DCBOOKS
Malayalam News Literature Website

‘ഡീസീ ഫലിതങ്ങള്‍’ കാലത്തിന്റെ കണ്ണാടികളാകുന്ന കുറിപ്പുകള്‍: എഴുമറ്റൂര്‍ രാജരാജവര്‍മ്മ

ഡീസീ കിഴക്കെമുറിയുടെ ‘ഡീസീ ഫലിതങ്ങള്‍’എന്ന പുസ്തകത്തെക്കുറിച്ച് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതുന്നു

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഡീസീ ഫലിതങ്ങള്‍’ എന്ന ഗ്രന്ഥം, ഡി.സി. കിഴക്കെമുറിയെ അറിയാവുന്നവരുടെയെല്ലാം മനസ്സില്‍ നിരവധി സ്മരണകള്‍ ഉണര്‍ത്തും. എട്ടുപതിറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഗതിവിഗതികളെല്ലാം തികഞ്ഞ അവധാനതയോടെ സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ രചനകള്‍ കാലത്തിന്റെ കണ്ണാടികള്‍ ആണ്. ആത്മധൈര്യവും നിഷ്‌കളങ്കതയും നര്‍മ്മബോധവും ധര്‍മ്മനിഷ്ഠയും നിയമപാലനവും സഹജീവിസ്‌നേഹവും കൈമുതലായുണ്ടായിരുന്ന ഡിസിയുടെ രചനകള്‍ സാഹിത്യസമ്പന്നവും ചിന്താബന്ധുരവുമായിരുന്നു. അപ്രിയ സത്യങ്ങളള്‍ അദ്ദേഹമെഴുതുമ്പോള്‍, കൂരമ്പുകൊള്ളുന്നവനും സഹിക്കും. ആരെയും സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല, ആരെയും വ്രണപ്പെടുത്താനുമായിരുന്നില്ല, സത്യത്തിന്റെ അനാവരണം ആയിരുന്നു അദ്ദേഹത്തിന്റെ രചനാലക്ഷ്യം.

Textസ്വാതന്ത്ര്യസമരഭടന്‍, അധ്യാപകന്‍, പുസ്തകപ്രസാധനകുലപതി, എസ്.പി.എസ്., എന്‍.ബി.എസ്, ഡിസി ബുക്‌സ്, കറന്റ് ബുക്‌സ് എന്നിവയുടെ ശില്പി. ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, കോളമിസ്റ്റ്, സഞ്ചാരി, രാഷ്ട്രീയ നിരീക്ഷകന്‍, എന്നിങ്ങനെ നാനാനിലകളിലുള്ള നിസ്തന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി വിശ്രമമറിയാതെ ജീവിച്ച ഒരു കര്‍മ്മയോഗിയാണ് ഡി.സി. കിഴക്കെമുറി (1914-1999). മറ്റുള്ളവരെയും കര്‍മ്മനിരതരാക്കാന്‍പോന്ന ഒരൂര്‍ജ്ജപ്രസരണത്തിന്റെ പ്രഭവകേന്ദ്രമായിരുന്നതിനാല്‍ അദ്ദേഹത്തെ അറിയാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല, ആ ജീവിതകാലത്ത്. ആരുടെയും ബലദൗര്‍ബ്ബല്യങ്ങളും സവിശേഷസിദ്ധികളും വേഗത്തില്‍ ഘ്രാണിച്ചറിയാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. പലതലമുറകളില്‍പ്പെട്ട എഴുത്തുകാര്‍ക്ക് അദ്ദേഹം അഭയകേന്ദ്രവുമായിരുന്നു. ശത്രുവിനെപ്പോലും മിത്രമാക്കാന്‍ ആ നോക്കിനും വാക്കിനും കഴിയുമായിരുന്നു. ഉദാരമായ നിസ്സംഗതയോടെ സംഭവങ്ങളെ വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഈ സ്വഭാവസവിശേഷതകള്‍ക്കെല്ലാം സാക്ഷ്യം വഹിക്കുന്ന രചനകളുടെ സമാഹാരമാണ് ഡീസീഫലിതങ്ങള്‍. ഡീസീയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആ മനസ്സ് അറിഞ്ഞിട്ടുള്ള അരവിന്ദന്‍ കെ.എസ്.മംഗലം തിരഞ്ഞെടുത്ത കുറിപ്പുകളില്‍ ചിരിയും ചിന്തയും ഇണങ്ങി വിളങ്ങുന്നു.

