DCBOOKS
Malayalam News Literature Website

ദില്ലിയില്‍ വായുമലിനീകരണം അപകടകരമായ തോതില്‍

ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം വായുമലിനീകരണം അപകടകരമാം വിധത്തില്‍ ഉയര്‍ന്നു. പടക്കം പൊട്ടിയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് ജനങ്ങള്‍ ദീപാവലി ആഘോഷിച്ചതോടെ അന്തരീക്ഷവായുവിലെ മലിനീകരണതോത് ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. സുരക്ഷിതനിലയേക്കാള്‍ 10 മടങ്ങ് അധികമാണ് വായുമലിനീകരണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

അതേസമയം വ്യാഴാഴ്ച രാത്രി 11 മുതല്‍ മൂന്നുദിവസത്തേയ്ക്ക് നഗരത്തില്‍ ചെറുതും വലുതും ഇടത്തരവുമായ ചരക്കുവാഹനങ്ങള്‍ക്കു ദില്ലി പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ധാന്യങ്ങളും പച്ചക്കറികളുമായി വരുന്ന ചരക്കുവാഹനങ്ങള്‍ക്കു മാത്രം നിയന്ത്രണത്തില്‍ ഇളവു നല്‍കും.

മലിനീകരണം കണക്കിലെടുത്താണു ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ദിവസം പടക്കം പൊട്ടിയ്ക്കുന്നതിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 8 മുതല്‍ രാത്രി 10 വരെ പടക്കം പൊട്ടിയ്ക്കാമെന്നായിരുന്നു കോടതിവിധി. എന്നാല്‍ വൈകിട്ട് ആരംഭിച്ച പടക്കംപൊട്ടിയ്ക്കല്‍ പുലര്‍ച്ചെ വരെ നീണ്ടു. കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതു പേരിനു മാത്രമാണെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മഞ്ഞും പടക്കത്തിലെ പൊടിയും അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷികവിളകള്‍ കത്തിയ്ക്കുന്നതു കാരണമുള്ള മലിനീകരണവും ചേര്‍ന്നതോടെയാണ് ദില്ലിയില്‍ അന്തരീക്ഷവായു ഗുരുതരാവസ്ഥയിലെത്തിയത്.

Comments are closed.