DCBOOKS
Malayalam News Literature Website

പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് ‘ഞാനും ബുദ്ധനും’

2017 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’ നോവല്‍ പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. യു കെ കുമാരന്‍, എന്‍ ശശിധരന്‍, സി പി അബൂബക്കര്‍ എന്നിവടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മധ്യപ്രദേശിലെ ബേത്തൂരില്‍ അധ്യാപകനായി ജോലിചെയ്യുമ്പോള്‍ സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും അല്ലാതെയും ബുദ്ധനെക്കുറിച്ച് ധാരാളം വായിച്ചിരുന്നതായും ഇതാണ് മറ്റൊരു കോണിലൂടെ ബുദ്ധനെ നോക്കാനും നോവലെഴുതാനും ഇടയാക്കിയതെന്നും രാജേന്ദ്രന്‍ പറയുന്നു.

ഭൗതികേച്ഛകളില്‍നിന്ന് മനുഷ്യനെ മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ആചാര്യനായാണ് ബുദ്ധന്‍ അറിയപ്പെടുന്നത്.  ലോകത്തിനു വെളിച്ചമായ ആ മഹാസ്വാധീനത്തെ വേറൊരുബിന്ദുവില്‍നിന്ന് നോക്കിക്കാണുന്ന നോവലാണ് ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ പറയുന്ന  ഞാനും ബുദ്ധനും.

ബുദ്ധനെക്കുറിച്ചുവന്ന എണ്ണമറ്റ ആഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഉറ്റവരും ഉടയവരുമടങ്ങിയ പുറംലോകത്തെ ബുദ്ധന്‍ എങ്ങനെയാണ് പരിഗണിച്ചത് എന്നു പരിശോധിക്കുകയാണ് ഈ നോവല്‍. പാലായനങ്ങളിലും, യുദ്ധങ്ങളിലും, ജയപരാജയങ്ങളിലും വഴി മറയ്ക്കുന്നവന്‍ എന്നര്‍ത്ഥം വരുന്ന പേര്ധാരിയായ സ്വപുത്രന്റെ മരണത്തിലും വരെ നിരാസക്തമായ ഒരു നിസ്സന്ഗത പുലര്‍ത്തുന്ന ഗോപ എന്ന കഥാപാത്രം ഞാനും ബുദ്ധനും’ എന്ന ഈ കഥയിലൂടെ മലയാള സാഹിത്യത്തിലെ എന്നേക്കുമുള്ള കരുത്തുറ്റ ഒരു പെണ്‍മുഖമായി മാറുന്നു. ഭരതവാക്യത്തില്‍ ഗോപ ബുദ്ധനെ സംബോധന ചെയ്യുന്നത് ‘ശൗദ്ധോദനീ ‘ എന്നല്ല, ബോധിസത്വനായ മായാദേവീ പുത്രാ എന്നാണ്.അമ്മവഴിയോര്‍മ്മിപ്പിക്കുന്ന വിളിയാണത്.’ നിന്റെ മകനായിരുന്നു അവന്‍ .നിന്റെ….. ‘ എന്ന അവസാനത്തെ ഉറപ്പിക്കല്‍ ഗോപ ബുദ്ധന് അനുവദിക്കുന്ന ഔദാര്യമാണ്.രാഹുലന്റെ സത്യത്തെ സംഘര്‍ഷ നിമിഷങ്ങളിലെപ്പോഴെങ്കിലും വെളിപ്പെടുത്തിപ്പോയിരുന്നെങ്കില്‍ മഹാപരിത്യാന്മത്തിന്റെ മഹാസങ്കടങ്ങളുണ്ടാക്കിയ അനാസക്തി തന്നെയാണ് ബുദ്ധമാര്‍ഗത്തിന്റെ ഹേതുവെന്ന് വിശ്വസിക്കാന്‍ ഗോപ നമ്മോട് ആവശ്യപ്പെടുന്നു.

ബുദ്ധ നീതിസാര കഥകളോ ജാതക കഥകളോ ഉള്‍ക്കൊള്ളുന്ന അന്യാപദേശ താത്പര്യമല്ല ഈ നോവല്‍ ഉള്‍ക്കൊള്ളുന്നത് എന്നത് ചേര്‍ത്തു വായിച്ചാല്‍ നോവല്‍ രാഷ്ട്രീയമാണ് പറയുന്നത് എന്നു കാണാം.

Comments are closed.