സ്വന്തം പേരിന്റെ സവിശേഷതയില്‍നിന്നാണ് കുറിപ്പുകള്‍ ആരംഭിക്കുന്നത്. മദ്രാസ് വിമാനത്താവളത്തില്‍ ഡല്‍ഹിക്കുള്ള വിമാനം കാത്തിരിക്കുന്ന ഡി.സി. കിഴക്കെമുറി
ഉച്ചഭാഷണിയില്‍ കേള്‍ക്കുന്ന വിളി ‘മിസ് ഡി.സി. കിഷ്‌കുമാരി’ എന്നാണ്. ആവര്‍ത്തിച്ചുള്ള വിളി തന്നെയാകാം വിളിക്കുന്നത് എന്ന് സംശയിച്ചതുകൊണ്ട് യഥാസമയം യാത്ര തരപ്പെട്ടു.
ഡീസിയുടെ ശരമേല്‍ക്കുന്നവര്‍ക്ക് പണ്ഡിതപാമര ഭേദമില്ല. പണമോ പദവിയോ ജാതിയോ മതമോ കര്‍മ്മരംഗമോ ഒന്നുമില്ല. രാഷ്ട്രീയ രംഗത്തെ പ്രമുഖരെപ്പറ്റിയുള്ള നിരവധി കുറിപ്പുകളുണ്ട്. അവയിലൊന്ന് മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ വിവരക്കേടാണ്. മുഖ്യമന്ത്രി പട്ടം പി.എസ്. നടരാജപിള്ളയോടു പറയുകയാണ്. ”ഇന്നലെ ഞാന്‍ ലളിതേടേം പത്മിനീടേം ഡാന്‍സ് കണ്ടു. കൈ പൊക്കും, കാലു പൊക്കും. അതു തന്നെ പിന്നേം പിന്നേം. ഒരു രസോമില്ല കാണാന്‍.”

വിവരമില്ലായ്മയ്ക്കു വൈദികരും പിറകിലല്ല എന്നു സമര്‍ത്ഥിക്കുന്ന പല കുറിപ്പുകള്‍ ഇതിലുണ്ട്. ട്രയിനില്‍വച്ച് സുഗതകുമാരിയെ പരിചയപ്പെട്ട വൈദികന്റെ ഭാഷണമാണ് ഒന്ന്. സുഗതകുമാരി എന്ന് ഉറക്കെപ്പറഞ്ഞപ്പോള്‍ വൈദികന്‍ തലകുലുക്കിപ്പറഞ്ഞു: ”മനസ്സിലായി, സുകുമാരി.. സിനിമാതാരം, അല്ലേ?” മറ്റൊന്ന് എ.കെ. ആന്റണിയുടെ അമ്മയുടെ സംസ്‌കാരത്തിന് പള്ളിയില്‍ ചെന്നപ്പോള്‍ കാര്‍മ്മികനായ വൈദികന്‍ പ്രഖ്യാപിച്ചതാണ്. മൃതദേഹം പുറത്തേക്ക് എടുക്കാന്‍ നേരത്തായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിങ്ങനെ: ”സെമിത്തേരിയില്‍ സ്ഥലം കുറവാണ്. അതുകൊണ്ട് ആദ്യം വൈദികരും തുടര്‍ന്ന് കന്യാസ്ത്രീകളും പ്രവേശിക്കണം. അതിനുശേഷം വി.ഐ.പി.കള്‍ക്കു പ്രവേശിക്കാം.” സെമിത്തേരിയില്‍ സ്ഥലം കുറവായതുകൊണ്ട് മുട്ടം ഇടവകയിലുള്ളവര്‍ കഴിയുന്നത്ര മരിക്കാതിരിക്കണമെന്നുകൂടി അച്ചന്‍ പറയുമെന്നു കരുതി. അതുണ്ടായില്ല’ എന്നാണ് ഡിസിയുടെ കമന്റ്. എഴുത്തുകാരെല്ലാം ഡിസിയുടെ സുഹൃത്തുക്കളായിരുന്നു. ഒരു ബഷീറിയന്‍ ഫലിതം വര്‍ത്തമാന സാഹചര്യത്തില്‍ പ്രസക്തമാണ്. ബേപ്പൂരില്‍ സുല്‍ത്താന്റെ വസതിയില്‍ മാങ്കോസ്റ്റിന്‍ മരത്തിന്റെ തണലില്‍ മൂവരും സംസാരിച്ചിരിക്കുമ്പോള്‍ അവിടേക്കുചെന്ന് കസേരയിലിരിപ്പുറപ്പിച്ച ഫാബിയെ നോക്കി ബഷീര്‍, ഡി.സി.യോടു പറയുകയാണ്: ”ഇവളെക്കൂടി കോട്ടയത്തിനു കൊണ്ടുപൊയ്‌ക്കോ. വീട്ടിലോ ഓഫീസിലോ എന്തെങ്കിലും ഒരു ജോലി കൊടുക്ക്. പിന്നെ ഒരു കാര്യം, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയാണെന്ന് പത്രത്തില്‍ പരസ്യപ്പെടുത്തരുത്.”

