DCBOOKS
Malayalam News Literature Website

സംഘപരിവാറുകാര്‍ക്ക് എന്റെ ചിലവില്‍ വിസിബിലിറ്റി വേണ്ട: ദീപാനിശാന്ത്

സാധാരണമായ ജീവിതം നയിച്ച തനിക്ക് അസാധാരണമായ അനുഭവങ്ങളും കരളുറപ്പും നല്‍കിയതിന് കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ദീപാ നിശാന്ത്. കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പറഞ്ഞതു പോലെ ജീവിതത്തില്‍ നാം നിമ്‌നോന്നതമായ അവസ്ഥകളിലൂടെ കടന്നു പോകണം. ഉയര്‍ച്ച താഴ്ചകള്‍ നേരിടണം. മുള്‍വഴികളും പരിചിതമാകണം. സമൂഹമാധ്യമങ്ങളില്‍ സജീവമായ തനിക്ക് നേരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളെ കുറിച്ചും ദീപ പ്രതികരിച്ചു. സംഘപരിവാറുകാര്‍ പലപ്പോഴും തനിക്കെതിരെ വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ അനാവശ്യ കമന്റുകള്‍ നടത്തുന്ന ആളുകളെ ബ്ലോക്ക് ചെയ്യുന്നത്, അവരെ ഭയന്നിട്ടല്ല, അവര്‍ക്ക് ഈ സമൂഹത്തില്‍ എന്റെ ചിലവില്‍ വിസിബിലിറ്റി വേണ്ട എന്ന് വിചാരിച്ചിട്ടാണ്. അവരുടെ വിഷം നിറഞ്ഞ ജല്പനങ്ങളെ അങ്ങേയറ്റം അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. അത്തരക്കാര്‍ക്ക് വിസിബിലിറ്റിക്കായി സ്‌പേസ് ഞാന്‍ കൊടുക്കില്ല എന്നത് എന്റെ തീരുമാനമാണ്. ദീപ വ്യക്തമാക്കി.

ഞാനും അരുന്ധതിയുമൊക്കെ ഇപ്പോള്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഫെയ്‌സ്ബുക്കില്‍ തെറിവിളിയൊക്കെ നന്നായി കേള്‍ക്കുന്നുണ്ടല്ലോ എന്നാണ്. സുഖമല്ലേ എന്ന് ചോദിക്കുന്നതിന് പകരം ഇത്തരം കാര്യങ്ങളൊക്കെ ചോദിക്കുന്ന, അതാസ്വദിക്കുന്ന പരുവത്തിലേക്ക് ഞങ്ങളെയൊക്കെ മാറ്റിയെടുത്തതില്‍ സംഘപരിവാറുകാരോട് ഒരുപാട് നന്ദിയുണ്ടെന്ന് ദീപ പറയുന്നു.

കോഴിക്കോട് വെച്ച് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണവും ദീപ വ്യക്തമാക്കി. ഊര്‍മ്മിള ഉണ്ണിക്കൊപ്പമുള്ള വേദി നിഷേധിച്ചത് എന്റെ പ്രതിഷേധമായിരുന്നു. ആ വേദിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരത്തേക്കാള്‍ മൂന്ന് ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നതാണ് കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്ന് കരുതി. നമ്മുടെ എഴുത്തുകാര്‍ മലയാളികള്‍ക്കിടയില്‍ ഒരു സാംസ്‌കാരിക മൂലധനം കൂടി നിക്ഷേപിക്കുന്നുണ്ട്. നമുക്കും ഇത്തരം കാര്യങ്ങളില്‍ ചില കടമകളൊക്കെയുണ്ട്. ആ സാമൂഹ്യപ്രതിബദ്ധതയാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് ദീപാനിശാന്ത് വ്യക്തമാക്കി. ഇരയായതല്ല, ഇരയാകാതിരുന്നു എന്നതാണ് അവള്‍ ചെയ്ത തെറ്റ്. എനിക്കും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നാലോചിക്കാറുണ്ട്. ഞാനും അവളാണ്. ഇരയ്‌ക്കൊപ്പമാണ് എന്നല്ല, പകരം ഞാനും അവളാണ് എന്നാണ് പറയേണ്ടത്. ദീപ പറഞ്ഞു.

ആ സംഭവത്തില്‍ സിനിമാക്കാര്‍ക്കിടയിലെ ഇടതുപക്ഷ പ്രതിനിധികള്‍ പോലും നിസംഗത പാലിച്ചു. പക്ഷെ അങ്ങനെയല്ല, വലിയ ഒരു സാംസ്‌കാരിക ബാധ്യത അവര്‍ക്കുണ്ട്. ഇത്തരക്കാര്‍ നമുക്കിടയില്‍ വോട്ട് ചോദിച്ചു വരുമ്പോള്‍ അവരെ നിരസിക്കാന്‍ നാം തയ്യാറാവണം. ദീപാ നിശാന്ത് തന്റെ നിലപാട് വ്യക്തമാക്കി.

ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദീപാനിശാന്ത്. ദീപയുടെ പുതിയ പുസ്തകമായ ഒറ്റമരപ്പെയ്ത്തിന്റെ കവര്‍ചിത്രാവതരണവും വേദിയില്‍ നടന്നു.

Comments are closed.