികൂടിയാണ്. ദുര്‍ഗ്രഹത ഒട്ടുമില്ലാതെ ലളിതമായി കഥപറയുവാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്. അതോടൊപ്പം എഴുത്തുകാരന് സമൂഹത്തോട് വലിയ പ്രതിബദ്ധതയുണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. ‘ജീവിത പ്രശ്‌നങ്ങള്‍’ എന്ന ആറാംക്ലാസ്സിലെഴുതിയ ആദ്യകഥതൊട്ട് ആ കടപ്പാട് തെളിഞ്ഞുകാണാം. ദലിത്, പരിസ്ഥിതി സ്ത്രീപക്ഷകഥകള്‍ കൂടുതല്‍ എഴുതിപ്പോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രത്യേകിച്ച് പരിസ്ഥിതി കഥകള്‍. ഈ സമാഹാരത്തില്‍ കൂടുതലുള്ളത് പരിസ്ഥിതികഥകളാണ് എന്നത് യാദൃച്ഛികമല്ല. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടുതുടങ്ങിയ കാലത്താണ് ‘പഞ്ചുരുളി’ (2002) പ്രസിദ്ധീകരിച്ചത്. വൃക്കവില്പനയെ സംബന്ധിച്ച ഒരു പത്രവാര്‍ത്ത ഉണ്ടാക്കിയ അസ്വാസ്ഥ്യത്തെ കഥയാക്കാന്‍ ശ്രമിച്ചതാണ്. ബോധപൂര്‍വം കീടനാശിനി ദുരന്തത്തെ എഴുതാന്‍ ശ്രമിച്ചതായിരുന്നില്ല.

‘നീരാളിയന്‍’, ‘രണ്ടു മത്സ്യങ്ങള്‍’ തുടങ്ങിയ കഥകള്‍ യഥാര്‍ത്ഥത്തിലുള്ള എന്റെ നാട്ടനുഭവങ്ങളാണ്. വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തോടനുബന്ധിച്ച് നടക്കുന്ന മൃഗവേട്ട അവസാനിക്കുമെന്ന പ്രതീക്ഷയോടെയാണ് ‘തോക്ക്’ എഴുതിയത്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കാട്ടുമൃഗങ്ങളെ ഇപ്പോഴും നിര്‍ദ്ദയം നായാടുന്നത് വല്ലാതെ ദുഃഖിപ്പിക്കുന്നു. പരിസ്ഥിതിദുരന്തങ്ങള്‍ ഒന്നൊന്നായി കാല്‍ച്ചുവട്ടിലെത്തിയിട്ടും മലയാളിക്ക് വിവേകമുണ്ടാകുന്നില്ലല്ലോ എന്ന ധര്‍മ്മസങ്കടം ഇനി ആരോടാണ് പറയേണ്ടത്? നിയമസംവിധാനങ്ങളും നിസ്സഹായരായി കണ്ണടച്ചിരിക്കുമ്പോള്‍? കാലത്തിന്റെ കന്മഷങ്ങളെ വിവര്‍ത്തനം ചെയ്യുകയാണ് കഥാകാരന്റെ കര്‍ത്തവ്യം. ”പൂവിടാന്‍ ഒരുക്കിയ ഓട്ടുമുറങ്ങളില്‍ ആരാണ് മനുഷ്യങ്ങളേ തീക്കനലുകള്‍ വാരിയിട്ടത്?” എന്ന ഈ സമാഹാരത്തിലെ ഒടുവിലത്തെ കഥയായ ‘മുച്ചിലോട്ടമ്മ’യിലെ നിലവിളി കഥാകാരന്റേതു കൂടിയാണ്. ഇരുണ്ട കാലത്തില്‍ കഥാകാരന്‍ കത്തിച്ചുവയ്ക്കുന്ന വഴിവിളക്കുകളാണ് നല്ല കഥകള്‍. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തില്‍ പറയുന്നപോലെ ഇരുട്ടിന്റെ ഉള്ളില്‍ ഒരു വലിയ സൂര്യനുണ്ട്. ‘മുച്ചിലോട്ടമ്മ’യുടെ ഒടുവിലും ആ പ്രതീക്ഷ ഉണ്ട്. ”ശക്തിസ്വരൂപിണിയായി മുച്ചിലോട്ടമ്മ തിരിച്ചുവരും, ഈ ഭൂമി മുഴുവന്‍ കുളിര്‍മ്മ നേടും.” എന്ന പ്രതീക്ഷ.

 

Comments are closed.