മലയാളത്തെ നെഞ്ചേറ്റി ലാളിച്ചിരുന്ന ഡി.സി. വാമൊഴിയിലും വരമൊഴിയിലും ഉദാത്ത മാതൃക സൃഷ്ടിച്ചു. ഒരു ജനനസര്‍ട്ടിഫിക്കറ്റിന്റെ കഥ, ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അവള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ്, അതും ഇംഗ്ലിഷില്‍ കൊടുത്ത ക്രൂരത വെളിപ്പെടുത്തുന്നു. ഡി.സി.യുടെ കമന്റ്: ”ആര്‍പ്പൂക്കര മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ മുതല്‍ ഭ്രാന്ത് വരെയുള്ള എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.”

ലാത്തിചാര്‍ജ്ജിനൊക്കുന്ന ഒരു കുറിപ്പുകൂടി. കെ.പി.എ.സി.യുടെ ‘ശാകുന്തളം’ നാടകത്തിന്റെ ആദ്യാവതരണം കണ്ടിട്ട് ഡി.സി. എഴുതുന്നു. നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഭയം, കാളിദാസന്‍ ഇന്ത്യന്‍ കോപ്പിറൈറ്റ് ആക്ടിലെ 22-ാം വകുപ്പനുസരിച്ച് കേസുകൊടുത്താല്‍ ഭാസി ഒന്നാംപ്രതി, പുസ്തകം പ്രസിദ്ധപ്പെടുത്തിയ ഞാന്‍ രണ്ടാംപ്രതി ഇങ്ങനെ വരില്ലേ എന്നായിരുന്നു അവതാരിക എഴുതിയ പ്രൊഫ. എന്‍. കൃഷ്ണപിള്ളയും (ഉദ്ഘാടനം ചെയ്ത) എം.കെ. സാനുവും സാക്ഷികളാവും. പിന്നെ നാടകം പ്രകാശിപ്പിച്ച മലയാറ്റൂര്‍ രാമകൃഷ്ണനും പുസ്തകം ഏറ്റുവാങ്ങിയ പി.കെ.വി.യും കൂടി കേസ് ഉജ്ജയിനിയിലെ കോടതിയിലുമായിരിക്കും.” രാമവര്‍മ്മ കുലശേഖരപ്പെരുമാളിന്റെ സുഭദ്രാധനഞ്ജയം നാടകം വായിച്ചുകേട്ട് തോലന്‍ കോമരത്തിന്റെ രൂപത്തില്‍ വേഷംകെട്ടി നിണമൊലിപ്പിച്ചും അട്ടഹസിച്ചും കൊണ്ട് സഭയിലെത്തി ‘അയ്യോ, എനിക്കിതു സഹിക്കവയ്യേ’ എന്നു പറഞ്ഞുതുള്ളി നിന്നും, കാരണം ആരാഞ്ഞപ്പോള്‍ താന്‍ കാളിദാസന്റെ ശാകുന്തളം നാടകമാണെന്നും പെരുമാള്‍ തന്നെ ചിത്രവധം ചെയ്തതിനാലാണ് ചോര ഒലിക്കുന്നതെന്നും പറഞ്ഞു എന്നുമാണു കഥ.

വായനക്കാര്‍ക്ക് മനഃസംസ്‌കാരം അനുസരിച്ച് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കൃതിയാണ് ഡീസി ഫലിതങ്ങള്‍. വ്യക്തിപരമായ അടുപ്പമുള്ളവര്‍ക്ക് അതിന്റെ തോത് അനുസരിച്ചുണ്ടാകും സ്മരണകള്‍. പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു ഡിസി കിഴക്കേമുറി. അദ്ദേഹം നിര്‍ബന്ധിച്ച് ഞാന്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. എന്റെ ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം പ്രസാധനം ചെയ്തിട്ടുണ്ട്. വ്യക്തിബന്ധത്തിന്റെ സ്മണകളെല്ലാം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഡീസി ഫലിതങ്ങള്‍ക്കു നന്ദി. ആ വലിയ മനുഷ്യന്‍ ഈ പുസ്തകത്തിന്റെ ഓരോ പുറത്തും പോരാ, ഓരോ വാക്യത്തിലും തെളിഞ്ഞു നില്‍ക്കുന്നു എന്നുകൂടി പറയട്ടെ. അരവിന്ദന്‍
കെ.എസ്. മംഗലത്തിന്റെ ശ്രമം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.